ഓസ്ട്രിയൻ ബൈക്ക് നിർമാതാക്കളായ കെടിഎം തങ്ങളുടെ പുതിയ 890 അഡ്വഞ്ചർ മോട്ടോർസൈക്കിൾ പുറത്തിറക്കി. 890 ADV ശ്രേണിയിലെ ബേസ് വേരിയന്റായാകും പുതിയ പതിപ്പ് ഇടംപിടിക്കുക എന്ന് മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ 890 അഡ്വഞ്ചർ ആഗോള വിപണിയിൽ വിൽപ്പനയ്‌ക്കെത്തും. അടുത്ത വർഷത്തോടെ ഈ മോഡൽ ഇന്ത്യയിലേക്കു വരാനും സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതുക്കിയ കളർ ഓപ്ഷനും നീളമുള്ള ഒരു വിൻ‌ഡ്‌ഷീൽ‌ഡുമാണ് പ്രധാന മാറ്റങ്ങള്‍. കെടിഎമ്മിന്റെ മൂന്ന് 890 അഡ്വഞ്ചർ മോഡലുകൾക്കും ഒരേ 889 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് ലഭിക്കുന്നത്. 8,000 rpm-ൽ 103 bhp കരുത്തും 6,500 rpm-ൽ 100 എന്‍എം ടോര്‍ക്കും ആണ് ഈ യൂണിറ്റ് ഉത്പാദിപ്പിക്കുന്നത്. 890 അഡ്വഞ്ചറിന് ഡാകർ-സ്റ്റൈൽ റൈഡിംഗ് എർഗണോമിക്സും 20 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയും 200 മില്ലീമീറ്റർ സസ്പെൻഷൻ ട്രാവലുമാണ് കെടിഎം സജ്ജമാക്കിയിരിക്കുന്നത്.

കോർണറിംഗ് എബിഎസ്, ട്രാക്ഷൻ കൺട്രോൾ , മോട്ടോർ സ്ലിപ്പ് റെഗുലേഷൻ എന്നിവ സ്റ്റാൻഡേർഡായി ലഭിക്കും. ഒരു WP അപെക്സ് മോണോഷോക്കുകളാണ് പിൻഭാഗത്ത് ഇടംപിടിച്ചിരിക്കുന്നത്. പൂർണ വലുപ്പത്തിലുള്ള ടിഎഫ്ടി കളർ സ്ക്രീനും ക്രൂയിസ് കൺട്രോൾ, ക്വിക്ക്-ഷിഫ്റ്റർ, ഹീറ്റഡ് ഗ്രിപ്‌സ്, വ്യത്യസ്ത ലഗേജ് ഓപ്ഷനുകൾ എന്നിവ പോലുള്ള ഓപ്ഷണൽ ഉപകരണങ്ങളും സവിശേഷതകളിൽ ഉൾപ്പെടുന്നു.

ശക്തമായ ക്ലച്ചും എഞ്ചിൻ നോക്ക് കൺട്രോൾ സിസ്റ്റവും പുതിയ കെടിഎം 890 അഡ്വഞ്ചറിന് മികച്ച പെർഫോമൻസ് നല്‍കുന്നു. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും ടേൺ-ബൈ-ടേൺ നാവിഗേഷനും ഫോൺ കോളുകൾ, മ്യൂസിക് മുതലായവയിലേക്കുള്ള ആക്‌സസ്സിനും കെടിഎം മൈ റൈഡ് സംയോജനവും തെരഞ്ഞെടുക്കാം.