തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രികര്‍ക്കു കൂടി ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇതോടെ ഹെല്‍മറ്റുകള്‍ സൂക്ഷിക്കുന്നതിനും യാത്രകളില്‍ കൊണ്ടുനടക്കുന്നതിനുമുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് പലരും പരാതി പറയുന്നുണ്ട്.

ഈ പ്രശ്‍നത്തിന് പരിഹാരവുമായി കെഎസ്ആര്‍ടിസി ഫേസ്ബുക്കിലിട്ട രസകരമായൊരു ട്രോള്‍ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. നിയമം പാലിക്കാൻ നാമെല്ലാവരും ബാധ്യസ്ഥരാണെന്നും എന്നാല്‍ രണ്ട് ഹെൽമറ്റ് തൂക്കിയുള്ള യാത്രകൾ ഒഴിവാക്കാൻ ഒരു വഴിയുണ്ടെന്നുമാണ് കെഎസ്ആര്‍ടിസി പോസ്റ്റില്‍ പറയുന്നത്. ആ വഴി എന്താണെന്നല്ലേ?

ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്‍ത് അനാവശ്യമായ അപകടങ്ങളിൽ ചെന്ന് ചാടാതെയും സുഖകരമായ യാത്ര ആസ്വദിക്കാനും കെഎസ്ആർടിസി ബസുകളിലെ യാത്ര ശീലമാക്കാനാണ് കെഎസ്ആര്‍ടിസിയുടെ ആഹ്വാനം. ഈ തലമുറയ്ക്കും അടുത്ത തലമുറയ്ക്കുമായി പൊതുഗതാഗതം ശക്തിപ്പെടുത്താനും കെഎസ്‍ആര്‍ടിസി പോസ്റ്റിലൂടെ ആഹ്വാനം ചെയ്യുന്നു.

പോസ്റ്റിന്‍റെ പൂര്‍ണരൂപം

മോട്ടോർ വാഹനനിയമം 'കർശനമായി' നടപ്പാക്കി വരികയാണ് എന്ന് എല്ലാവർക്കും അറിവുള്ളതാണല്ലോ...

ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന എല്ലാവർക്കും ഹെൽമറ്റ് നിർബന്ധമാക്കിയുള്ള ഹൈക്കോടതി ഉത്തരവ് പുറത്തു വന്നതിനാൽ പ്രസ്തുത നിയമം പാലിക്കാൻ നാമെല്ലാവരും ബാധ്യസ്ഥരാണ്...

രണ്ട് ഹെൽമറ്റ് തൂക്കിയുള്ള യാത്രകൾ ഒഴിവാക്കാൻ ഒരു വഴിയുണ്ട്...

കെ.എസ്.ആർ.ടി.സി ബസ് യാത്രാ ശീലമാക്കുക...

ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്ത് അനാവശ്യമായ അപകടങ്ങളിൽ ചെന്ന് ചാടാതെയും സുഖകരമായ യാത്ര ആസ്വദിക്കാനും കെ.എസ്.ആർ.ടി.സി. ബസ്സുകളിലെ യാത്ര ദിനചര്യകളിൽ ഉൾപ്പെടുത്തുക...

ഈ തലമുറയ്ക്കും അടുത്ത തലമുറയ്ക്കുമായി പൊതുഗതാഗതം ശക്തിപ്പെടുത്തുക...

കെ.എസ്.ആർ.ടി.സി എന്നും ജനങ്ങളോടൊപ്പം...

#ksrtc #helmet #mvd #savepublictransportation