Asianet News Malayalam

വേഗരാജാവിന്‍റെ പുത്തന്‍ മോഡലുമായി ലംബോര്‍ഗിനി

ഹുറാകാന്‍ പെര്‍ഫൊര്‍മാന്റെയുമായി താരതമ്യം ചെയ്യുമ്പോള്‍ 43 കിലോഗ്രാം ഭാരം കുറവാണ് പുതിയ ഹുറാകാന്‍ സ്‍ടിഒക്ക്

Lamborghini Huracan STO launched
Author
Mumbai, First Published Jul 16, 2021, 11:19 AM IST
  • Facebook
  • Twitter
  • Whatsapp

സൂപ്പർ കാറുകളിലെ കിരീടംവയ്​ക്കാത്ത രാജാവെന്നാണ് ഇറ്റാലിയന്‍ സ്പോര്‍ട്‍സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ പെര്‍ഫോമെന്‍സ് മോഡലായ ഹുറാകാൻ അറിയപ്പെടുന്നത്. ഇപ്പോഴിതാ ഹുറാകാന്‍ എസ്‍ടിഒ എന്ന മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 4.99 കോടി രൂപയാണ് ഇന്ത്യയിലെങ്ങും എക്‌സ് ഷോറൂം വിലയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹുറാകാന്‍ പെര്‍ഫോര്‍മന്റ് എന്ന വാഹനത്തിന് പകരക്കാരനായ ഈ വാഹനം കഴിഞ്ഞ വര്‍ഷം നവംബറിലാണ് ആഗോള അരങ്ങേറ്റം നടത്തിയത്. ഹുറാകാന്‍ പെര്‍ഫൊര്‍മാന്റെയുമായി താരതമ്യം ചെയ്യുമ്പോള്‍ 43 കിലോഗ്രാം ഭാരം കുറവാണ് ഹുറാകാന്‍ സ്‍ടിഒക്ക്. ബോഡിവര്‍ക്കില്‍ 75 ശതമാനത്തില്‍ കൂടുതല്‍ കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചതാണ് ഇതിന് പ്രധാന കാരണം. വിന്‍ഡ്‌സ്‌ക്രീനിന് മാത്രം 20 ശതമാനം ഭാരം കുറഞ്ഞു. ലംബോര്‍ഗിനി ഹുറാകാന്‍ എസ്ടിഒയുടെ ആകെ ഡ്രൈ വെയ്റ്റ് 1,339 കിലോഗ്രാമാണ്.

റേസ് കാർ സ്റ്റൈലിങിനായി​ ഫ്രണ്ട് ഫെൻഡർ, ബോണറ്റിലെ വെൻറുകൾ, പുതിയ ഫ്രണ്ട് സ്പ്ലിറ്റർ, നാക എയർ ഇൻടേക്കുകൾ, എഞ്ചിൻ കവറിലെ എയർസ്‌കൂപ്പ്, ഡിഫ്ലെക്ടർ ഡിസൈൻ, ക്രമീകരിക്കാവുന്ന സ്‌പോയിലർ, മഗ്നീഷ്യം വീലുകൾ, പുതിയ റിയർ ഡിഫ്യൂസർ, പുനർ‌രൂപകൽപ്പന ചെയ്‌ത അണ്ടർ‌ബോഡി എന്നിവയെല്ലാം നൽകിയിട്ടുണ്ട്​​. ഭാരം ലാഭിക്കാനായി കാറി​ന്‍റെ ബോഡി പാനലുകളിൽ 75 ശതമാനവും കാർബൺ ഫൈബറിലാണ് നിർമിച്ചതെന്ന് ലംബോർഗിനി പറയുന്നു.

ഹുറാകാന്‍ പെര്‍ഫൊര്‍മാന്റെ ഉപയോഗിച്ചിരുന്ന അതേ 5.2 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ്, വി10 എന്‍ജിനാണ് പുതിയ മോഡലായ ലംബോര്‍ഗിനി ഹുറാകാന്‍ എസ്‍ടിഒയുടെ ഹൃദയം. പരമാവധി ഏകദേശം 630 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുംവിധം എന്‍ജിന്‍ ട്യൂണ്‍ ചെയ്തു. അതേസമയം 565 ന്യൂട്ടണ്‍ മീറ്ററായി ടോര്‍ക്ക് കുറഞ്ഞു. മുന്‍ഗാമിയില്‍ 600 എന്‍എം ആയിരുന്നു. ഈ റിയര്‍ വീല്‍ ഡ്രൈവ് കാറിന് പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 3.0 സെക്കന്‍ഡും 200 കിമീ വേഗമാര്‍ജിക്കാന്‍ 9.0 സെക്കന്‍ഡും മതി. മണിക്കൂറില്‍ 310 കിലോമീറ്ററാണ് ടോപ് സ്പീഡ്. നിരത്തുകള്‍ക്കായി എസ്ടിഒ, ട്രാക്കുകളില്‍ ഉപയോഗിക്കുന്നതിന് ട്രോഫി, പേര് സൂചിപ്പിക്കുന്നതുപോലെ റെയ്ന്‍ എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ നല്‍കി.

ഏഴ്‍ സ്‍പീഡ്, ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് വഴി പിൻ ചക്രങ്ങളിലേക്കാണ്​ കരുത്തുപകരുന്നത്​. കടുപ്പമുള്ള സ്​പ്രിങ്ങുകൾ, വിശാലമായ ട്രാക്​ പുതിയ ആൻറി-റോൾ ബാറുകൾ, മികച്ച സ്റ്റിയറിംഗ്, കാർബൺ സെറാമിക് ബ്രേക്കുകൾ എന്നിവയാണ് മറ്റ് മെക്കാനിക്കൽ അപ്‌ഗ്രേഡുകൾ. റിയർ വീൽ സ്റ്റിയറിംഗും ഹുറാക്കൻ എസ്​ടിഒയിൽ ഉണ്ട്.

നീല-ഓറഞ്ച് എന്നീ ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് ഹുറാകാന്‍ എസ്.ടി.ഒ. ഒരുങ്ങിയിട്ടുള്ളത്. സ്വീപ്ബാക്ക് എന്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ഡബ്ല്യു ഷേപ്പിലുള്ള പുതിയ ഡി.ആര്‍.എല്‍, ബമ്പറിലും ബോണറ്റിലും നല്‍കിയിട്ടുള്ള ഒറഞ്ച് നിറമുള്ള ആക്‌സെന്റുകള്‍, മുന്നിലെ ബമ്പറിലെ ബ്ലാക്ക് ഡിഫ്യൂസര്‍, 20 ഇഞ്ച് വലിപ്പമുള്ള സ്റ്റൈലിഷായ അലോയി വീലുകള്‍ എന്നിവ ഈ വാഹനത്തിന്റെ സ്‌പോര്‍ട്ടി ഭാവത്തിന് കരുത്തേകുന്നു. 

പിറകില്‍, ഓറഞ്ചുനിറ സാന്നിധ്യത്തോടെ വലിയ സ്‌പോയ്‌ലര്‍, സ്ലീക്ക് എല്‍ഇഡി ടെയ്ല്‍ലാംപുകള്‍, ഉയര്‍ത്തി സ്ഥാപിച്ച ഇരട്ട എക്‌സോസ്റ്റ് പൈപ്പുകള്‍, റിയര്‍ ഡിഫ്യൂസര്‍ എന്നിവ ലഭിച്ചു. ക്രമീകരിക്കാവുന്ന സ്‌പോയ്‌ലര്‍ നല്‍കിയതിനാല്‍ എയ്‌റോഡൈനാമിക് ക്ഷമത 37 ശതമാനം വര്‍ധിച്ചു. ഹുറാകാന്‍ പെര്‍ഫൊര്‍മാന്റെയേക്കാള്‍ 53 ശതമാനം കൂടുതല്‍ ഡൗണ്‍ഫോഴ്‌സ് മറ്റൊരു സവിശേഷതയാണ്. പിറകിലെ ബോണറ്റില്‍ ഷാര്‍ക്ക് ഫിന്‍ നല്‍കി.

പുതിയ ഹ്യൂമന്‍ മഷീന്‍ ഇന്റര്‍ഫേസ് (എച്ച്എംഐ) ഗ്രാഫിക്‌സ് ഫീച്ചര്‍ സഹിതമാണ് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം അവതരിപ്പിച്ചത്. ഡ്രൈവ് മോഡ് ഇന്‍ഡിക്കേറ്റര്‍, എല്‍ഡിവിഐ സിസ്റ്റം, ടയര്‍ പ്രഷര്‍, ബ്രേക്കുകളിലെ ചൂട് എന്നിവയെല്ലാം ഇവിടെ കൈകാര്യം ചെയ്യാം. റേസ്ട്രാക്കുകളിലെ തങ്ങളുടെ പ്രകടനം നിരീക്ഷിക്കുന്നതിനും റെക്കോര്‍ഡ് ചെയ്യുന്നതിനുമായി ഫുള്ളി കണക്റ്റഡ് ടെലിമെട്രി സിസ്റ്റം നല്‍കി. ‘ലംബോര്‍ഗിനി ഉണിക്ക’ ആപ്പ് വഴി ഈ ഡാറ്റ വിശകലനം ചെയ്യാം.

കാര്‍ബണ്‍ സ്‌കിന്‍ മെറ്റീരിയലിലാണ് ഈ വാഹനത്തിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. അല്‍ക്കാന്ററയേക്കാള്‍ ഭാരം കുറഞ്ഞതാണ് ലംബോര്‍ഗിനിയുടെ സ്വന്തമായ കാര്‍ബണ്‍സ്‌കിന്‍ എന്ന ഫാബ്രിക്. സ്‌പോര്‍ട്ട് സീറ്റുകള്‍, സ്റ്റിയറിംഗ് വളയം, ഡാഷ്‌ബോര്‍ഡ് എന്നിവ അലങ്കരിക്കാന്‍ കാര്‍ബണ്‍സ്‌കിന്‍ ഉപയോഗിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios