Asianet News MalayalamAsianet News Malayalam

വരുന്നൂ കിയ സെല്‍റ്റോസ് എക്‌സ്‌ലൈന്‍

ഇപ്പോഴിതാ സെല്‍റ്റോസിന്റെ എക്‌സ് ലൈന്‍ വേരിയന്റ് പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് കമ്പനി

Kia Seltos XLine Launch Follow Up
Author
Mumbai, First Published Aug 27, 2021, 3:20 PM IST

2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസിനെ  ദക്ഷിണ കൊറിയിന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ആഗോളതലത്തില്‍ തന്നെ ഇന്ത്യയിലാണ് കിയ സെല്‍റ്റോസ് എസ്‌യുവി ആദ്യമായി വിറ്റു തുടങ്ങിയത്. നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുകയാണ് സെല്‍റ്റോസ്. 

ഇപ്പോഴിതാ സെല്‍റ്റോസിന്റെ എക്‌സ് ലൈന്‍ വേരിയന്റ് പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് കമ്പനി എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. സെല്‍റ്റോസിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമായാണ് എക്‌സ്‌ലൈന്‍ എത്തുന്നത്. പുറംമോടിയില്‍ പ്രകടമായ മാറ്റം വരുത്തിയും അകത്തളത്തില്‍ നേരിയ മാറ്റങ്ങളോടെയുമാണ് ഈ വാഹനം എത്തിയിട്ടുള്ളത്. അടുത്ത മാസം ഈ വാഹനം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സെല്‍റ്റോസിന്റെ മറ്റ് വേരിയന്റുകളെക്കാള്‍ പ്രകടമായ മാറ്റമാണ് ഈ വാഹനത്തിന്റെ ലുക്കില്‍ വരുത്തിയിട്ടുള്ളത്. ഡാര്‍ക്ക് ഗണ്‍മെറ്റല്‍ ഗ്രേ നിറമാണ് ഇതില്‍ പ്രധാനം. ഇതിനൊപ്പം ഗ്ലോസി ബ്ലാക്ക് ആക്‌സെന്റുകളും ഓറഞ്ച് നിറത്തിലുള്ള അലങ്കാരങ്ങളും എക്‌സ്റ്റീരിയറില്‍ നല്‍കിയിട്ടുണ്ട്. ഗ്ലോസി ബ്ലാക്ക് ഗ്രില്ല്, ബ്ലാക്ക് സ്‌മോഗ്ഡ് ഹെഡ്‌ലാമ്പ്, ഡിസൈന്‍ മാറ്റമുള്ള ബമ്പര്‍, പുതിയ അലോയി, ബ്ലാക്ക് നിറത്തിലുള്ള റിയര്‍വ്യൂ മിറര്‍ എന്നിവ സൗന്ദര്യത്തിന്റെ മാറ്റുകൂട്ടുന്നുണ്ട്.

നിലവില്‍ GTX+ വേരിയന്റാണ് സെല്‍റ്റോസ് നിരയിലെ ഏറ്റവും ഉയര്‍ന്ന വകഭേദം. ഈ വാഹനത്തിന് 16.65 ലക്ഷം രൂപ മുതല്‍ 17.85 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. ഈ വാഹനത്തിന്റെയും മുകളിലാണ് എക്‌സ്‌ലൈനിന്റെ സ്ഥാനം. അതുകൊണ്ടുതന്നെ ഉയര്‍ന്ന വിലയും ഈ വാഹനത്തിന് പ്രതീക്ഷിക്കാം. 2020-ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഈ വാഹനത്തിന്റെ കണ്‍സെപ്റ്റ് മോഡല്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തിയത്. 

