ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ഇന്ത്യയിലെ മൂന്നാമത്തെ വാഹനം സോണറ്റ് കോംപാക്ട് എസ്‌യുവിയുടെ പരീക്ഷണയോട്ടത്തിന്‍റെ ചിത്രങ്ങള്‍ വീണ്ടും പുറത്ത്. വാഹനം ബിഎസ് 6 എമിഷന്‍ ടെസ്റ്റ് നടത്തുന്നതിനിടെയാണ് ഇത്തവണ ക്യാമറയില്‍ കുടുങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ ഓട്ടോ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണ് പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

ഇതിനോടകം തന്നെ വാഹനത്തിന്റെ നിരവധി ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. നിരവധി തവണ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് നേരത്തെയും പുറത്തുവന്നത്. പിന്നാലെ ടീസര്‍ ചിത്രങ്ങളും കമ്പനി വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം വാഹനത്തിന്റെ പുറമേ നിന്നുള്ള ചിത്രങ്ങള്‍ ആയിരുന്നെങ്കില്‍ ഇത്തവണ വാഹനത്തിന്റെ അകത്തളം വ്യക്തമാക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. സെന്റര്‍ കണ്‍സോള്‍ ഉള്‍പ്പെടെ ഇതില്‍ വ്യക്തമാണ്.

കിയ സെല്‍റ്റോസിന് സമാനമായിരിക്കും ഏറെക്കുറെ സോണറ്റിലെയും അകത്തളം എന്നാണ് റിപ്പോര്‍ട്ടുകള്‍. സെല്‍റ്റോസിന്റെ അതേ സ്റ്റിയറിംഗ് വീലും ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും സോനെറ്റിന് ലഭിക്കുന്നു. ഇന്‍സ്ട്രുമെന്റ് കണ്‍സോളും ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനിനുമെല്ലാം സെല്‍റ്റോസില്‍ കണ്ടിരിക്കുന്ന അതേ ഡിസൈനില്‍ തന്നെയാണ് സോനെറ്റിലും ഒരുങ്ങുക. 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ സോനെറ്റിന് അതിന്റെ സെഗ്മെന്റിലെ ഏറ്റവും വലിയ ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ സമ്മാനിക്കുന്നു. അതേസമയം സെല്‍റ്റോസില്‍ കണ്ട 7 ഇഞ്ച് എംഐഡി (MID) സോനെറ്റില്‍ നല്‍കിയിട്ടില്ല. ഡിജിറ്റല്‍ സ്പീഡോ റീഡ് ഔട്ടിനൊപ്പം ഒരു ചെറിയ മള്‍ട്ടി-കളര്‍ ഡിസ്‌പ്ലേ വാഹനത്തിന് ലഭിക്കുന്നു. കൂടാതെ, സെല്‍റ്റോസില്‍ നിന്ന് ധാരാളം ബട്ടണുകള്‍ കടമെടുക്കുന്നു.

ലംബമായി ചതുരാകൃതിയിലുള്ള രൂപകല്‍പ്പനയിലാണ് ഏസി വെന്‍റുകള്‍. സെന്റര്‍ കണ്‍സോളിലെത്തുമ്പോള്‍ ഇതിന് നേരായ രൂപകല്‍പ്പന ലഭിക്കുന്നു. ക്ലൈമറ്റ് കണ്‍ട്രോള്‍, ഹസാര്‍ഡ് ലാമ്പുകള്‍ എന്നിവയ്ക്കായുള്ള സ്വിച്ചുകളും ഇവിടെയാണ് നല്‍കിയിരിക്കുന്നത്. സ്റ്റിയറിംഗ് വീലിന്റെ ഏറ്റവും താഴത്തെ ഭാഗത്ത് ഒരു GT ലൈന്‍ ബാഡ്ജും കാണാം. ഇന്റീരിയറിന്റെ തീം GT ലൈന്‍ ബാഡ്‍ജുമായി യോജിച്ച് നിലനിര്‍ത്തുന്നതിന്, കോണ്‍ട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗിനൊപ്പം കറുത്ത തീം ഉള്ള ഇന്റീരിയര്‍ ലഭിക്കുന്നു. 

ബോസ് സൗണ്ട് സിസ്റ്റം, ഇലക്ട്രിക് വണ്‍-ടച്ച് സണ്‍റൂഫ്, സ്റ്റിയറിംഗ് മൗണ്ട് ഓഡിയോ സ്വിച്ചുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, യുവിഒ കണക്റ്റുചെയ്ത കാര്‍ സവിശേഷതകള്‍, ക്രമീകരിക്കാവുന്ന ഒആര്‍വിഎമ്മുകള്‍, വയര്‍ലെസ് ചാര്‍ജിങ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, കീലെസ് എന്‍ട്രി, സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ബട്ടണ്‍എന്നിങ്ങനെയാണ് വാഹനത്തിലെ മറ്റ് ഫീച്ചറുകള്‍. ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ് വിത്ത് ഇബിഡി, ഇഎസ്പി (ESP), ടിപിഎംഎസ് (TPMS) ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, 6 എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നീ സുരക്ഷാ സംവിധാനങ്ങളും വാഹനത്തില്‍ ഇടംപിടിക്കും.

ഓഗസ്റ്റ് ഏഴിനാണ് വാഹനത്തെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. കിയ മോട്ടോഴ്‌സിന്റെ ഏറ്റവും ചെറിയ എസ്‌യുവി ആയിരിക്കും സോണറ്റ്. ബോള്‍ഡ് ആയിട്ടുള്ള ഡിസൈനിങ്ങാണ് ഈ വാഹനത്തിന്.  ഹ്യുണ്ടായിയുടെ വെന്യുവിന് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്‌ഫോമില്‍ തന്നെയായിരിക്കും സോണറ്റും എത്തുന്നത്.  സോണറ്റിന്റെ പിന്‍ഭാഗത്തെ ഡിസൈനും ഡിആര്‍എല്ലും ഒഴിച്ചുനിര്‍ത്തി മറ്റ് ഡിസൈന്‍ ശൈലികള്‍ വെളിപ്പെടുത്താതെയാണ് കിയ മോട്ടോഴ്‌സ് നേരത്തെ സോണറ്റിന്റെ ടീസര്‍ പുറത്തുവിട്ടത്. കിയയുടെ സിഗ്‌നേച്ചര്‍ ടൈഗര്‍ നോസ് ഗ്രില്ല്, എല്‍ഇഡി ഹെഡ് ലാമ്പ്, ടൈഗര്‍ ഐലൈന്‍ ഡിആര്‍എല്‍, മസ്‌കുലര്‍ ബമ്പര്‍, വിശലായമായ എയര്‍ഡാം,സ്‌കിഡ് പ്ലേറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് സോണിറ്റിന്റെ മുന്‍ഭാഗമെന്നാണ് നേരത്തെ പുറത്തുവന്ന മറ്റു ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. 

ആഡംബര വാഹനങ്ങളോട് കിടപിടക്കുന്നതാണ് പിന്‍ഭാഗം. എല്‍ഇഡി ടെയില്‍ലാമ്പ്, ഈ ലൈറ്റുകളെ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്ന എല്‍ഇഡി സ്ട്രിപ്പ്, സില്‍വര്‍ ഫിനീഷിങ്ങിലുള്ള സ്‌കിഡ് പ്ലേറ്റും റിഫഌറും നല്‍കിയുള്ള മസ്‌കുലര്‍ ബംമ്പര്‍, റൂഫിനൊപ്പമുള്ള സ്‌പോയിലര്‍ തുടങ്ങിയവയാണ് പിന്‍ഭാഗത്തെ ആകര്‍ഷകമാക്കുന്നത്. 

1.2 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ എന്നീ പെട്രോള്‍ എന്‍ജിനുകളും 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് സോണറ്റ് പുറത്തിറങ്ങുന്നത്. ഹ്യുണ്ടായി വെന്യുവിലേതിന് സമാനമായി അഞ്ച്, ആറ് സ്പീഡുകളിലുള്ള മാനുവല്‍ ഗിയര്‍ബോക്‌സ്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്നിവയാണ് കിയ സോണറ്റില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. വാഹനത്തിന്റെ 1.0 ലിറ്റർ എൻജിൻ പതിപ്പിനൊപ്പം ഇന്റലിജെന്റ് മാനുവൽ ട്രാൻസ്മിഷൻ എന്ന് കിയ വിശേഷിപ്പിക്കുന്ന പുത്തന്‍ ഗിയർബോക്സ് നൽകും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Image Courtesy: India Auto