Asianet News MalayalamAsianet News Malayalam

അവന്‍ വന്നുകയറി, അതോടെ ഈ വണ്ടി കുടുംബത്തിന് ലോട്ടറിയടിച്ചു, വളര്‍ച്ച 131 ശതമാനം!

2021 സെപ്റ്റംബറിലെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍  131 ശതമാനം വളര്‍ച്ചയാണ് കമ്പനിക്ക് എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നത്

Kushaq SUV boosts Skoda sales to more than 130 percent in September
Author
Mumbai, First Published Oct 2, 2021, 12:46 PM IST
  • Facebook
  • Twitter
  • Whatsapp

ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ (Skoda) കോംപാക്ട് എസ്‍യുവി ആയ കുഷാഖ് (kushaq) 2021 ജൂലൈയിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഏറെക്കാലത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് കൊറിയൻ ആധിപത്യമുള്ള മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് യൂറോപ്പിന്റെ കരുത്ത് കാട്ടാൻ കുഷാഖ് (Kushaq) എത്തിയത്. മികച്ച ബുക്കിംഗ് (Booking) നേടി മുന്നേറുകയാണ് വാഹനം. 

ഇപ്പോഴിതാ കുഷാഖിന്‍റെ കരുത്തില്‍ വില്‍പ്പനയില്‍ വമ്പന്‍ മുന്നേറ്റമാണ് സ്‍കോഡയ്ക്ക് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2021 സെപ്റ്റംബറിലെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍  131 ശതമാനം വളര്‍ച്ചയാണ് കമ്പനിക്ക് എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2020 സെപ്റ്റംബറില്‍, 1,312 കാറുകളാണ് കമ്പനി വിറ്റതെങ്കില്‍, കഴിഞ്ഞ മാസം അത് 3,027 യൂണിറ്റുകളായി ഉയര്‍ത്താനും കമ്പനിക്ക് സാധിച്ചു. വാര്‍ഷിക വില്‍പ്പനയുടെ (YoY) അടിസ്ഥാനത്തില്‍ വില്‍പ്പന ഏകദേശം 131 ശതമാനം വര്‍ധിച്ചുവെന്നും കമ്പനി അഭിപ്രായപ്പെട്ടു. കമ്പനിയുടെ ശക്തമായ വില്‍പ്പന വളര്‍ച്ചയുടെ പ്രധാന കാരണം ഈ വര്‍ഷം എത്തിയ കുഷാഖാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

രണ്ട് എന്‍ജിന്‍ ഓപ്ഷനൊപ്പം ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനില്‍ ആക്ടീവ്, അംബീഷന്‍, സ്റ്റൈല്‍ എന്നീ മൂന്ന് വേരിയന്റുകളിലാണ് കുഷാഖ് എത്തുന്നത്. 
ഡീസൽ ഒഴിവാക്കി രണ്ട്​ പെട്രോൾ എഞ്ചിനുകളുമായാണ്​ വാഹനം വിപണിയിലെത്തിയത്​. 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടി‌എസ്‌ഐ, 1.5 ലിറ്റർ നാല് സിലിണ്ടർ ടി‌എസ്‌ഐ എന്നീ എഞ്ചിനുകളാണ് വാഹനത്തിന്‍റെ ഹൃദയങ്ങള്‍. ആദ്യത്തേത് 113 ബിഎച്ച്പി കരുത്തുള്ളതാണ്​. രണ്ടാമത്തേത് 147 ബിഎച്ച്പി കരുത്ത് ഉത്​പാദിപ്പിക്കും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സും ഓപ്ഷണൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും (1.0-ലിറ്റർ ടിഎസ്ഐ) 7 സ്പീഡ് ഡിഎസ്‍ജിയും (1.5 ലിറ്റർ ടിഎസ്ഐ) ഉൾപ്പെടും.

10.49 ലക്ഷം രൂപ മുതല്‍ 17.59 ലക്ഷം രൂപ വരെയാണ്  കുഷാഖിന്‍റെ ഇന്ത്യയിലെ എക്‌സ്‌ഷോറും വില. 95 ശതമാനവും പ്രാദേശികമായി നിര്‍മിച്ചതിനാലാണ് കുഷാക്കിനെ ഈ ശ്രേണിയില്‍ തന്നെ ഇത്രയും കുറഞ്ഞ വിലയ്ക്ക് വിപണിയില്‍ എത്തിക്കാന്‍ സാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്ത്യ 2.0 പ്രോജക്‌ടിന്റെ ഭാഗമായി സ്‌കോഡ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ കാറാണ്‌ കുഷാഖ്‌.  സംസ്‍കൃതത്തിലെ കുഷാക് എന്ന വാക്കാണ് ഈ പേരിന് ആധാരം. രാജാവ്, ചക്രവർത്തി എന്നൊക്കെയാണ് ഈ പേരിന്‍റെ അർത്ഥം. ഏറെക്കാലത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് കൊറിയൻ ആധിപത്യമുള്ള മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് യൂറോപ്പിന്റെ കരുത്ത് കാട്ടാൻ കുഷാഖ് എത്തിയത്. കുഷാഖിന്‍റെ മുഖ്യ ലക്ഷ്യം തന്നെ നിലവിലെ വമ്പന്മാരായ ക്രെറ്റയെയും സെൽറ്റോസിനെയും മലര്‍ത്തിയടിക്കുക എന്നതാണ്.  അതുകൊണ്ടു തന്നെ ഈ വർഷം എസ്‌യുവിയുടെ കുറഞ്ഞത് 50,000 യൂണിറ്റുകൾ എങ്കിലും വിറ്റഴിക്കാനാണ് സ്കോഡ പദ്ധതിയിട്ടിരിക്കുന്നത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.

Follow Us:
Download App:
  • android
  • ios