Asianet News MalayalamAsianet News Malayalam

മൂന്നാമനെയും അവതരപ്പിച്ച് കിയ; ഉടന്‍ നിരത്തിലുമെത്തും

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സ് ഇന്ത്യയിലെ തങ്ങളുടെ മൂന്നാമനെയും അവതരിപ്പിച്ചു.

Kia unveils Sonet compact SUV concept
Author
Greater Noida, First Published Feb 5, 2020, 3:51 PM IST

ദില്ലി: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സ് ഇന്ത്യയിലെ തങ്ങളുടെ മൂന്നാമനെയും അവതരിപ്പിച്ചു. നടന്നു കൊണ്ടിരിക്കുന്ന ദില്ലി ഓട്ടോ എക്സ്‍പോയിലാണ് സോണറ്റ് എന്ന സബ് കോംപാക്ട് എസ്‌യുവിയുടെ കണ്‍സെപ്റ്റ് മോഡല്‍ കമ്പനി പ്രദര്‍ശിപ്പിച്ചത്. 

നിലവില്‍ ക്യുവൈഐ എന്ന് കോഡ് നാമം നല്‍കിയിരിക്കുന്ന വാഹനം സോണറ്റ് എന്ന പേരില്‍ ഈ വര്‍ഷത്തെ ഉത്സവ സീസണോടനുബന്ധിച്ച് വിപണിയിലെത്തും. കിയ മോട്ടോഴ്‌സിന്റെ ഏറ്റവും ചെറിയ എസ്‌യുവി ആയിരിക്കും സോണറ്റ്. ബോള്‍ഡ് ആയിട്ടുള്ള ഡിസൈനിങ്ങാണ് ഈ വാഹനത്തിന്. കിയയുടെ സിഗ്നേച്ചര്‍ ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിആര്‍എല്‍, മസ്‌കുലര്‍ ബമ്പര്‍, വിശലമായ എയര്‍ഡാം, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് സോണിറ്റിന്റെ മുന്‍ഭാഗത്തെ അലങ്കരിക്കുന്നത്. 

1.2 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ എന്നീ പെട്രോള്‍ എന്‍ജിനുകളും 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് സോണറ്റ് എത്തുക. 1.2 ലിറ്റര്‍ എന്‍ജിന്‍ 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കും, 1.0 ലിറ്റര്‍ എന്‍ജിന്‍ 118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. ഡീസല്‍ എന്‍ജിന്‍ 89 ബിഎച്ച്പി പവറും 220 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 

ഹ്യുണ്ടായി മോട്ടോര്‍ ഗ്രൂപ്പിന് കീഴിലെ കമ്പനിയാണ് കിയ. അതുകൊണ്ടു തന്നെ പ്ലാറ്റ്‌ഫോം, എന്‍ജിന്‍, ട്രാന്‍സ്മിഷന്‍ എന്നിവ ഹ്യുണ്ടായി വെന്യുവില്‍ നിന്ന് കടമെടുത്തായിരിക്കും കിയ സോണറ്റ് എത്തുക.  ഹ്യുണ്ടായി വെന്യുവിലേതിന് സമാനമായി അഞ്ച്, ആറ് സ്പീഡുകളിലുള്ള മാനുവല്‍ ഗിയര്‍ബോക്സ്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് എന്നിവയാണ് കിയ സോണറ്റില്‍ ട്രാന്‍സ്മിഷന്‍. 

സ്റ്റീല്‍ ഫിനീഷിങ്ങിലുള്ള അലോയി വീലുകള്‍, ബ്ലാക്ക് ക്ലാഡിങ്ങ്, വീല്‍ ആര്‍ച്ച്, സൈഡ് ഗ്ലാസിലേക്ക് നീളുന്ന സ്ലോപ്പിങ്ങ് റൂഫ് എന്നിവയാണ് വശങ്ങളിലെ ഡിസൈന്‍ ഹൈലൈറ്റ്. ടെയില്‍ ലൈമ്പ്, എല്‍ഇഡി ട്രിപ്പ്, സ്‌പോയിലര്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍ എന്നിവ പിന്നിലും നല്‍കിയിട്ടുണ്ട്.

മഹീന്ദ്ര XUV300, ഫോര്‍ഡ് ഇക്കോ സ്‌പോട്ട്, ടാറ്റ നെക്‌സോണ്‍, മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, വരാനിരിക്കുന്ന  റെനോ എച്ച്ബിസി തുടങ്ങിയ വാഹനങ്ങളായിരിക്കും സോണറ്റിന്റെ മുഖ്യ എതിരാളികള്‍. 

അതേസമയം നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുന്ന സെല്‍റ്റോസിന്റെ കുതിപ്പ് തുടരുകയാണ്. 2019 ഓഗസ്റ്റ് 22നാണ് ആദ്യവാഹനമായ സെല്‍റ്റോസിനെ കിയ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. രണ്ടാമനായ കാര്‍ണിവലിനെയും കമ്പനി അവതരിപ്പിച്ചുകഴിഞ്‍ഞു. 

Follow Us:
Download App:
  • android
  • ios