ഓസ്‍ട്രിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎമ്മിന്‍റെ ഇന്ത്യയിലെ എല്ലാ മോഡലുകളും ഇപ്പോള്‍ ബിഎസ് 6 ആയി മാറി കഴിഞ്ഞെന്ന് വ്യക്തമാക്കി കമ്പനി.

കെടിഎം 125 ഡ്യൂക്ക്, ആര്‍സി 125 ബൈക്കുകള്‍ മുതല്‍ കെടിഎം 390 ഡ്യൂക്ക്, ആര്‍സി 390 മോഡലുകള്‍ ഉള്‍പ്പെടെ ഇപ്പോള്‍ ബിഎസ് 6 പാലിക്കുന്നവയാണ്. ഇതോടെ മോട്ടോര്‍സൈക്കിളുകളുടെ ദില്ലി എക്‌സ് ഷോറൂം വിലയില്‍ 3,328 മുതല്‍ 10,496 രൂപ വരെ വര്‍ദ്ധനവുണ്ടായി.

2020 മോഡല്‍ കെടിഎം 200 ഡ്യൂക്ക് ഭാരം കുറഞ്ഞ പുതിയ സ്പ്ലിറ്റ് ട്രെല്ലിസ് ഫ്രെയിമിലാണ് നിര്‍മിച്ചിരിക്കുന്നത്. 150.3 കിലോഗ്രാമാണ് ഇപ്പോള്‍ ഭാരം. പുതിയ ഹെഡ്‌ലാംപ് കൂടി നല്‍കിയതോടെ കൂടുതല്‍ സ്‌പോര്‍ട്ടി ലുക്ക് ലഭിച്ചു. ഇന്ധന ടാങ്ക് റീവര്‍ക്ക് ചെയ്തിരിക്കുന്നു. 199.5 സിസി, ലിക്വിഡ് കൂള്‍ഡ്, 4 വാല്‍വ്, ഡിഒഎച്ച്‌സി എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 10,000 ആര്‍പിഎമ്മില്‍ 24 ബിഎച്ച്പി കരുത്തും 8,000 ആര്‍പിഎമ്മില്‍ 19.3 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. രണ്ട് പുതിയ കളര്‍ ഓപ്ഷനുകള്‍ ലഭിച്ചു. വെറ്റ് മള്‍ട്ടി ഡിസ്‌ക് ക്ലച്ച്, ഇരട്ട ചാനല്‍ എബിഎസ് എന്നിവ നല്‍കി.

390 ഡ്യൂക്ക്, ആര്‍സി 390 ബൈക്കുകള്‍ക്ക് 373.3 സിസി, സിംഗിള്‍ സിലിണ്ടര്‍, 4 വാല്‍വ്, ലിക്വിഡ് കൂള്‍ഡ്, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിനാണ് കരുത്തേകുന്നത്. 9,000 ആര്‍പിഎമ്മില്‍ 43 ബിഎച്ച്പി കരുത്തും 7,000 ആര്‍പിഎമ്മില്‍ 36 എന്‍എം ടോര്‍ക്കും ഈ മോട്ടോര്‍ ഉല്‍പ്പാദിപ്പിക്കും. 390 ബൈക്കുകളില്‍ റൈഡ് ബൈ വയര്‍, സ്ലിപ്പര്‍ ക്ലച്ച്, സൂപ്പര്‍മോട്ടോ സഹിതം ഡുവല്‍ ചാനല്‍ എബിഎസ്, ടിഎഫ്ടി ഡിസ്‌പ്ലേ, എല്‍ഇഡി ഹെഡ്‌ലാംപുകള്‍ എന്നിവ നല്‍കി. കെടിഎം ആര്‍സി ബൈക്കുകള്‍ക്ക് പുതിയ കളര്‍ ഓപ്ഷനുകളും ഗ്രാഫിക് ഓപ്ഷനുകളും ലഭിച്ചു.