തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിന് ഇടയാക്കിയ സംഭവത്തില്‍ പൊലീസിനെതിരെ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ കലക്ടര്‍ക്ക് മൊഴി നല്‍കി. "നീ പോയി അഡ്‍മിറ്റാക് ഇവന്‍റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം" എന്ന് ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറയുന്നത് കേട്ടതായി സിറ്റി ഡിപ്പോയില്‍ ഡിടിഒയുടെ ചുമതലയുള്ള എടിഎ ജേക്കബ് സാം ലോപ്പസാണ് ജില്ലാ കലക്ടര്‍ക്ക് മൊഴി നല്‍കിയത്. 

അന്വേഷണത്തിനായി കിഴക്കേക്കോട്ടയിലെ ഒഫീസില്‍ എത്തിയ കലക്ടര്‍ക്ക് മുന്നിലാണ് ഉദ്യോഗസ്ഥന്‍ മൊഴിനല്‍കിയത്. സ്വകാര്യ ബസ് ഉടമയോടാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ഇങ്ങനെ പറഞ്ഞതെന്നാണ് ഡിടിഒയുടെ മൊഴി. 

പെര്‍മിറ്റ് ലംഘിച്ച് സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസിനെ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‍തതാണ് ബുധനാഴ്ചത്തെ പ്രശ്നങ്ങളുടെ തുടക്കം. ബസ് പെര്‍മിറ്റ് ലംഘിച്ച് ഓടുന്നത് താന്‍ ചോദ്യം ചെയ്‍തെന്നും പൊലീസിനെയും ആര്‍ടിഒ സ്‍ക്വാഡിനെയും വിവരം അറിയിച്ചെന്നും ഡിടിഒ പറയുന്നു. എന്നാല്‍ സ്ഥലത്തെത്തിയ പൊലീസ് ബസ് വിട്ടുനല്‍കി.  ഇതു ചോദ്യം ചെയ്‍തപ്പോള്‍ തട്ടിക്കയറി. തുടര്‍ന്ന് സിഐയുടെ നേതൃത്വത്തില്‍ ബലം പ്രയോഗിച്ച് കഴുത്തില്‍ പിടിച്ചു തന്നെ സ്റ്റേഷനിലെത്തിച്ചെന്നും ഡിടിഒ പറയുന്നു. 

സ്റ്റേഷനില്‍ വച്ച് കൊടുംക്രിമിനലുകളോടെന്ന പോലെ പെരുമാറിയെന്നും മര്‍ദ്ദനത്തില്‍ സഹപ്രവര്‍ത്തകനായ ഡ്രൈവര്‍ കുഴഞ്ഞു വീണപ്പോള്‍ എല്ലാം അഭിനയമാണെന്നു പൊലീസ് പറഞ്ഞെന്നും ഡി‍ടിഒയുടെ മൊഴിയില്‍ പറയുന്നു.

അതേസമയം പൊലീസിനെതിരെ കടുത്ത ആരോപണങ്ങളുമായി കെഎസ്ആര്‍ടിസിയിലെ തൊഴിലാളി യൂണിയനുകളും രംഗത്തെത്തിക്കഴിഞ്ഞു. സ്വകാര്യ ബസുകളെ പണം വാങ്ങി പൊലീസ് സംരക്ഷിക്കുന്നുവെന്ന്  പൊലീസ് മേധാവിക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പലതവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നാണ് യൂണിയനുകളുടെ ആരോപണം. 

1991 ലെ കെഎസ്ആര്‍ടിസി അനിശ്ചിതകാല സമരത്തെത്തുടര്‍ന്ന് യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് തിരുവനന്തപുരത്ത് സ്വകാര്യ ബസ്സുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയത്. പിന്നീടത് സ്ഥിരം സംവിധാനമായി. നിരവധി കേസുകളും കോടതി നടപടിയും ഉണ്ടായി. നഗരത്തില്‍ ഇപ്പോള്‍ 90 സ്വകാര്യ ബസ്സുകളാണ് പെര്‍മിറ്റോടെ സര്‍വ്വീസ് നടത്തുന്നത്. ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ച് സ്വകാര്യ ബസ്സുകള്‍ക്ക് നഗര ഹൃദയമായ കിഴക്കേ കോട്ടയില്‍ നിന്ന് സര്‍വ്വീസ് തുടങ്ങാനോ, അവസാനിപ്പിക്കാനോ അനുമതിയില്ല.

കിഴക്കേകോട്ടയില്‍ അനുവദിച്ചിരിക്കുന്ന സ്റ്റോപ്പില്‍ പരമാവാധി 3 മിനിട്ട് നിര്‍ത്തി യാത്രക്കാരെ കയറ്റാം. എന്നാല്‍ യാത്രക്കാരെ കിട്ടാത്ത ട്രിപ്പുകള്‍ ഒഴിവാക്കി കിഴക്കേ കോട്ടയില്‍ കൂടുതല്‍ സമയം ചെലവിട്ട് തങ്ങളുടെ വരുമാനം തട്ടിയെടുക്കുന്നുവെന്നും, ഗതാഗത കുരുക്ക് ഉണ്ടാക്കുന്നുവെന്നുമാണ് കെഎസ്ആര്‍ടിസിയുടെ ആക്ഷേപം. പരാതികളില്‍ നടപടി ഉണ്ടായില്ല

എന്നാല്‍ സ്വകാര്യ ബസുകള്‍ നിയമം ലംഘിച്ച് സര്‍വ്വീസ് നടത്തുന്നുണ്ടെങ്കില്‍ മോട്ടാര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കട്ടെയെന്നാണ് പൊലീസിന്‍റെ നിലപാട്. രാഷ്ട്രീയ കക്ഷികളുടെ മാര്‍ച്ചും പ്രതിഷേധവും നിത്യസംഭവമായ തലസ്ഥാന നഗരത്തില്‍ സമയക്രമം പാലിക്കുന്നത് പ്രായോഗികമല്ലെന്നാണ് ബസുടമകള്‍ പറയുന്നത്.