ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ  കെടിഎം ആർസി 125, 200, 390 ബൈക്കുകൾക്ക് പുത്തൻ നിറങ്ങൾ നൽകാൻ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. 

ആർസി 200-ന് ഇലക്ട്രോണിക് ഓറഞ്ച് എന്ന് പുത്തൻ നിറമാണ് ലഭിക്കുന്നത്. പെട്രോൾ ടാങ്ക്, മുൻ മഡ്ഗാർഡ്, ഫ്രെയിം, ഫെയറിന്റെ ഒരുഭാഗം എന്നിവയ്‌ക്കെല്ലാം കെടിഎമ്മിന്റെ സിഗ്നേച്ചർ ഓറഞ്ച് നിറവും ബാക്കി ഭാഗത്ത് കറുപ്പുമാണ്.

ആർസി 125-ന് ഡാർക്ക് ഗാൽവനോ എന്ന് പേരുള്ള നിറമാണ് കെടിഎം  അവതരിപ്പിച്ചിരിക്കുന്നത്. ടാങ്ക്, റിയർ സെക്ഷൻ, മുൻപിലെ ഫെൻഡർ എന്നിവയ്ക്ക് മെറ്റാലിക് സിൽവർ നിറവും ഫെയറിങ്ങിന് ഡാർക്ക് ഗാൽവനോ (ഒരു തരം കറുപ്പ്) നിറവുമാണ്. കെടിഎമ്മിന്റെ സ്വന്തം ഓറഞ്ച് നിറമാണ് അലോയ് വീൽ, ഗ്രാഫിക്സ് എന്നിവയ്ക്ക്‌ നൽകിയിരിക്കുന്നത്. ഡാർക്ക് ഗാൽവനോ കൂടാതെ ആർസി 125 കറുപ്പ്, വെളുപ്പ്, ഓറഞ്ച് എന്നീ മൂന്ന് നിറങ്ങൾ ചേർന്ന മറ്റൊരു കളർ കോമ്പിനേഷനിലും ലഭ്യമാണ്.

മെറ്റാലിക് സിൽവർ നിറമാണ് ആർ സി 390 ബൈക്കിന് നൽകുന്നത്. ഫെയറിങ്ങിനും പെട്രോൾ ടാങ്കിനും സിൽവർ, ഫ്രയിമിനും റെയിൽ പീസിനും അലോയ് വീലിനും ഓറഞ്ച്, മുൻ മഡ്ഗാർഡ് ഫെയറിങ്ങിന്റെ താഴ്ഭാഗത്ത് കറുപ്പ് എന്നിവ ചേർന്നതാണ് പുത്തൻ കളർ കോമ്പിനേഷൻ. കെടിഎം ആർസി 390 ഇതുവരെ കറുപ്പ്/വെളുപ്പ് നിറങ്ങളുടെ കോമ്പിനേഷനോടൊപ്പം ഓറഞ്ച് നിറത്തിലുള്ള ട്രെല്ലിസ് ഫ്രെയിം, കറുപ്പ് അലോയ് വീൽ ചേർന്ന കളർ കോമ്പിനേഷനിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ.

പുത്തൻ നിറങ്ങളുടെ വരവ് കെടിഎം ആർസി ബൈക്കുകളുടെ വില കൂട്ടിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.