Asianet News MalayalamAsianet News Malayalam

ഇറങ്ങിയിട്ട് രണ്ട് വര്‍ഷം, നിരത്തില്‍ 10000 തികച്ച് ഈ ആഡംബര കാര്‍

ഇറ്റാലിയന്‍ ആഡംബര വാഹനനിര്‍മ്മാതാക്കളായ ലംബോർഗിനി എസ്‌യുവി മോഡലായ ഉറൂസ് 10,000 യൂണിറ്റ് എന്ന നാഴികകല്ല് പിന്നിട്ടു. 

Lamborghini Urus crosses 10000 unit production milestone
Author
Mumbai, First Published Jul 23, 2020, 3:51 PM IST

ഇറ്റാലിയന്‍ ആഡംബര വാഹനനിര്‍മ്മാതാക്കളായ ലംബോർഗിനി എസ്‌യുവി മോഡലായ ഉറൂസ് 10,000 യൂണിറ്റ് എന്ന നാഴികകല്ല് പിന്നിട്ടു. 10,000 എന്ന ചേസിസ് നമ്പര്‍ നല്‍കി മാറ്റ് ബ്ലാക്ക് നിറത്തിലാണ് 10,000 തികച്ച വാഹനം പുറത്തിറക്കിയിരിക്കുന്നത്. കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ച് ഇന്റീരിയര്‍ നിര്‍മിച്ചിരിക്കുന്ന ഈ വാഹനം റഷ്യയിലായിരിക്കും  എത്തുകയെന്നാണ് സൂചന. 

കാല്‍ നൂറ്റാണ്ടിന് ശേഷം ലംബോര്‍ഗിനി നിരയില്‍ പിറവിയെടുത്തിരിക്കുന്ന രണ്ടാം എസ്‌യുവിയാണ് ഉറൂസ്.  2018 ജനുവരിയിലാണ് ഉറുസ് അവതരിപ്പിച്ചത്. 4.0 ലിറ്റര്‍ ട്വിന്‍ടര്‍ബ്ബോ V8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസിന്റെ ഹൃദയം. 6,000 ആര്‍പിഎമ്മില്‍ 641 ബിഎച്ച്പി കരുത്തും 2,2504,500 ആര്‍പിഎമ്മില്‍ 850 Nm ടോര്‍ഖും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും.

3.6 സെക്കന്‍ഡുകള്‍ കൊണ്ട് നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഉറൂസിന് സാധിക്കും. മണിക്കൂറില്‍ 305 കിലോമീറ്ററാണ് വാഹനത്തിന്‍റെ പരമാവധി വേഗത. 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ വാഹനം ബ്രേക്ക് ചെയ്താല്‍ 33.7 മീറ്റര്‍ ദൂരത്തിനുള്ളില്‍ നിര്‍ത്താന്‍ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്‍യുവി എന്ന സവിശേഷതയുമുള്ള വാഹനമാണ് ഉറൂസ്. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ സൂപ്പര്‍ എസ്‌യുവി.

ആറ് ഡ്രൈവിംഗ് മോഡുകളുണ്ട് ഉറൂസില്‍. ഇതില്‍ സാബിയ (മണല്‍), ടെറ (ഗ്രാവല്‍), നിവി (മഞ്ഞ്) എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ഓഫ്‌റോഡിംഗ് ലക്ഷ്യമിട്ടുള്ളതാണ്. 5,112 മി.മീ നീളവും, 2,016 മി.മീ വീതിയും, 1,683 മി.മീ ഉയരവുമാണ് എസ്‌യുവിക്കുള്ളത്. 3,003 മി.മീ നീളമേറിയതാണ് വീല്‍ബേസ്. ഫോക്‌സ്വാഗണിന്റെ എംഎല്‍ബി ഇവോ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന സൂപ്പര്‍ എസ്‌യുവിയാണ് ഉറുസ്. രൂപകല്‍പ്പനയിലും സാങ്കേതിക വിദ്യയിലും ഉന്നത നിലവാരം പുലര്‍ത്തുന്ന ഉറുസിന് 'സൂപ്പര്‍ എസ്.യു.വി.' എന്ന വിശേഷണവുമുണ്ട്. 

