ഇറ്റാലിയന്‍ സ്പോര്‍ട്‍സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ പെര്‍ഫോമെന്‍സ് മോഡലായ ഹുറാകാന്‍ ഇവോ സ്പൈഡര്‍ റിയര്‍ വീല്‍ ഡ്രൈവ് (RWD)ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.  3.54 കോടി രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറും വില എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പതിപ്പിനെ കഴിഞ്ഞ വര്‍ഷമാണ് കമ്പനി അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ചത്. ആഗോള വിപണിയില്‍ കഴിഞ്ഞ വര്‍ഷമെത്തിയ ഈ വാഹനം ഒരു വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയില്‍ എത്തുന്നത്.

ബ്ലൂ സൈഡറീസ് നിറത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ ഹുറാകാന്‍ ഇവോ റിയര്‍ വീല്‍ ഡ്രൈവ് മോഡല്‍ ലംബോര്‍ഗിനി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിട്ടുള്ളത്. ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ആകര്‍ഷകമായ കണ്‍വെര്‍ട്ടബിള്‍ മോഡലുകളില്‍ ഒന്നാണ് ഈ മോഡല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍ജിന്‍ സവിശേഷതകളിലും ഫീച്ചറുകളിലും ഹുറേകാന്‍ ഇവോയുടെ ഓള്‍ വീല്‍ ഡ്രൈവ് മോഡലും ആര്‍ഡബ്ല്യുഡി പതിപ്പും സമാനമാണെന്നാണ് കമ്പനി പറയുന്നത്. 

ലുക്കിലും ഓള്‍ വീല്‍ ഡ്രൈവില്‍ നിന്നും വ്യത്യസ്‍തമാണ്. ഫ്രെണ്ട് സ്പ്ലിറ്ററിലും എയര്‍ ഇന്‍ടേക്കിലും വരുത്തിയ മാറ്റങ്ങളിലൂടെയാണ് മുന്നില്‍ പുതുമ നല്‍കിയിട്ടുള്ളത്. പിന്നില്‍ പുതിയ ഡിഫ്യൂസര്‍ പുതുമയാണ്. സെന്‍ട്രല്‍ കണ്‍സോളില്‍ 8.4 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനുണ്ട്. ക്ലൈമെറ്റ് കണ്‍ട്രോള്‍ മുതല്‍ അഡ്വാന്‍സ്ഡ് വോയ്‌സ് കമാന്‍ഡ് സംവിധാനവും ഈ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ലംബോര്‍ഗിനി ഹുറാകാന്‍ ഇവോ സ്പൈഡര്‍ റിയര്‍-വീല്‍-ഡ്രൈവ് ഒരു ജീവിതശൈലി തെരഞ്ഞെടുക്കാനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. മുന്‍വശത്ത്, കാര്‍ RWD കൂപ്പേയ്ക്ക് സമാനമാണ്. സ്പൈഡറിന്റെ സോഫ്റ്റ്-ടോപ്പ് റൂഫ് 17 സെക്കന്‍ഡിനുള്ളില്‍ തുറക്കാനും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കാനും കഴിയും. സോഫ്റ്റ്-ടോപ്പ് മുകളിലേക്കോ താഴേയ്ക്കോ ഉപയോഗിച്ച്, ഡ്രൈവര്‍ക്ക് പിന്‍ വിന്‍ഡോ ഇലക്ട്രോണിക്കായി തുറക്കാനും സാധിക്കും. 

ഹുറാകാന്‍ ഇവോയ്ക്ക് കരുത്തേകുന്ന എന്‍ജിന്‍ തന്നെയാണ് റിയര്‍ വീല്‍ ഡ്രൈവ് പതിപ്പിലും. ഇതിലെ 5.2 ലിറ്റര്‍ വി10 നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍  എഞ്ചിന്‍ 602 ബി.എച്ച്. പി. പവറും 560 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിന് കേവലം 3.5 സെക്കന്‍ഡുകള്‍ മാത്രം മതി. 324 കിലോമീറ്ററാണ് വാഹനത്തിന്‍റെ പരമാവധി വേഗത.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona