Asianet News MalayalamAsianet News Malayalam

ഉറൂസ് വില്‍പ്പനയില്‍ പുതിയ നാഴികക്കല്ലുമായി ലംബോര്‍ഗിനി

മൂന്ന് വര്‍ഷം മുമ്പ് അവതരിപ്പിച്ച കാറിന്റെ 15,000 യൂണിറ്റ് പുറത്തിറക്കിയാണ് പുതിയ പ്രൊഡക്ഷന്‍ നാഴികക്കല്ല് കമ്പനി പിന്നിട്ടതെന്ന് സിഗ് വീല്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

Lamborghini Urus super SUV has achieved a new milestone
Author
Mumbai, First Published Jul 21, 2021, 1:07 PM IST

ഉറൂസ് എസ്‌യുവിയുടെ വില്‍പ്പനയില്‍ പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ഇറ്റാലിയന്‍ സൂപ്പര്‍ വാഹന നിര്‍മാതാക്കളായ ലംബോര്‍ഗിനി. മൂന്ന് വര്‍ഷം മുമ്പ് അവതരിപ്പിച്ച കാറിന്റെ 15,000 യൂണിറ്റ് പുറത്തിറക്കിയാണ് പുതിയ പ്രൊഡക്ഷന്‍ നാഴികക്കല്ല് കമ്പനി പിന്നിട്ടതെന്ന് സിഗ് വീല്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഈ നാഴികക്കല്ല് പിന്നിടുന്ന ഏറ്റവും പുതിയ വാഹനം ബ്രിട്ടീഷ് വിപണിയില്‍ നിര്‍മ്മിച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലംബോര്‍ഗിനിയുടെ ഗ്രാഫൈറ്റ് കാപ്‌സ്യൂള്‍ സെറ്റ് നിറങ്ങളിലും ഫിനിഷുകളിലും പൂര്‍ത്തിയാക്കിയതാണ് ഈ മോഡല്‍. പുറംഭാഗത്ത് ഗ്രിജിയോ കെറസ് മാറ്റിന്റെ പുതിയ ഷേഡും വെര്‍ഡെ വിശദാംശങ്ങളും ഉള്‍ക്കൊള്ളുന്നു. ഇതിന്റെ രണ്ട്-ടോണ്‍ ഇന്റീരിയറില്‍ നീറോ അഡെ, വെര്‍ഡെ സ്‌കാന്‍ഡല്‍ നിറങ്ങളും കമ്പനി അവതരിപ്പിക്കുന്നുണ്ട്. 

കമ്പനിയുടെ തന്നെ ഹുറേക്കാന്‍, അവന്റഡോര്‍ എന്നിവരെ പിന്നിലാക്കി കുതിക്കുകയാണ് ഉറൂസ്. ഈ വര്‍ഷം ആദ്യ പകുതിയില്‍ ലോകമെമ്പാടുമുള്ള വിപണികളിലായി മോഡലിന്റെ 2,796 യൂണിറ്റുകള്‍ വിറ്റുവെന്നും കമ്പനി അറിയിച്ചു. ഈ കാലയളവില്‍ ലംബോര്‍ഗിനിയുടെ വന്‍ വില്‍പ്പന വര്‍ധനവിനും ഇത് കാരണമായി. 2020 ന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് 37 ശതമാനം വില്‍പ്പനയാണ് കാര്‍ നിര്‍മാതാവ് സ്വന്തമാക്കിയത്.

കാല്‍ നൂറ്റാണ്ടിന് ശേഷം ലംബോര്‍ഗിനി നിരയില്‍ പിറവിയെടുത്ത രണ്ടാം എസ്‌യുവിയാണ് ഉറൂസ്.  2018 ജനുവരിയിലാണ് ഉറുസ് അവതരിപ്പിച്ചത്. 4.0 ലിറ്റര്‍ ട്വിന്‍ടര്‍ബ്ബോ V8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസിന്റെ ഹൃദയം. 6,000 ആര്‍പിഎമ്മില്‍ 641 ബിഎച്ച്പി കരുത്തും 2,2504,500 ആര്‍പിഎമ്മില്‍ 850 Nm ടോര്‍ഖും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും.

3.6 സെക്കന്‍ഡുകള്‍ കൊണ്ട് നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഉറൂസിന് സാധിക്കും. മണിക്കൂറില്‍ 305 കിലോമീറ്ററാണ് വാഹനത്തിന്‍റെ പരമാവധി വേഗത. 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ വാഹനം ബ്രേക്ക് ചെയ്താല്‍ 33.7 മീറ്റര്‍ ദൂരത്തിനുള്ളില്‍ നിര്‍ത്താന്‍ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്‍യുവി എന്ന സവിശേഷതയുമുള്ള വാഹനമാണ് ഉറൂസ്. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ സൂപ്പര്‍ എസ്‌യുവി.

ആറ് ഡ്രൈവിംഗ് മോഡുകളുണ്ട് ഉറൂസില്‍. ഇതില്‍ സാബിയ (മണല്‍), ടെറ (ഗ്രാവല്‍), നിവി (മഞ്ഞ്) എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ഓഫ്‌റോഡിംഗ് ലക്ഷ്യമിട്ടുള്ളതാണ്. 5,112 മി.മീ നീളവും, 2,016 മി.മീ വീതിയും, 1,683 മി.മീ ഉയരവുമാണ് എസ്‌യുവിക്കുള്ളത്. 3,003 മി.മീ നീളമേറിയതാണ് വീല്‍ബേസ്. ഫോക്‌സ്വാഗണിന്റെ എംഎല്‍ബി ഇവോ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന സൂപ്പര്‍ എസ്‌യുവിയാണ് ഉറുസ്. രൂപകല്‍പ്പനയിലും സാങ്കേതിക വിദ്യയിലും ഉന്നത നിലവാരം പുലര്‍ത്തുന്ന ഉറുസിന് 'സൂപ്പര്‍ എസ്.യു.വി.' എന്ന വിശേഷണവുമുണ്ട്. 

അവതരണം മുതല്‍ തന്നെ പ്രീമിയം എസ്‌യുവികളിലെ ടോപ്പ് സെല്ലിങ്ങ് പട്ടം ഉറുസിന് സ്വന്തമായിരുന്നു. 2019-ല്‍ ലോകത്താകമാനം ഉറുസിന്റെ 4962 യൂണിറ്റാണ് വിറ്റഴിച്ചത്. ഇതില്‍ 50 യൂണിറ്റ് ഇന്ത്യയില്‍ വിറ്റഴിച്ചവയാണ്. ആ വര്‍ഷം ലംബോര്‍ഗിനിയുടെ ആകെ വില്‍പ്പന 8205 ആയിരുന്നു. 2018 സെപ്റ്റംബറിലാണ് ഇന്ത്യയില്‍ ആദ്യ ബാച്ച് ലംബോര്‍ഗിനി ഉറുസ് ഡെലിവറി ചെയ്യാന്‍ ആരംഭിച്ചത്.  മൂന്ന് കോടി രൂപയാണ് എക്‌സ് ഷോറൂം വില. പൂര്‍ണമായി നിര്‍മിച്ചശേഷം (സിബിയു രീതി) ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് ലംബോര്‍ഗിനി ഉറൂസ്. 

Follow Us:
Download App:
  • android
  • ios