Asianet News MalayalamAsianet News Malayalam

മിന്നല്‍ പണിമുടക്ക്; ഡ്രൈവര്‍മാരുടെ ലൈസന്‍സ് തെറിച്ചേക്കും

തലസ്ഥാനത്തെ അഞ്ച് മണിക്കൂർ നീണ്ട ഗതാഗതസ്തംഭനത്തിലും കുടുക്കിയ മിന്നല്‍ പണിമുടക്ക് നടത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‍പന്‍ഡ് ചെയ്യാന്‍ നീക്കം. 

KSRTC Drivers Licence Will Suspend
Author
Trivandrum, First Published Mar 5, 2020, 12:01 PM IST

തിരുവനന്തപുരം: തലസ്ഥാനത്തെ അഞ്ച് മണിക്കൂർ നീണ്ട ഗതാഗതസ്തംഭനത്തിലും കുടുക്കിയ മിന്നല്‍ പണിമുടക്ക് നടത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‍പന്‍ഡ് ചെയ്യാന്‍ നീക്കം. 

മോട്ടോര്‍വാഹന ചട്ട ലംഘനത്തിന്റെ പേരിലാകും നടപടി. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യം തടസ്സപ്പെടുത്തുന്നത് മോട്ടോര്‍ വാഹനചട്ടത്തിന്റെ ലംഘനമാണ്. ഇതിന്റെ പേരില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പിന് അധികാരമുണ്ട്. കെഎസ്ആർടിസി ഡ്രൈവർമാർക്കെതിരെ ആർടിഒ പ്രാഥമിക റിപ്പോട്ട് നൽകി. മാർഗ്ഗ തടസമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ മനപൂർവം കെ എസ്ആർടിസി ഗാരേജുകളിൽ കിടന്നിരുന്ന വാഹനങ്ങൾ  പൊതുനിരത്തിൽ പാർക്ക് ചെയ്തതിന് ഡ്രൈവർമാർക്കെതിരെ മോട്ടോർവാഹന നിയമപ്രകാരം നടപടിയെടുത്തേക്കും. ഡ്രൈവർമാരുടെ ലൈസൻസ് വിവരങ്ങൾ  പൊലീസിൽ നിന്ന് ശേഖരിക്കും. ലൈസൻസ് റദ്ദാക്കുന്നതടക്കമുളള  തുടർനടപടികൾക്കാണ് സാധ്യത.   പരിശോധനക്കായി കിഴക്കേകോട്ട, ആറ്റുകാൽ ഭാഗങ്ങളിൽ പ്രത്യേക സ്ക്വാഡിനെ നിയോഗിക്കാനും  തീരുമാനിച്ചിട്ടുണ്ട്.

തലസ്ഥാനത്തെ അഞ്ച് മണിക്കൂർ നീണ്ട ഗതാഗതസ്തംഭനത്തിലും അനാസ്ഥയിലും കടുത്ത നടപടിക്കാണ് സർക്കാർ തയ്യാറെടുക്കുന്നത്. ജില്ലാകളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കെഎസ്ആർടിസി ഉദ്യോഗസ്ഥർക്കെതിരായ തുടർനടപടി സ്വീകരിക്കുക. സംഭവം ഗൗരവതരമായി കാണണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലാകളക്ടർ ഇന്നലെ തന്നെ അടിയന്തര യോഗം വിളിച്ച് സാഹചര്യം വിലയിരുത്തി. മിന്നൽ സമരങ്ങളോ പൊതുനിരത്ത് കയ്യേറിയുളള സമരങ്ങളോ അനുവദിക്കാനാവില്ലെന്ന് കളക്ടർ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ആറ്റുകാൽ ഉത്സവ സമയമായതിനാൽ ഈ മേഖലയിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രതയോടെയുളള നടപടിയെടുക്കാനാണ് തീരുമാനം. 

Follow Us:
Download App:
  • android
  • ios