രക്ഷാപ്രവര്‍ത്തനത്തിനിടെ ശ്രദ്ധയില്‍പ്പെടാത്തതിനെ തുടര്‍ന്ന് നഷ്‍ടമായത് ഓട്ടോറിക്ഷാ യാത്രികയായ വീട്ടമ്മയുടെ ജീവന്‍. കൂടെയുള്ളവര്‍ ആശുപത്രിയിലെത്തിച്ച ശേഷവും മണിക്കൂറുകളോളം അപകടത്തില്‍പ്പെട്ട വാഹനത്തിനടിയില്‍ ആരുംകാണാതെ കിടന്ന 33കാരി ഒടുവില്‍ മരണത്തിനു കീഴടങ്ങി. തൃശൂര്‍ വടക്കാഞ്ചേരി വാഴക്കോടാണ് ദാരുണസംഭവം. 

കാഞ്ഞിരശേരി സ്വദേശി സന്ധ്യ (33) ആണ് മരിച്ചത്. കഴിഞ്ഞദിവവസം വൈകിട്ടായിരുന്നു അപകടം. വടക്കാഞ്ചേരിക്ക് വരികയായിരുന്ന ഓട്ടോറിക്ഷയും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോയില്‍ സന്ധ്യയ്ക്കൊപ്പം 12കാരനായ മകന്‍ നിവേദും ഉണ്ടായിരുന്നു. കൂട്ടിയിടിച്ച് മറിഞ്ഞ ഓട്ടോയില്‍ നിന്നും നിവേദിനെയും ഡ്രൈവര്‍ കാഞ്ഞിരശേരി സ്വദേശി സുബ്രഹ്മണ്യനെയും പരിക്കുകളോടെ ഓടിക്കൂടിയ നാട്ടുകാര്‍ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു.  എന്നാല്‍ ഓട്ടോറിക്ഷയുടെ അടിയില്‍പ്പെട്ടുപോയ സന്ധ്യയെ ആരും കണ്ടില്ല.

ഇതിനിടെ ആശുപത്രിയില്‍ വച്ച് ഡ്രൈവര്‍ സുഹൃത്തിനെ വിളിച്ച് ഓട്ടോറിക്ഷയില്‍ കുറച്ച് പണം ഉണ്ടെന്നും അതെടുക്കണമെന്നും പറഞ്ഞു. തുടര്‍ന്ന് അപകസ്ഥലത്തെത്തിയ ഡ്രൈവറുടെ സുഹൃത്ത് വാഹനം പരിശോധിക്കുന്നതിനിടയിലാണ് ഓട്ടോയുടെ അടിയില്‍പ്പെട്ട നിലയില്‍ യുവതിയെ കണ്ടെത്തുന്നത്. അപ്പോഴേക്കും അപകടം നടന്നിട്ട് ഒരു മണിക്കൂറോളം കഴിഞ്ഞിരുന്നു. ഇതിനിടെ പരിക്കേറ്റ കുട്ടി അമ്മയെ അന്വേഷിച്ചതോടെ മറ്റുള്ളവരും സംഭവസ്ഥലത്ത് എത്തി. തുടര്‍ന്ന് യുവതിയെ വാഹനത്തിന്‍റെ അടിയില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ജീവന്‍ നഷ്‍ടമായിരുന്നു.