Asianet News MalayalamAsianet News Malayalam

ഹോട്ടലില്‍ കയറേണ്ട, ഭക്ഷണം വണ്ടിയിലെത്തും; പുത്തന്‍ പദ്ധതിയുമായി കെടിഡിസി

ഹോട്ടലുകളിൽ കയറാതെ പുറത്ത് കാറിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമായ 'ഇൻ കാർ ഡൈനിംഗ്' ഒരുക്കി കെടിഡിസി

KTDC introduce in car dining program at selected hotels in Kerala
Author
Trivandrum, First Published Jun 28, 2021, 10:41 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കെടിഡിസി ഹോട്ടലുകളിൽ 'ഇൻ കാർ ഡൈനിംഗ് 'സൗകര്യം ആരംഭിക്കുന്നു. കോവിഡ് കാലത്ത് യാത്രക്കിടയിൽ സുരക്ഷിതമായ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഒരുക്കാനാണ് പുതിയ പദ്ധതി. ഹോട്ടലുകളിൽ കയറാതെ കാറിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണ് 'ഇൻ കാർ ഡൈനിംഗ്'. 

കെ ടി ഡി സിയുടെ തിരഞ്ഞെടുക്കപ്പെട്ട ആഹാർ ​റെസ്റ്റോറന്റുകളിലാണ് നിലവില്‍‘ഇൻ കാർ ഡൈനിങ്’എന്ന നൂതന പരിപാടിക്ക്‌ തുടക്കമാവുന്നത്. പദ്ധതി ജൂൺ 30 ന് കായംകുളം ആഹാർ റസ്റ്റോറന്‍റിൽ പൊതുമരാമത്ത് - ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 

ടൂറിസം രംഗത്തെ ഏറ്റവും വിപുലമായ ഹോട്ടല്‍ ശൃംഖലയാണ് കെടിഡിസിയുടേത്. ആളുകള്‍ വിശ്വസിച്ച് ഭക്ഷണം കഴിക്കാനായി എത്തുന്ന കെടിഡിസി ഹോട്ടലുകള്‍ ജനങ്ങളിലേക്ക് തന്നെ ഇറങ്ങിച്ചെല്ലാനാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് കെടിഡിസി പറയുന്നു. കെടിഡിസി ഹോട്ടലുകളില്‍ എത്തിയാല്‍ സ്വന്തം വാഹനത്തില്‍ തന്നെ ഇരുന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും കഴിക്കാനും സൗകര്യമുണ്ടാകും. പാർക്കിംഗ് സൗകര്യമുള്ള ഹോട്ടലുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഹോട്ടലുകളിൽ എത്തുന്നവർക്ക് സ്വന്തം വാഹനങ്ങളിൽത്തന്നെ ഭക്ഷണം ലഭ്യമാക്കും. ജീവനക്കാരെത്തി ആവശ്യമുള്ള ഭക്ഷണത്തിന്റെ ഓര്‍ഡര്‍ എടുക്കും. തീൻമേശയെപ്പോലുള്ള ചെറിയ ഡെസ്‌കിൽ ഭക്ഷണം വണ്ടിയുടെ അകത്തെത്തും.

കേരളത്തിലെ ഹൈവേകളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ഗുണനിലവാരവും രുചികരവുമായ ഭക്ഷണം ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം യാത്രക്കാര്‍ക്ക് പുതിയൊരു അനുഭവം കൂടി സമ്മാനിക്കുകയാണ് കെടിഡിസി. പ്രാതലും ഉച്ചഭക്ഷണവും അത്താഴവും ഇത്തരത്തില്‍ നല്‍കും. ഒപ്പം ലഘുഭക്ഷണവും ഉണ്ടാകും. പ്രതിസന്ധി കാലത്ത് ഹോട്ടല്‍ ടൂറിസം മേഖലയെ കൈപിടിച്ചുയര്‍ത്തുകയാണ് നവീന പദ്ധതികളിലൂടെ വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്. 

കൊട്ടാരക്കര, കുറ്റിപ്പുറം, കണ്ണൂർ ധർമശാല എന്നിവിടങ്ങളിലെ കെടിഡിസി ആഹാർ റെസ്റ്റോറന്റുകളിലാണ് ആദ്യം ഈ ഭക്ഷണവിതരണ പരിപാടി ആരംഭിക്കുന്നത്. പദ്ധതി വിജയകരമാണെങ്കിൽ കൂടുതൽ സ്ഥലങ്ങളിൽ തുടങ്ങാനും ആലോചനയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios