ഫ്രണ്ട് ബ്രേക്കുകളിലെ പ്രശ്‌നം. 790 അഡ്വഞ്ചർ മോഡലിനെ തിരിച്ചുവിളിച്ച് കെടിഎം

നോർത്ത് അമേരിക്കൻ വിപണിയില്‍ നിന്നും 790 അഡ്വഞ്ചർ മോഡലിനെ തിരിച്ചുവിളിച്ച് ഓസ്‍ട്രിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം. ഫ്രണ്ട് ബ്രേക്കുകളിലെ പ്രശ്‌നത്തെത്തുടർന്നാണ് തിരിച്ചുവിളിയെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 790 അഡ്വഞ്ചർ (2019-2020), 790 അഡ്വഞ്ചർ R (2019-2020), 790 അഡ്വഞ്ചർ R റാലി (2020) മോഡലുകൾ തിരിച്ചുവിളിച്ചവയില്‍ ഉൾപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചില മോഡലുകളിൽ ഫ്രണ്ട് ബ്രേക്ക് മാസ്റ്റർ സിലിണ്ടർ പിസ്റ്റൺ റിട്ടേൺ സ്പ്രിംഗ് വളരെ ദുർബലമായിരിക്കാം എന്നതാണ് തിരിച്ചുവിളിക്കാൻ കാരണം.

ഉടമകൾക്ക് മെയ് 21 മുതൽ തിരിച്ചുവിളിക്കൽ അറിയിപ്പുകൾ നൽകുമെന്നാണ് റിപ്പോർട്ടുകള്‍. തകരാറുകൾ സൗജന്യമായി പരിഹരിക്കുമെന്നും MY2021 -ൽ ഒരു പുതിയ സ്പ്രിംഗ് ഉപയോഗിക്കുകയും ചെയ്യും എന്ന് നിർമ്മാതാക്കൾ പറയുന്നു. തെറ്റായ ഘടകം നൽകിയത് സ്പാനിഷ് ബ്രേക്ക് നിർമ്മാതാക്കളാണെന്നാണ് കെടിഎം പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ വർഷം ആദ്യം കെടിഎം അമേരിക്ക 790 അഡ്വഞ്ചർ, 790 അഡ്വഞ്ചർ R മോട്ടോർസൈക്കിളുകൾ പിൻ ബ്രേക്കുകളുടെ തകരാർ മൂലം തിരിച്ചുവിളിച്ചിരുന്നു. ഒരേ 799 സിസി LC8c പാരലൽ ട്വിൻ എഞ്ചിനാണ് 790 അഡ്വഞ്ചർ, 790 അഡ്വഞ്ചർ R എന്നിവയിൽ. ഈ എഞ്ചിൻ കെടിഎം 790 ഡ്യൂക്കിലും ലഭിക്കുന്നു. 94 bhp പരമാവധി കരുത്തും 88 Nm torque ഉം ഉത്പാദിപ്പിക്കാൻ ഇതിന് കഴിയും. ഹാർഡ്‌വെയറിനായി, 200 mm ട്രാവലുള്ള ഒരു ജോഡി WP അപെക്സ് 43 mm USD ഫ്രണ്ട് ഫോർക്കുകളും ഒരേ അളവിലുള്ള ട്രാവലുള്ള WP അപെക്സ് റിയർ മോണോഷോക്കും മോട്ടോർസൈക്കിളിന് ലഭിക്കുന്നുണ്ട്. ഗുരുതരമായ അഡ്വഞ്ചർ റൈഡ് കൈകാര്യം ചെയ്യുന്നതിന്, 790 അഡ്വഞ്ചർ ഒരു ട്യൂബുലാർ ക്രോമിയം-മോളിബ്ഡിനം-സ്റ്റീൽ ഫ്രെയിം അവതരിപ്പിക്കുന്നു. 

ഈ മോഡല്‍ ഇന്ത്യയിലേക്ക് വരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സ്റ്റാന്‍ഡേര്‍ഡ്, R (ഉയര്‍ന്ന വകഭേദം) എന്നിങ്ങനെ രണ്ടു വകഭേദങ്ങളില്‍ ബൈക്ക് വിപണിയില്‍ എത്തിയേക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona