Asianet News MalayalamAsianet News Malayalam

ഉറൂസ് 'പേള്‍ കാപ്‌സ്യൂള്‍ എഡിഷന്‍' ഇന്ത്യയിലെത്തിച്ച് ലംബോര്‍ഗിനി

വാഹനത്തിന്‍റെ ആദ്യ യൂണിറ്റ് ഇന്ത്യയിൽ എത്തിയെന്നും ദക്ഷിണേന്ത്യയിലാണ് പ്രത്യേക പതിപ്പിന്റെ ആദ്യ യൂണിറ്റ് ഡെലിവറി ചെയ്യുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Lamborghini launches Urus 'Pearl Capsule Edition' in India
Author
Mumbai, First Published Mar 12, 2021, 6:59 PM IST

ഇറ്റാലിയന്‍ ആഡംബര വാഹനനിര്‍മ്മാതാക്കളായ ലംബോർഗിനിയുടെ എസ്‌യുവി മോഡലാണ് ഉറൂസ്. ഇപ്പോള്‍ ഉറൂസിന്‍റെ പേള്‍ കാപ്‌സ്യൂള്‍ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ലംബോര്‍ഗിനി. കൂടുതല്‍ സ്‌പോര്‍ട്ടിയായ നിറങ്ങള്‍, കുറേക്കൂടി മികച്ച ഫിനിഷ്, മെച്ചപ്പെട്ട ഇന്റീരിയര്‍ എന്നിവ ലഭിച്ചതാണ് പെര്‍ഫോമന്‍സ് എസ്‌യുവിയുടെ പ്രത്യേക പതിപ്പെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാഹനത്തിന്‍റെ ആദ്യ യൂണിറ്റ് ഇന്ത്യയിൽ എത്തിയെന്നും ദക്ഷിണേന്ത്യയിലാണ് പ്രത്യേക പതിപ്പിന്റെ ആദ്യ യൂണിറ്റ് ഡെലിവറി ചെയ്യുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വില എത്രയെന്ന് ലംബോര്‍ഗിനി ഇന്ത്യ പ്രഖ്യാപിച്ചിട്ടില്ല. സ്റ്റാന്‍ഡേഡ് ഉറുസിന് 3.15 കോടി രൂപയിലാണ് ഇന്ത്യ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. ആകര്‍ഷകമായ നിറങ്ങള്‍, ഗ്ലോസ് ഫിനിഷിംഗ്, പുതിയ അലോയ് വീലുകള്‍, പുതിയ മെറ്റീരിയലുകള്‍, പുതിയ അപോള്‍സ്റ്ററി ഓപ്ഷനുകള്‍ എന്നിവ ഉള്‍പ്പെട്ട പൂര്‍ണമായും പുതിയ ലുക്ക് ലഭിക്കുന്ന പ്രത്യേക പാക്കേജാണ് പേള്‍ കാപ്‌സ്യൂള്‍ എഡിഷന്‍.

ജിയാല്ലോ ഇന്റി (മഞ്ഞ), വെര്‍ഡി മാന്റിസ് (ലൈം ഗ്രീന്‍), അറാന്‍സിയോ ബോറിയാലിസ് (ഓറഞ്ച്) എന്നീ മൂന്ന് കാന്‍ഡി കളര്‍ ഓപ്ഷനുകളില്‍ ലംബോര്‍ഗിനി ഉറുസ് പേള്‍ കാപ്‌സ്യൂള്‍ എഡിഷന്‍ ലഭിക്കും. ബംപറുകള്‍, ഒആര്‍വിഎമ്മുകള്‍, ബോഡി സ്‌കര്‍ട്ടുകള്‍, വീല്‍ ക്ലാഡിംഗ്, റൂഫ് എന്നിവിടങ്ങളില്‍ ഗ്ലോസ് ബ്ലാക്ക് ഫിനിഷ് നല്‍കിയതോടെ ഡുവല്‍ ടോണ്‍ പെയിന്റ് സ്‌കീം ലഭിച്ചു. സ്റ്റാന്‍ഡേഡ് ഉറുസ് എസ്‌യുവിയില്‍ മാറ്റ് ഫിനിഷാണ് നല്‍കിയിരുന്നത്. കൂടുതല്‍ ഡാര്‍ക്ക് മാറ്റ് ഫിനിഷ് ലഭിച്ചതാണ് ക്വാഡ് എക്‌സോസ്റ്റ് ടിപ്പുകള്‍. സ്റ്റാന്‍ഡേഡ് വേര്‍ഷനില്‍ ബ്രഷ്ഡ് സില്‍വറാണ് നല്‍കിയത്. 23 ഇഞ്ച് ഹൈ ഗ്ലോസ് അലോയ് വീലുകളാണ് മറ്റൊരു വലിയ പരിഷ്‌കാരം. സ്റ്റാന്‍ഡേഡ് ഉറുസിന് ലഭിച്ചത് 21 ഇഞ്ച് വ്യാസമുള്ള ചക്രങ്ങളായിരുന്നു.

ഡുവല്‍ ടോണ്‍ അല്‍കാന്ററ തുക പൊതിഞ്ഞാണ് സീറ്റുകള്‍. കോണ്‍ട്രാസ്റ്റ് എന്ന നിലയില്‍ ബോഡിയുടെ അതേ നിറമുള്ള തുന്നലുണ്ട്. ബാക്ക്‌റെസ്റ്റില്‍ ഉറുസ് എന്ന പേര് എംബ്രോയ്ഡറി ചെയ്തിരിക്കുന്നു. ഹെഡ്‌റെസ്റ്റില്‍ ലംബോര്‍ഗിനി ലോഗോ കാണാം. ഡോര്‍ പാനലുകളില്‍ കാര്‍ബണ്‍ ഫൈബര്‍ ഇന്‍സര്‍ട്ടുകള്‍ നല്‍കി. കാബിനില്‍ കറുപ്പ് നിറ സാന്നിധ്യം കാണാം.

നിലവിലെ അതേ 4.4 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ് വി8 എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 641 ബിഎച്ച്പി കരുത്തും 850 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെച്ചു. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം, 4 വീല്‍ സ്റ്റിയറിംഗ് സിസ്റ്റം എന്നിവ ലഭിച്ചു. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിമീ വേഗമാര്‍ജിക്കാന്‍ 3.6 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 305 കിലോമീറ്ററാണ് ടോപ് സ്പീഡ്. പേള്‍ കാപ്‌സ്യൂള്‍ എഡിഷന്‍ കൂടാതെ കസ്റ്റമൈസ്, പേഴ്‌സണലൈസ് ചെയ്യുന്നതിന് നിരവധി ഓപ്ഷനുകള്‍ ലഭ്യമാണ്.

അടുത്തിടെ ഇന്ത്യയില്‍ നൂറ് യൂണിറ്റ് ഉറുസ് എസ്‌യുവി ഡെലിവറി ചെയ്‍തതായി ലംബോര്‍ഗിനി പ്രഖ്യാപിച്ചിരുന്നു. കാല്‍ നൂറ്റാണ്ടുകള്‍ക്കു ശേഷം ലംബോര്‍ഗിനി നിരയില്‍ പിറന്ന രണ്ടാം എസ്‌യുവിയായ ഉറൂസിനെ  2017 ഡിസംബറിലാണ് ആഗോളതലത്തില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. 2018 ജനുവരിയിലാണ് ഉറുസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

2018 സെപ്റ്റംബറിലാണ് ഇന്ത്യയില്‍ ആദ്യ ബാച്ച് ലംബോര്‍ഗിനി ഉറുസ് ഡെലിവറി ചെയ്യാന്‍ ആരംഭിച്ചത്.  മൂന്ന് കോടി രൂപയാണ് എക്‌സ് ഷോറൂം വില. പൂര്‍ണമായി നിര്‍മിച്ചശേഷം (സിബിയു രീതി) ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് ലംബോര്‍ഗിനി ഉറുസ്.  സൂപ്പര്‍ ലക്ഷ്വറി കാര്‍ നിര്‍മാതാക്കളുടെ സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തിന് ഇന്ത്യയില്‍ ലഭിച്ച പ്രതികരണം അല്‍ഭുതപ്പെടുത്തുന്നതായിരുന്നു. ഇന്ത്യയില്‍ ഡെലിവറി ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ അമ്പത് യൂണിറ്റ് ഉറുസ് ഡിസ്പാച്ച് ചെയ്യാന്‍ കമ്പനിക്ക് കഴിഞ്ഞു.

അവതരണം മുതല്‍ തന്നെ പ്രീമിയം എസ്‌യുവികളിലെ ടോപ്പ് സെല്ലിങ്ങ് പട്ടം ഉറുസിന് സ്വന്തമായിരുന്നു. 2019-ല്‍ ലോകത്താകമാനം ഉറുസിന്റെ 4962 യൂണിറ്റാണ് വിറ്റഴിച്ചത്. ഇതില്‍ 50 യൂണിറ്റ് ഇന്ത്യയില്‍ വിറ്റഴിച്ചവയാണ്. ആ വര്‍ഷം ലംബോര്‍ഗിനിയുടെ ആകെ വില്‍പ്പന 8205 ആയിരുന്നു. 2020ല്‍ ഉറൂസ് എസ്‌യുവിയുടെ പുതിയ ഡിസൈൻ പതിപ്പ് കമ്പനി പുറത്തിറക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios