Asianet News MalayalamAsianet News Malayalam

കിയയുടെ മൂന്നാമന്‍, ലോഞ്ച് വിവരങ്ങള്‍ പുറത്ത്

കിയ മോട്ടോഴ്‌സിന്‍റെ ഇന്ത്യയിലെ മൂന്നാമനായ സോണറ്റ് സബ്-കോംപാക്ട് എസ്‌യുവിയുടെ ലോഞ്ച് വിവരങ്ങള്‍ പുറത്തുവിട്ട് കമ്പനി

Kia Sonet launch details in India confirmed
Author
Mumbai, First Published Jul 16, 2020, 10:30 AM IST

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സിന്‍റെ ഇന്ത്യയിലെ മൂന്നാമനായ സോണറ്റ് സബ്-കോംപാക്ട് എസ്‌യുവി ഓഗസ്റ്റ് ഏഴിന് ഇന്ത്യന്‍ വിപണയില്‍ അവതരിപ്പിക്കും. ഓണ്‍ലൈനിലൂടെയായിരിക്കും വാഹനത്തിന്‍റെ അവതരണം.  ആഗോള അവതരണമായിരിക്കും ഇന്ത്യയില്‍ നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

നിലവില്‍ സോണറ്റിന്‍റെ പരീക്ഷണയോട്ടം പുരോഗമിക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ ക്ലച്ച്ലെസ് മാനുവൽ വാഹനം ആയിരിക്കും സോണറ്റ്. സോണറ്റിന്റെ 1.0 ലിറ്റർ എൻജിൻ പതിപ്പിനൊപ്പമായിരിക്കും ഇന്റലിജെന്റ് മാനുവൽ ട്രാൻസ്മിഷൻ എന്ന് കിയ വിശേഷിപ്പിക്കുന്ന ഈ ഗിയർബോക്സ് നൽകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പല വാഹന നിർമാതാക്കളും ആഗോള നിരത്തുകളിൽ ക്ലെച്ച്‌ലെസ് മാനുവൽ വാഹനങ്ങൾ എത്തിച്ചിട്ടുണ്ടെങ്കിലും ഇത് ഇന്ത്യയിൽ ഏതാനും ഇരുചക്ര വാഹനങ്ങളിൽ മാത്രമാണ് പരീക്ഷിക്കപ്പെട്ടിട്ടുള്ളത്.

മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര എക്സ്യുവി 300, ഫോർഡ് ഇക്കോ സ്പോട്ട് തുടങ്ങിയ വാഹനങ്ങളായിരിക്കും എതിരാളികൾ. മുഖ്യ എതിരാളിയായ വെന്യുവിന്റെ പ്ലാറ്റ്ഫോം തന്നെയായിരിക്കും സോണറ്റിനും അടിസ്ഥാനമൊരുക്കുക. പുതിയ ട്രാൻസ്മിഷൻ സംവിധാനം കൂടാതെ ഇന്ത്യയിൽ മറ്റു വാഹനങ്ങളിൽ ഇല്ലാത്ത നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായായിരിക്കും ഈ വാഹനം അവതരിപ്പിക്കുക.

ഹരിയാനയിലെ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന പ്രൊഡക്ഷന്‍ പതിപ്പിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. വളരെ ഷാര്‍പ്പ് ആയിട്ടുള്ള സൈഡ് പ്രൊഫൈല്‍ കാണാം. വിന്‍ഡോ ലൈന്‍, ഡ്യുവല്‍ ടോണ്‍ അലോയി വീലുകള്‍, റൂഫ് റെയിലുകള്‍ എന്നിവയാണ് ചിത്രങ്ങളിൽ കാണാന്‍ സാധിക്കുന്ന മറ്റ് സവിശേഷതകള്‍. 2020 ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് കിയ സോണറ്റ് പ്രദര്‍ശനത്തിനെത്തിയത്. ഇതിനുപിന്നാലെ ഈ വാഹനം പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങളും പലപ്പോഴായി പുറത്തുവന്നിരുന്നു.

കിയ മോട്ടോഴ്‌സിന്റെ ഏറ്റവും ചെറിയ എസ്‌യുവി ആയിരിക്കും സോണറ്റ്. ബോള്‍ഡ് ആയിട്ടുള്ള ഡിസൈനിങ്ങാണ് ഈ വാഹനത്തിന്. കിയയുടെ സിഗ്‌നേച്ചര്‍ ടൈഗര്‍ നോസ് ഗ്രില്ല്, എല്‍ഇഡി ഹെഡ് ലാമ്പ്, ടൈഗര്‍ ഐ-ലൈന്‍ ഡിആര്‍എല്‍, മസ്‌കുലര്‍ ബമ്പര്‍, വിശലായമായ എയര്‍ഡാം,സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് സോണിറ്റിന്റെ മുന്‍ഭാഗത്തെ അലങ്കരിക്കുന്നത്. ടെയില്‍ ലാമ്പ്, എല്‍ഇഡി സ്ട്രിപ്പ്, സ്പോയിലര്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍ എന്നിവ പിന്നിലും നല്‍കിയിട്ടുണ്ട്.

ഹ്യുണ്ടായിയുടെ കോംപാക്ട് എസ്യുവിയായ വെന്യുവിന്റെ അതേ പ്ലാറ്റ്ഫോമും എഞ്ചിൻ ഗിയർബോക്സ് കോമ്പിനേഷൻസും ആയിരിക്കും ഉണ്ടായിരിക്കുക. കോംപാക്ട് എസ്യുവി ശ്രേണിയിലേക്ക് അവതരിപ്പിക്കുന്നത് കൊണ്ട് നാലു മീറ്ററിൽ താഴെ മാത്രം നീളമുള്ള വാഹനങ്ങളുടെ എക്സൈസ് ഡ്യൂട്ടി ഇളവുകളും മറ്റു ആനുകൂല്യങ്ങളെല്ലാം ഈ വാഹനത്തിന് ലഭിക്കും. എൻജിനും പ്ലാറ്റ്ഫോമും വെന്യുവിന്റെത് തന്നെയാണെങ്കിലും വെന്യുവിനേക്കാൾ മസ്കുലർ ആയ ഒരു ഡിസൈൻ ആയിരിക്കും സോണററ്റിന്.

ഇന്ത്യയില്‍ കടുത്ത മത്സരം നടക്കുന്ന ശ്രേണിയിലേക്കാണ് കിയ സോണറ്റ് എത്തുന്നത്.  അവതരണം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ സോണറ്റ് നിരത്തുകളിലെത്തി തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആദ്യം ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയ ശേഷമായിരിക്കും ആഗോള വിപണിയില്‍ ഈ വാഹനം എത്തിക്കുകയെന്നാണ് റിപ്പോര്‍ട്ട്. കിയ ഇന്ത്യയിലെത്തിച്ച ആദ്യ വാഹനമായ സെല്‍റ്റോസ് ഇവിടെയെത്തി ആറ് മാസങ്ങള്‍ക്ക് ശേഷമാണ് അമേരിക്കന്‍ വിപണിയില്‍ എത്തിയത്.

Follow Us:
Download App:
  • android
  • ios