തിരുവനന്തപുരം: കല്ലട സംഭവത്തെ തുടര്‍ന്ന് ബസുകളിലെ നിയമലംഘനം കണ്ടെത്താനുള്ള മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‍സിനെതിരെ സർവീസ് മുടക്കി സമരത്തിലാണ് സംസ്ഥാനത്തെ അന്തർസംസ്ഥാന സ്വകാര്യ ബസുടമകള്‍. എന്നാല്‍ ഈ സമരം കെഎസ്ആര്‍ടിസിക്ക് നേട്ടമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  

കഴിഞ്ഞ ആഴ്ചയിലെ വരുമാനവുമായി താരതമ്യം ചെയ്താൽ കെഎസ്ആർടിസിക്ക് പ്രതിദിനം ഒമ്പത് ലക്ഷം രൂപയുടെ അധിക വരുമാനം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

തിങ്കളാഴ്ച മുതലാണ് സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവച്ചത്. അന്നു മുതല്‍ ഈ വ്യാഴാഴ്ചവരെ 45 ലക്ഷം രൂപയോളം കെഎസ്ആര്‍ടിസിക്ക് അധികമായി ലഭിച്ചു. സമരത്തെ തുടര്‍ന്ന് നിലവിലുള്ള 48 ബസുകള്‍ക്കു പുറമെ 14 ബസുകള്‍കൂടി ബെംഗളൂരു റൂട്ടില്‍ മാത്രം അധികമായി കെഎസ്ആര്‍ടിസി ഓടിക്കുന്നുണ്ട്. 

അതിനിടെ സമരത്തില്‍ നിന്ന് ഒരു വിഭാഗം ബസുടമകള്‍ പിന്മാറുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി ചര്‍ച്ചയ്ക്ക് ഗതാഗത സെക്രട്ടറിയെ കാണാന്‍ ഇവര്‍ അനുമതി തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.