ഓസ്ട്രിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ കെടിഎം 250 സിസി ശ്രേണിയിലേക്ക് അവതരിപ്പിക്കുന്ന പുതിയ ബൈക്ക് ഉടന്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ബൈക്ക്-വാലേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്.  എന്നാല്‍ കെടിഎം ഔദ്യോഗികമായി ഇതുവരെ 250 അഡ്വഞ്ചറിന്റെ ലോഞ്ച് സ്ഥിരീകരിച്ചിട്ടില്ല. 

കെടിഎം 390 അഡ്വഞ്ചറിനോട് ഏറെക്കുറെ സാമ്യമുള്ളതായിരിക്കും പുതിയ മോഡല്‍ എന്നാണ് സൂചന. കെടിഎം 250 അഡ്വഞ്ചര്‍ ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍ മോഡലായിരിക്കും.

248.8 സിസി, ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ യൂണിറ്റ് എന്‍ജിനായിരിക്കും ബൈക്കില്‍. പരമാവധി 30ബിഎച്ച്പി കരുത്തില്‍ 24 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതായിരിക്കും ഇത്. 390 അഡ്വഞ്ചര്‍ പോലെ 250 എഡിവി പതിപ്പിനും ആറ് സ്പീഡ് സീക്വന്‍ഷല്‍ ഗിയര്‍ബോക്‌സ്, സ്ലിപ്പര്‍ ക്ലച്ച്, ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റര്‍ എന്നിവ ലഭിച്ചേക്കും. 

200 എംഎം ഗ്രൗണ്ട് ക്ലീറൻസ്, 855 എംഎം സീറ്റ് ഹൈറ്റ്, 14.5 ലിറ്റർ കപ്പാസിറ്റിയുള്ള പെട്രോൾ ടാങ്ക് എന്നിവ 390 അഡ്വഞ്ചറിന്റെയും 250 അഡ്വഞ്ചറിന്റെയും സമാനമാണ്. എന്നാൽ, 250 അഡ്വഞ്ചറിന്റെ സസ്‌പെൻഷൻ 390 അഡ്വഞ്ചറിന്റേതുപോലെ റൈഡർക്കു ക്രമീകരിക്കാൻ സാധിക്കില്ല. 250 അഡ്വഞ്ചറിന് 156 കിലോഗ്രാം ആണ് ഭാരം, 390 അഡ്വഞ്ചറിനേക്കാൾ 2 കിലോ കുറവ്.

കെടിഎം 250 അഡ്വഞ്ചറിന് ഏകദേശം 2.50 ലക്ഷത്തിനേക്കാൾ താഴെയാണ് വില പ്രതീക്ഷിക്കുന്നത്. റോയൽ എൻഫീൽഡ് ഹിമാലയൻ, ഹീറോ എക്‌സ്പൾസ് എന്നീ മോഡലുകൾ ആയിരിക്കും എതിരാളികൾ.