കിയയുടെ ഇന്ത്യയിലെ മൂന്നാമത്തെ വാഹനം സോണറ്റ് കോംപാക്ട് എസ്‌യുവിയുടെ അവതരണം ഓഗസ്റ്റ് ഏഴിനാണ് നടക്കുന്നത്.  ആഗോള അരങ്ങേറ്റത്തിന് ശേഷം സോണറ്റ് കോംപാക്‌ട് എസ്‌യുവി ഈ ഉത്സവ സീസണിൽ തന്നെ ഇന്ത്യൻ വിപണിയിലെത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ കമ്പനി.

കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ സോനെറ്റ് ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്. എസ്‌യുവിയുടെ ഡിസൈൻ ചിത്രങ്ങളിലും കമ്പനി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഹ്യുണ്ടായിയുടെ വെന്യുവിന് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്‌ഫോമില്‍ തന്നെയായിരിക്കും സോണറ്റും എത്തുന്നത്.  കിയയുടെ സിഗ്‌നേച്ചര്‍ ടൈഗര്‍ നോസ് ഗ്രില്ല്, എല്‍ഇഡി ഹെഡ് ലാമ്പ്, ടൈഗര്‍ ഐലൈന്‍ ഡിആര്‍എല്‍, മസ്‌കുലര്‍ ബമ്പര്‍, വിശലായമായ എയര്‍ഡാം,സ്‌കിഡ് പ്ലേറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് സോണിറ്റിന്റെ മുന്‍ഭാഗം.

1.2 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ എന്നീ പെട്രോള്‍ എന്‍ജിനുകളും 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് സോണറ്റ് പുറത്തിറങ്ങുന്നത്. ഹ്യുണ്ടായി വെന്യുവിലേതിന് സമാനമായി അഞ്ച്, ആറ് സ്പീഡുകളിലുള്ള മാനുവല്‍ ഗിയര്‍ബോക്‌സ്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്നിവയാണ് കിയ സോണറ്റില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. വാഹനത്തിന്റെ 1.0 ലിറ്റർ എൻജിൻ പതിപ്പിനൊപ്പം ഇന്റലിജെന്റ് മാനുവൽ ട്രാൻസ്മിഷൻ എന്ന് കിയ വിശേഷിപ്പിക്കുന്ന പുത്തന്‍ ഗിയർബോക്സ് നൽകും എന്നും റിപ്പോര്‍ട്ടുകളുണ്ട്.