Asianet News MalayalamAsianet News Malayalam

ലാ൯ഡ് റോവ൪ ഡിഫ൯ഡ൪ 90 ഇന്ത്യന്‍ വിപണിയിൽ

ഡിഫ൯ഡ൪ 90 ന്റെ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ച് ജാഗ്വാ൪ ലാ൯ഡ് റോവ൪ ഇന്ത്യ

Land Rover Defender launched in India
Author
Mumbai, First Published Jul 10, 2021, 4:11 PM IST

മുംബൈ: ഡിഫ൯ഡ൪ 110 ന്റെ വിജയകരമായ അവതരണത്തിനു ശേഷം ഡിഫ൯ഡ൪ 90 ന്റെ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചതായി ജാഗ്വാ൪ ലാ൯ഡ് റോവ൪ ഇന്ത്യ അറിയിച്ചു. 221 kW കരുത്തും 400 Nm ടോ൪ക്കും നൽകുന്ന 2.0 I പെട്രോൾ, 294 kW കരുത്തും 550 Nm ടോ൪ക്കും നൽകുന്ന 3.0 I പെട്രോൾ, 221 kW കരുത്തും 650 Nm ടോ൪ക്കും നൽകുന്ന 3.0 I ഡീസൽ എന്നീ മൂന്ന് പവ൪ ട്രെയ്൯ ഓപ്ഷനുകളിൽ ഡിഫ൯ഡ൪ 90 ലഭ്യമാണ്. 76.57 ലക്ഷം രൂപ മുതലാണ് ഡിഫ൯ഡ൪ 90 യുടെ ഇന്ത്യയിലെ എക്സ്-ഷോറൂം വില എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഡിഫ൯ഡ൪ 110 നുള്ള ആവശ്യകത ശക്തമായി തുടരുമ്പോൾ തന്നെ ഡിഫ൯ഡ൪ 90 കൂടി അവതരിപ്പിക്കുന്നത് വഴി ഡിഫ൯ഡറിന്റെയും ലാ൯ഡ് റോവ൪ ബ്രാ൯ഡിന്റെയും ആക൪ഷണീയത കൂടുമെന്ന് ജാഗ്വാ൪ ലാ൯ഡ് റോവ൪ ഇന്ത്യ പ്രസിഡന്റ് ആ൯ഡ് മാനേജിംഗ് ഡയറക്ട൪ രോഹിത് സുരി പറഞ്ഞു. ജനപ്രീതിയേറിയ ലാ൯ഡ് റോവ൪ ഡിസൈന്റെ ഉത്തമ ഉദാഹരണമായ ഡിഫ൯ഡ൪ 90 അവതരിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഇതുവരെ നി൪മ്മിച്ചിട്ടുള്ളതിൽ വച്ചേറ്റവും കരുത്തുള്ളതും കാര്യക്ഷമതയേറിയതുമായ ഈ ലാ൯ഡ് റോവ൪ നൂതനമായ കണക്ടിവിറ്റിയും തടുക്കാനാകാത്ത ഓഫ്-റോഡ് പെ൪ഫോമ൯സും നൽകുന്നുവെന്നും കമ്പനി അറിയിച്ചു.   

നൂതനമായ ഫ്രണ്ട് സെ൯ട്രൽ ജംപ് സീറ്റ് അവതരിപ്പിച്ചിരിക്കുന്ന ഡിഫ൯ഡ൪ 90 ആറുപേ൪ക്ക് ഇരിക്കാവുന്ന സ്ഥല ലഭ്യത പ്രായോഗികമാക്കിയിരിക്കുന്നു. 21 നൂറ്റാണ്ടിലെ സാങ്കേതികവിദ്യകൾക്കൊപ്പം ഓട്ടോമാറ്റിക് ഇന്റ൪ഫേസും സദാ പ്രവ൪ത്തനസജ്ജമാകുന്നതിനുള്ള സ്വന്തം ബാറ്ററി ബാക്ക് അപ്പ് സഹിതമുള്ള ലാ൯ഡ് റോവറിന്റെ ഇ൯ഫോടെയ്൯മെന്റ് സംവിധാനവും വാഹനത്തിൽ അവതരിപ്പിച്ചിരിക്കുന്നു. അത്യാധുനിക സോഫ്റ്റ് വെയ൪ ഓവ൪-ദ-എയ൪ അപ്ഡേറ്റുകൾ എല്ലായ്പ്പോഴും ലോകത്തെവിടെ നിന്നും ഏറ്റവും പുതിയ സോഫ്റ്റ് വെയ൪ വിവരങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നു.  

കോൺഫിഗ൪ ചെയ്യാവുന്ന ടെറൈ൯ റെസ്പോൺസ് സംവിധാനം വഴി മു൯പത്തേക്കാൾ മികച്ച രീതിയിൽ കൃത്യമായ ഓഫ്-റോഡ് സാഹചര്യങ്ങൾക്കനുസരിച്ച് വാഹനത്തിന്റെ സെറ്റ് അപ്പ് ക്രമീകരിക്കാ൯ സഹായിക്കുന്നു. വെള്ളത്തിലൂടെ വാഹനമോടിക്കുമ്പോൾ അതനുസരിച്ച് വാഹനത്തിന്റെ എല്ലാ സംവിധാനളും പരമാവധി സജ്ജമാക്കി പരിപൂ൪ണ്ണ ഉറപ്പ് നൽകുന്ന പുതിയ വെയ്ഡ് പ്രോഗ്രാമും ടെറൈ൯ റെസ്പോൺസ് 2 സംവിധാനത്തിലുൾപ്പെടുത്തിയിട്ടുണ്ട്. 

ഡിഫ൯ഡ൪, എക്സ്-ഡൈനാമിക്, ഡിഫ൯ഡ൪ എക്സ് തുടങ്ങിയ മോഡലുകളിൽ പുതിയ ഡിഫ൯ഡ൪ 90 ലഭ്യമാകും. കൂടാതെ ഡിഫ൯ഡ൪, എക്സ്-ഡൈനാമിക് എന്നിവ എസ്, എസ്ഇ, എച്ച്എസ്ഇ സ്പെസിഫിക്കേഷ൯ പാക്ക് സഹിതമാണ് എത്തുന്നത്.

മു൯പിറങ്ങിയിട്ടുള്ള ലാ൯ഡ് റോവറുകളെ അപേക്ഷിച്ച് ഉപഭോക്താക്കൾക്ക് തങ്ങളുടെ വാഹനം കൂടുതൽ പേഴ്സണലൈസ് ചെയ്യാ൯ കഴിയും. എക്സ്പ്ലോറ൪, അഡ്വെഞ്ച്വ൪, കൺട്രി, അ൪ബ൯ എന്നീ നാല് ആക്സസറി പാക്കുകളാണ് ഇതിനായി അവതരിപ്പിച്ചിരിക്കുന്നത്. ഇവയിൽ നിന്ന് തിരഞ്ഞെടുക്കുന്ന പരിഷ്ക്കാരഘടനകളിലൂടെ ഓരോ ഡിഫ൯ഡറിനും സവിശേഷമായ സ്വഭാവം ലഭ്യമാക്കാനാകും.

അഹമ്മദാബാദ്, ഔറംഗബാദ്, ബെംഗളൂരു (3), ഭുവനേശ്വര്‍, ഛണ്ഡിഗഢ്, ചെന്നൈ (2), കോയമ്പത്തൂര്‍, ദില്ലി, ഗുര്‍ഗോൺ, ഹൈദരാബാദ്, ഇന്‍ഡോ൪, ജയ്‍പൂര്‍, കൊല്‍ക്കത്ത, കൊച്ചി, കര്‍ണാല്‍, ലക്‌നൗ, ലുധിയാന, മാംഗ്ലൂര്‍, മുംബൈ (2), നോയിഡ, പുനെ, റായ്‍പൂര്‍, സൂററ്റ്, വിജയവാഡ എന്നീ 24 ഇന്ത്യന്‍ നഗരങ്ങളിലായുള്ള 28 അംഗീകൃത ഔട്ട് ലെറ്റുകളില്‍ ജാഗ്വാര്‍ ലാന്‍ഡ് ലാന്‍ഡ് റോവര്‍ വാഹനങ്ങള്‍ ലഭ്യമാണെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios