സ്വാസിലൻഡ്: ഒരുനേരത്തെ ആഹാരത്തിനായി രാജ്യത്തെ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ തന്റെ ഭാര്യമാർക്ക് ആഡംബര കാറുകൾ വാങ്ങി ആഘോഷിക്കുകയാണ് സൗത്ത് ആഫ്രിക്കയിലെ ദരിദ്ര രാജ്യങ്ങളിലൊന്നായ ഇസ്വാറ്റിനി അഥവാ സ്വാസിലൻഡിലെ സ്വാറ്റി രാജാവ് മൂന്നാമൻ. തന്റെ പതിനഞ്ച് ഭാര്യമാർക്കായി റോൾസ് റോയ്സിന്റെ 18 ആഡംബര കാറുകളാണ് സ്വാറ്റി രാജാവ് വാങ്ങിക്കൂട്ടിയത്. ഇതുകൂടാതെ, റോൾസ് കള്ളിനാനും സ്വാസി രാജകുടുംബാ​ഗമായ സ്വാറ്റി രാജാവ് സ്വന്തമാക്കിയിട്ടുണ്ട്. ഏകദേശം 175 കോടി രൂപ മുടക്കിയാണ് റോൾസ് റോയ്സിന്റെ ആഡംബര കാറുകൾ രാജാവ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

തന്റെ 23 കുട്ടികൾക്കും രാജകുടുംബാംഗങ്ങൾക്കുമായി നിരവധി ബിഎംഡബ്ല്യു, എസ്‍യുവി കാറുകളും സ്വാസി രാജാവ് ഓർഡർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആഡംബര കാറുകളുടെ പ്രിയങ്കരനായ രാജാവിന്റെ പക്കൽ കോടിക്കണക്കിന് വിലവരുന്ന നിരവധി വാഹനങ്ങളുണ്ട്. ഇതിൽ 20 മെഴ്സഡീസ് മെബാക്ക് പുൾമാൻ, മെബാക്ക് 62, ബിഎംഡബ്ല്യു X6, സ്വകാര്യ ജെറ്റുകൾ എന്നിവയും ഉൾപ്പെടും. ആഡംബര കാറുകൾ വാങ്ങി കൂട്ടുന്നതിന് മാത്രമല്ല, അവ പരിപാലിക്കുന്നതിനും രാജാവ് കോടിക്കണക്കിന് രൂപയാണ് ചെലവാക്കാറുള്ളത്.

എന്നാൽ, ആവശ്യത്തിലധികം വാഹനങ്ങൾ ഉണ്ടായിട്ടും വീണ്ടും വാഹനങ്ങൾ വാങ്ങികൂട്ടിയതിന് രാജാവിനെതിരെ പ്രതിഷേധം ശക്തമാണ്. രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ രാജാവ് അനാവശ്യമായി പണം ചെലവാക്കുന്നത് ഖേദകരമാണെന്ന് പ്യൂമലാ​ഗയിലെ മാധ്യമപ്രവർത്തകൻ ട്വീറ്റ് ചെയ്തു. രാജാവിന്റെ പുത്തൻ റോൾസ് റോയ്സ് കാറിന്റെ ചിത്രവും വീഡിയോയും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. നാല് ട്രക്കുകളിലായാണ് കാറുകൾ എത്തിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടെന്നും മാധ്യമപ്രവർത്തകൻ ട്വീറ്റില്‍ പറഞ്ഞു.

1986ലാണ് സ്വാസി മൂന്നാമൻ കിങ്ഡം ഓഫ് ഇസ്വാറ്റിനിയുടെ രാജാവായി അധികാരമേറ്റത്. അന്ന് അദ്ദേഹത്തിന് 18 വയസ്സായിരുന്നു പ്രായം. രാജാവായി അധികാരമേറ്റ സമയത്ത് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരി എന്ന ഖ്യാതിയും അദ്ദേഹം നേടിയിരുന്നു. കഴിഞ്ഞ വർഷമാണ് ഇസ്വാറ്റിനിയുടെ പേര് പുനർനാമകരണം ചെയ്ത് സ്വാസിലൻഡ് എന്നാക്കിയത്.