കൂടുതല്‍ ഡാര്‍ക്ക് ആണെന്നത് മാത്രമാണ് അകത്തളത്തെ മാറ്റ് മോഡലില്‍ നിന്ന് വേറിട്ടതാക്കുന്നത്. ഡിസൈന്‍ മറ്റ് വേരിയന്റുകള്‍ക്ക് സമാനമാണ്. യു.വി.ഒ. കണക്ടഡ് കാര്‍ ഫീച്ചറുകളുള്ള 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എയര്‍ പ്യൂരിഫിക്കേഷന്‍ സംവിധാനം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സണ്‍റൂഫ് എന്നിവ നിലവിലെ ഉയര്‍ന്ന വേരിയന്റില്‍ നിന്ന് കടംകൊണ്ടവയാണ്. സീറ്റുകളും മറ്റും കറുപ്പ് നിറത്തിലുള്ള തുകലില്‍ പൊതിഞ്ഞാണ് ഒരുക്കിയിട്ടുള്ളത് അകത്തളത്തിന് ആഡംബര ഭാവം നല്‍കുന്നുണ്ട്.

മെക്കാനിക്കലായി പുതുമകള്‍ നല്‍കാതെയായിരിക്കും സെല്‍റ്റോസ് എക്‌സ്‌ലൈന്‍ എത്തുകയെന്നാണ് വിവരം. 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നിവയായിരിക്കും ഈ മോഡലിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 138 ബി.എച്ച്.പി. പവറും 242 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ചാണ് ഇതിലെ ട്രാന്‍സ്മിഷന്‍. ഡീസല്‍ എന്‍ജിന്‍ 113 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമേകും. ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച് രണ്ടു വർഷത്തിനുള്ളിൽ രണ്ടു ലക്ഷം സെൽറ്റോസ് എസ്‌യു വികൾ വിറ്റുപോയതായിട്ടാണ് പുതിയ കണക്കുകള്‍. ഈ കാലയളവിനിടയില്‍ കണക്റ്റഡ് കാർ സാങ്കേതികവിദ്യയുള്ള ഒന്നര ലക്ഷം വാഹനങ്ങളും കമ്പനി വിറ്റഴിച്ചെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹ്യുണ്ടായി മോട്ടോർ കമ്പനിയുടെ സഹസ്ഥാപനമായ കിയയുടെ ഇന്ത്യയിലെ ഇതുവരെയുള്ള വിൽപന മൂന്നു ലക്ഷം യൂണിറ്റ് പിന്നിട്ടെന്നാണു കണക്കുകള്‍. ഇതില്‍ മൊത്തം വിൽപനയിൽ 66 ശതമാനത്തോളം സെൽറ്റോസിന്റെ സംഭാവനയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

സെൽറ്റോസിന്റെ മുന്തിയ വകഭേദങ്ങളാണു വിൽപനയിൽ 58 ശതമാനത്തോളം നേടിയെടുത്തതെന്നും കിയ ഇന്ത്യ വ്യക്തമാക്കുന്നു. ആകെ വിറ്റതിൽ 35% സെൽറ്റോസും’ ഓട്ടമാറ്റിക് മോഡലുകളാണ്. എസ്‌യുവിയുടെ വിൽപനയിൽ 45% ആയിരുന്നു ഡീസൽ എൻജിനുള്ള മോഡലുകളുടെ വിഹിതം. കഴിഞ്ഞ വർഷം ജൂലൈയിലാണു കിയ ഇന്ത്യയുടെ ആഭ്യന്തര വിപണിയിലെ മൊത്തം വിൽപന ആദ്യ ലക്ഷം തികഞ്ഞത്; 2021 ജനുവരിയിൽ കമ്പനിയുടെ വിൽപന രണ്ടു ലക്ഷം യൂണിറ്റും ഈ മാസം മൂന്നു ലക്ഷം യൂണിറ്റും പിന്നിട്ടു. 2021 മോഡല്‍ സെല്‍റ്റോസ് എസ്‌യുവിയെ മെയ് മാസത്തിലാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. അടുത്തിടെ അനാവരണം ചെയ്‍ത പുതിയ ലോഗോ നല്‍കിയതുകൂടാതെ പുതിയ ഫീച്ചറുകളും മറ്റും നല്‍കി എസ്‌യുവിയുടെ എല്ലാ വേരിയന്റുകളും പരിഷ്‌കരിച്ചു. ആകെ പതിനേഴ് പുതിയ മെച്ചപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. ഇവയില്‍ പല ഫീച്ചറുകളും സെഗ്‌മെന്റില്‍ ഇതാദ്യമാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios