രാജ്യത്തെ കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് കിയ മോട്ടോഴ്‍സില്‍ നിന്നുള്ള ഏറ്റവും പുതിയ മോഡലാണ് സോണറ്റ്.  കിയയുടെ ഇന്ത്യയിലെ മൂന്നാമത്തെ വാഹനമായ സോണറ്റിന്‍റെ കണ്‍സെപ്റ്റ് പതിപ്പിനെ 2020 ഓട്ടോ എക്‌സ്‌പോയിലാണ് കമ്പനി ആദ്യമായി അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 18-നാണ് സോണറ്റ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. 

അവതരിപ്പിച്ച് രണ്ട് മാസത്തിനുള്ളില്‍ 50,000 ബുക്കിങ്ങ് വാഹനം സ്വന്തമാക്കിയ വാഹനത്തിന്‍റെ കയറ്റുമതിക്കും തുടക്കും കുറിച്ചിരിക്കുകയാണ് കമ്പനി എന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് കിയ മോഡലുകളിൽ നിന്നും വ്യത്യസ്‌തമായ സോനെറ്റിന്റെ ഉത്പാദനം ഇന്ത്യയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മെയ്‌ഡ് ഇൻ ഇന്ത്യ കിയ സോനെറ്റ് മറ്റ് 70 ഓളം രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുമെന്ന് കമ്പനി നേരത്തെ തന്നെ അറിയിച്ചിരുന്നു. ഈ പദ്ധതിക്കാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്. 

ബുക്കിംഗ് തുടങ്ങി ആദ്യ ദിവസം തന്നെ സോണറ്റ് കിയയുടെയും വാഹനലോകത്തിന്റെയും കണ്ണുതള്ളിച്ചിരുന്നു. അമ്പരപ്പിക്കുന്ന വേഗതയിലായിരുന്നു ബുക്കിംഗ്. ഏകദേശം 6523 ബുക്കിംഗുകളാണ് സോണറ്റിനെ ആദ്യദിവസം തേടിയെത്തിയത്. നിലവില്‍ ഓരോ രണ്ട് മിനിറ്റ് കൂടുമ്പോഴും ഒരു സോണറ്റ് വിറ്റഴിക്കപ്പെടുന്നുവെന്നാണ് കണക്ക്. നിലവിൽ നാലു മുതൽ പത്ത് ആഴ്‍ചകൾ വരെയാണ് ബുക്ക് ചെയ്‍ത് സോണറ്റിനായി കാത്തിരിക്കേണ്ടത്. ടോപ്പ് എൻഡ് ഓട്ടോമാറ്റിക് പെട്രോൾ, ഡീസൽ വേരിയന്റുകൾക്കാണ് വിപണിയിൽ ഏറ്റവും ഡിമാന്റുള്ളതെന്ന് കിയ വ്യക്തമാക്കിയിരുന്നു. 

ജിടി ലൈന്‍, ടെക് ലൈന്‍ എന്നീ രണ്ട് വേരിയന്റുകളുമായാണ് വാഹനം വിപണിയിലെത്തുന്നത്. കണ്‍സെപ്റ്റ് മോഡലില്‍ നല്‍കിയിരുന്നതിന് സമാനമായി ടൈഗര്‍ നോസ് ഗ്രില്ലാണ് ഇതിലുള്ളത്. ഹെഡ്‌ലൈറ്റ്, ഡിആര്‍എല്‍, ഫോഗ്‌ലാമ്പ് എന്നിവ എല്‍ഇഡിയിലാണ് തീര്‍ത്തിരിക്കുന്നത്. ബംമ്പറിന്റെ താഴേക്ക് വരുമ്പോള്‍ ഹണികോംമ്പ് ഡിസൈനിലുള്ള എയര്‍ഡാം ഇതിനുതാഴെയായി റെഡ് ലൈനും നല്‍കിയിട്ടുണ്ട്.

വളരെ സ്പോർട്ടിയും അഗ്രസീവുമായ രൂപകൽപ്പനയാണ് കിയ സോണറ്റിനുള്ളത്. നിർമ്മാതാക്കളുടെ സിഗ്നേച്ചർ ടൈഗർ നോസ് ഗ്രില്ല്, ഇരു വശത്തുമായി ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളും എൽഇഡി ഡിആർഎല്ലുകളുമുള്ള ക്രൗൺ-ജുവൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി പ്രൊജക്ടർ ഫോഗ് ലാമ്പുകൾ എന്നിവ വാഹനത്തിന്റെ മുൻവശത്തെ ആകർഷകമാക്കുന്നു.

ഡ്യുവൽ-ടോൺ അലോയി വീലുകൾ, റൂഫ് റെയിലുകൾ, ചങ്കി ബോഡി ക്ലാഡിംഗ് എന്നിവയും വാഹനത്തിൽ ഒരുക്കിയിരിക്കുന്നു. അഗ്രസ്സീവായി കാണപ്പെടുന്ന ഫ്രണ്ട് ഫാസിയയുമായി കിയ കോംപാക്ട്-എസ്‌യുവിക്ക് ഗംഭീരമായ ക്യാരക്ടർ നൽകി. പിന്നിൽ ഇന്റഗ്രേറ്റഡ് സ്പോയിലറും ഹാർട്ട്ബീറ്റ് എൽഇഡി ടെയിൽ ലാമ്പുകളും, ഇരു ടെയിൽ ലാമ്പുകളെ ബന്ധിപ്പിക്കുന്ന എൽഇഡി ലൈറ്റ് ബാറുമായിട്ടാണ് എസ്‌യുവി വരുന്നത്.

ഹ്യുണ്ടായി വെന്യുവിലെ 1.5-ലിറ്റർ ടർബോ-ഡീസൽ, 1.2 പെട്രോൾ, 1.0-ലിറ്റർ GDI ടർബോ-പെട്രോൾ എന്നിങ്ങനെ 3 എൻജിൻ ഓപ്ഷനുകളാണ് കിയ സോണറ്റിലും. 5-സ്പീഡ് മാന്വൽ, 6 സ്പീഡ് മാന്വൽ, 7 സ്പീഡ് ഡിസിടി എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ. ഇത് കൂടാതെ ഇന്റലിജന്റ് മാന്വൽ ട്രാൻസ്മിഷൻ (ഐഎംടി)-ലും കിയ സോണറ്റ് വിപണിയില്‍ എത്തും.