ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മിതാക്കളായ ലംബോര്‍ഗിനിയുടെ അൾട്ര ലക്ഷ്വറി സൂപ്പര്‍ കാറാണ് അവന്‍റഡോര്‍. ഈ വാഹനത്തിന്‍റെ കരുത്ത് കൂട്ടിക്കൊണ്ടുള്ള മോഡിഫിക്കേഷനിലെ പിഴവിനെ തുടര്‍ന്ന് വാഹനം പൂര്‍ണമായും കത്തിനശിച്ച വാര്‍ത്തയാണ് ചെക്ക് റിപ്പബ്ലിക്കില്‍ നിന്നും വരുന്നത്. 

690 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന 6.5 ലിറ്റര്‍ വി12 എന്‍ജിനാണ് അവന്‍റഡോറിന്‍റെ ഹൃദയം.  515 കിലോവാട്ട് പവര്‍ ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍  വെറും 2.6 സെക്കന്‍ഡുകള്‍ മതി ഈ വാഹനത്തിന്. മണിക്കൂറില്‍ 380 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത.

എന്നാല്‍ 515 കിലോവാട്ട്  കരുത്ത് മതിയാകാതെ വന്ന ഉടമ 950 കിലോവാട്ടിലേക്ക് ഉയര്‍ത്തി എന്‍ജിനില്‍ മാറ്റം വരുത്തിയതാണ് വിനയായത്. വി12 എന്‍ജിന് മുകളില്‍ ട്വിന്‍ ടര്‍ബോ സംവിധാനം നല്‍കിയാണ് കരുത്തു കൂട്ടിയത്. ഇതാണ് വാഹനത്തിന്‍റെ നാശത്തിലേക്ക് നയിച്ചതും. ഈ ടര്‍ബോ സംവിധാനം എന്‍ജിനിലെ താപനില ഉയര്‍ത്തി. ഇതാണ് വാഹനത്തിന് തീപിടിക്കാന്‍ കാരണമെന്നാണ് വാഹന വിദഗ്‍ധര്‍ പറയുന്നത്. 

ഒരു തുരങ്കത്തിനകത്ത് വെച്ചാണ് വാഹനത്തിന് തീപിടിച്ചത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്‍തിട്ടില്ല. വാഹനത്തിന്റെ വിലയും മറ്റ് മോഡിഫിക്കേഷനുമൊക്കെയായി 2.5 മില്ല്യണ്‍ ഡോളാണ് ഉടമ ചെലവാക്കിയത്. അതായത് ഏകദേശം 17.79 കോടി രൂപ.  

അപകടം നടന്നയുടന്‍ തന്നെ അഗ്നിശമനാ സേന രക്ഷാപ്രവര്‍ത്തനത്തിനെത്തിയെങ്കിലും വാഹനം രക്ഷിക്കാനായില്ല. വാഹനം കത്തിനശിക്കുന്നതിന്‍റെയും തീയണയ്ക്കാന്‍ ശ്രമിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.