വയനാട്: ഇറക്കത്തില്‍ കെഎസ്ആര്‍ടിസി ബസിന്‍റെ ആക്സിലൊടിഞ്ഞു. നിയന്ത്രണം വിട്ട ബസ് തൊട്ടടുത്ത വീടിന് മുൻപിലെ മതിലിൽ ഇടിച്ച് നിന്നതിനാൽ വൻ ദുരന്തമാണ് തലനാരിഴക്ക് ഒഴിവായത്. വയനാട് നടവയലിന് അടുത്താണ് സംഭവം. 

ബത്തേരിയിൽ നിന്നും മാനന്തവാടിയിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. ബസിന്‍റെ മുൻഭാഗത്തെ ആക്സിൽ പൊട്ടിയതാണ് അപകട കാരണം.  ഇറക്കത്തിൽ വച്ച് ആക്സിൽ പൊട്ടിയതോടെ നിയന്ത്രണം വിട്ട ബസ് വീടിന് മുൻപിലെ മതിലിൽ ഇടിച്ച് നില്‍ക്കുകയായിരുന്നു. ഊരാളി പാടി ജംക്‌ഷനു സമീപം വാരപ്പെട്ടിയിൽ ജോർജിന്റെ വീടിന്റെ മതിലില്‍ ഇടിച്ചാണ് ബസ് നിന്നത്. അപകടത്തില്‍ മതില്‍ തകർന്നു.

മതിലില്‍ ഇടിച്ച് ബസ് നിന്നില്ലായിരുന്നെങ്കിൽ വന്‍ദുരന്തമാവും സംഭവിക്കുക. വീട് തകരുകയും വീടിന് മുൻപിൽ നിന്നവർ അപകടത്തിൽ പെടുകയും ചെയ്യുമായിരുന്നു. അര മീറ്റർ കൂടി ബസ് മുന്നോട്ട് നീങ്ങിയിരുന്നെങ്കിൽ വൈദ്യുത പോസ്റ്റിൽ ഇടിക്കുമായിരുന്നു.

ഈ പ്രദേശം പതിവ് അപകടങ്ങളുടെ കേന്ദ്രമാണെന്നും റോഡിന് വീതിയില്ലാത്തതാണ് അപകടങ്ങള്‍ക്കു കാരണമെന്നും ആണ് നാട്ടുകാര്‍ പറയുന്നത്.