അവതരണം മുതല്‍ തന്നെ പ്രീമിയം എസ്‌യുവികളിലെ ടോപ്പ് സെല്ലിങ്ങ് പട്ടം ഉറുസിന് സ്വന്തമായിരുന്നു. 2019-ല്‍ ലോകത്താകമാനം ഉറുസിന്റെ 4962 യൂണിറ്റാണ് വിറ്റഴിച്ചത്. ഇതില്‍ 50 യൂണിറ്റ് ഇന്ത്യയില്‍ വിറ്റഴിച്ചവയാണ്. ആ വര്‍ഷം ലംബോര്‍ഗിനിയുടെ ആകെ വില്‍പ്പന 8205 ആയിരുന്നു.

അടുത്തിടെ ഉറൂസ് എസ്‌യുവിയുടെ പുതിയ ഡിസൈൻ പതിപ്പ് കമ്പനി പുറത്തിറക്കിയിരുന്നു. പുതിയതും അപ്‌ഡേറ്റ് ചെയ്‌തതുമായ സ്റ്റാൻഡേർഡ് പെയിന്റ് ഓപ്ഷനുകളിൽ നിന്നും കൂടുതൽ ഇന്റീരിയർ കസ്റ്റമൈസേഷനുകളിൽ നിന്നും ലംബോർഗിനി ഉറൂസ് ഉടമകൾക്ക് ഇപ്പോൾ തിരഞ്ഞെടുക്കാം.

ലംബോർഗിനിയുടെ പരമ്പരാഗത ഹൈ-ഗ്ലോസ്സ് നാല്-ലെയർ പേൾ നിറങ്ങളായ ഗിയല്ലോ ഇൻറ്റി, അരാൻസിയോ ബോറാലിസ്, വെർഡെ മാന്റിസ് എന്നിവയുമായി സമന്വയിപ്പിച്ച പുതിയ ടു-ടോൺ കളർ ഓപ്ഷൻ, ഉയർന്ന ഗ്ലോസ് ബ്ലാക്ക് റൂഫ്, റിയർ ഡിഫ്യൂസർ, സ്‌പോയിലർ ലിപ് എന്നിവയുമായി സംയോജിപ്പിച്ചിരിക്കുന്നു. ഉയർന്ന ഗ്ലോസ്സ് ബ്ലാക്ക് 23 ഇഞ്ച് റിംസിന് സമാനമായി ടെയിൽ പൈപ്പുകൾ സ്പോർട്ടി മാറ്റ് ഗ്രേ നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്നു.

പുതിയ ഇന്റീരിയറിൽ സവിശേഷമായ ഇരട്ട-ടോൺ കളർ കോമ്പിനേഷനും, ഹെക്സഗൺ ഷേപ്പിലുള്ള Q-സിറ്റുറ അപ്ഹോൾസ്റ്ററി സ്റ്റിച്ചിംഗും ലോഗോ എംബ്രോയിഡറിയും ഉപയോഗിച്ചാണ് സീറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. പുതിയ കാർബൺ ഫൈബർ, കറുത്ത അനോഡൈസ്ഡ് അലുമിനിയം ഘടകങ്ങൾ എന്നിവ ക്യാബിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്.

പുതിയ കീ ഡിസൈനും ഇന്റലിജന്റ് പാർക്ക് അസിസ്റ്റ് ഉൾപ്പെടുന്ന ഒരു അപ്‌ഡേറ്റ് ചെയ്ത ഓപ്ഷണൽ പാർക്കിംഗ് അസിസ്റ്റ് പാക്കേജും 2021 ലംബോർഗിനി ഉറൂസിന്റെ മറ്റ് പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു. ഒരു ബട്ടണിന്റെ പുഷ് ചെയ്താൽ ഓട്ടോമാറ്റിക് പാർക്കിംഗിനായി സ്റ്റിയറിംഗ്, ത്രോട്ടിൽ, ബ്രേക്കിംഗ് ഫംഗ്ഷനുകൾ കൈകാര്യം ചെയ്യുന്നതിലൂടെ ഉറൂസ് എസ്‌യുവിയെ പാർക്ക് ചെയ്യാം.   3.60 കോടി രൂപയാണ് ഈ എസ്‌യുവിയുടെ എക്‌സ്‌ഷോറും വില. 

Follow Us:
Download App:
  • android
  • ios