പത്തനംതിട്ട: അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ സ്വകാര്യ ബസ് കാരണം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന്റെ ബ്രേക്ക് നഷ്ടമായി. ബ്രേക്കില്ലാതെ നൂറു മീറ്ററോളം സഞ്ചരിച്ച ബസ് റോഡരികിലെ സൂചനാ ബോർഡിൽ ഇടിച്ച ശേഷം നിന്നു. എംസി റോഡിൽ ഏനാത്ത് ജങ്ഷനുസമീപമാണ് അപകടം.  സംഭവം നടന്ന സ്ഥലത്തിന് സമീപത്തായി വലിയ താഴ്ചയുള്ള പ്രദേശമാണ്. തലനാരിഴ്‍ക്കാണ് വന്‍ദുരന്തം ഒഴിവായത്. 

ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ന് ഏനാത്ത് ജങ്ഷന്‌ സമീപത്താണ് അപകടം. ബസ്‌ബേയിൽനിന്ന്‌ സ്വകാര്യ ബസ് പെട്ടെന്ന് എംസി റോഡിലേക്ക് ഇറങ്ങുകയായിരുന്നു. അതോടെ അടൂർ ഭാഗത്തുനിന്നുവന്ന ഒരു കാർ സഡന്‍ ബ്രേക്കിട്ടു. തൊട്ടു പിറകെ തിരുവനന്തപുരം ഭാഗത്തേക്ക് പോയ  നെടുങ്കണ്ടം ഡിപ്പോയിലെ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയായിരുന്നു. 71 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. 

പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോള്‍ നിയന്ത്രണം നഷ്‍ടമായ ബസ് റോഡിന്റെ അരികിലേക്ക് തെന്നിമാറി. തുടര്‍ന്ന് സമീപത്തെ വൈദ്യുതി പോസ്റ്റിനു നേരെ പാഞ്ഞു. പോസ്റ്റില്‍ ഇടിക്കാതിരിക്കാൻ ബസ് ഡ്രൈവർ സമീപത്തെ സിമന്‍റ് തിട്ടയിൽകൂടി കയറ്റി ഇറക്കി. ഇതിനിടയിൽ ബസിനു മുൻപിൽ ഒരു ഇരുചക്രവാഹനം ഉണ്ടായിരുന്നു. പക്ഷേ സിമന്‍റ് തിട്ടയിൽകൂടി കയറിയപ്പോള്‍ വേഗം കുറഞ്ഞ ബസ് ഭാഗ്യത്തിന് ബസ് നിന്നു.  കെഎസ്ആര്‍ടിസി ബസ് ഡ്രൈവർ ജോമോന്റെ മനസ്സാന്നിധ്യമാണ് അപകടം ഒഴിവാക്കിയത്.