Asianet News MalayalamAsianet News Malayalam

വേള്‍ഡ് കാര്‍ പുരസ്‍കാരം സ്വന്തമാക്കി കിയ ടെല്യുറൈഡ്

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ടെല്യുറൈഡ് എസ്‍യുവിയാണ് ഈ വര്‍ഷത്തെ വേള്‍ഡ് കാര്‍.

Kia Telluride named World Car of the Year
Author
Mumbai, First Published Apr 12, 2020, 10:30 AM IST

ഈ വര്‍ഷത്തെ വേള്‍ഡ് കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ടെല്യുറൈഡ് എസ്‍യുവിയാണ് ഈ വര്‍ഷത്തെ വേള്‍ഡ് കാര്‍. മൂന്നു നിര സീറ്റുകളോടെ നിര്‍മിച്ച കിയ മോട്ടോഴ്‌സിന്റെ ഫുള്‍ സൈസ് എസ് യുവിയാണ് ടെല്യുറൈഡ്. മാസ്ഡ 3, മാസ്ഡ സിഎക്‌സ് 30 എന്നീ കാറുകളെ മറികടന്നാണ് കിയ ടെല്യുറൈഡ് ചാമ്പ്യന്‍ പട്ടം നേടിയത്. ആകെ 29 വാഹനങ്ങളാണ് 2020 വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിന് മല്‍സരിച്ചിരുന്നത്.

86 പേരടങ്ങുന്ന ആഗോള ജൂറിയാണ് 2020 വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് വിജയികളെ തെരഞ്ഞെടുത്തത്. ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ വിജയികളെ പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓട്ടോ ഷോ ഉപേക്ഷിച്ചിരുന്നു. ഇതേതുടര്‍ന്ന് ലൈവ് സ്ട്രീം സംവിധാനത്തിലൂടെ ഓണ്‍ലൈന്‍ വഴിയാണ് വിവിധ വിഭാഗത്തിലെ വിജയികളെ പ്രഖ്യാപിച്ചത്.

വേള്‍ഡ് അര്‍ബന്‍ കാറായി കിയ സോള്‍ ഇവി തെരഞ്ഞെടുക്കപ്പെട്ടു. പുതു തലമുറ കിയ സോള്‍ ഇവി പൂര്‍ണ വൈദ്യുത വാഹനമായും ലഭ്യമാണ്. ഈ മോഡലാണ് വേള്‍ഡ് അര്‍ബന്‍ കാര്‍ പുരസ്‌കാരം നേടിയത്. പൂര്‍ണ വൈദ്യുത വാഹനമായ മിനി കൂപ്പര്‍ എസ്ഇ, ഫോക്‌സ് വാഗണ്‍ ടി ക്രോസ് എന്നീ കാറുകളെയാണ് കിയ സോള്‍ ഇവി പിന്തള്ളിയത്. ഇതാദ്യമായാണ് കിയ മോട്ടോഴ്‌സിന്റെ വാഹനങ്ങള്‍ വേള്‍ഡ് കാര്‍ അവാര്‍ഡുകള്‍ നേടുന്നത്. ടെല്യുറൈഡ്, സോള്‍ ഇവി എന്നീ രണ്ട് മോഡലുകള്‍ അംഗീകാരം നേടിയതോടെ ദക്ഷിണ കൊറിയന്‍ കമ്പനിയുടെ സന്തോഷം ഇരട്ടിച്ചു.

വേള്‍ഡ് പെര്‍ഫോമന്‍സ് കാര്‍ വിഭാഗത്തില്‍ മികച്ച മൂന്ന് ഫൈനലിസ്റ്റുകളും പോര്‍ഷ മോഡലുകളായിരുന്നു. പോര്‍ഷ 718 സ്‌പൈഡര്‍/പോര്‍ഷ 718 കെയ്മന്‍ ജിടി4, പുതു തലമുറ പോര്‍ഷ 911, പോര്‍ഷ ടൈകാന്‍ എന്നിവ. ഇതില്‍ പോര്‍ഷ ടൈകാന്‍ മോഡലാണ് വേള്‍ഡ് പെര്‍ഫോമന്‍സ് കാറായി തെരഞ്ഞെടുക്കപ്പെട്ടത്. വേള്‍ഡ് പെര്‍ഫോമന്‍സ് കാര്‍ വിഭാഗത്തില്‍ ഇത് ആറാം തവണയാണ് പോര്‍ഷ വിജയ കിരീടമണിയുന്നത്.

വേള്‍ഡ് ലക്ഷ്വറി കാര്‍ പുരസ്‌കാരവും പോര്‍ഷ ടൈകാന്‍ സ്വന്തമാക്കി. ഈ വര്‍ഷത്തെ വേള്‍ഡ് കാര്‍ ഡിസൈന്‍ അവാര്‍ഡ് മാസ്‍ദ 3 കരസ്ഥമാക്കി.

വേള്‍ഡ് കാര്‍, വേള്‍ഡ് അര്‍ബന്‍ കാര്‍, വേള്‍ഡ് ലക്ഷ്വറി കാര്‍, വേള്‍ഡ് പെര്‍ഫോമന്‍സ് കാര്‍, വേള്‍ഡ് കാര്‍ ഡിസൈന്‍ എന്നീ അഞ്ച് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ഫെബ്രുവരിയില്‍ നടന്ന ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഓരോ വിഭാഗത്തിലെയും അഞ്ച് വീതം ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചിരുന്നു. പിന്നീട് മാര്‍ച്ച് ആദ്യ വാരം ടോപ് ത്രീ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. ജനീവ മോട്ടോര്‍ ഷോയിലാണ് മികച്ച മൂന്ന് ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് 19നെ തുടര്‍ന്ന് ജനീവ മോട്ടോര്‍ ഷോ ഉപേക്ഷിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios