മുംബൈ: ദുരന്ത സമയങ്ങളില്‍ കൃത്യസമയത്ത് സഹായമെത്തിക്കുകയും സമൂഹത്തില്‍ ഗുണപരമായ സ്വാധീനമുണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ദുരന്ത കൈകാര്യ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന റാപ്പിഡ് റെസ്പോണ്‍സ് എന്ന എന്‍ജിഒയുമായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ സഹകരിക്കുന്നു. ഇതിനായി ഈ മണ്‍സൂണ്‍ സീസണില്‍ പ്രത്യേകമായി തയാറാക്കിയ ഡിസ്‍കവറി സ്പോര്‍ട്ട് റാപ്പിഡ് റെസ്പോണ്‍സിന് വിട്ടു നല്‍കുകയാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ഇന്ത്യയില്‍ ഉടനീളമുള്ള പ്രകൃതിദുരന്തങ്ങളില്‍പ്പെടുന്ന ദുരിതബാധിതര്‍ക്കായി രക്ഷാപ്രവര്‍ത്തനം നടത്താനും വൈദ്യസഹായം എത്തിക്കാനും ഭക്ഷണപ്പൊതികളും മറ്റ് ആവശ്യസാധന കിറ്റുകളും വിതരണം ചെയ്യാനുമുളള സൗകര്യം വാഹനത്തിലുണ്ടാകും.   

ദുഷ്ക്കരമായ ഭൂപ്രദേശങ്ങളും വെളളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങളുള്ള സാഹചര്യങ്ങളും താണ്ടാനുള്ള കാര്യക്ഷമതയ്ക്ക് പ്രശസ്‍തമാണ് ഡിസ്‍കവറി സ്പോര്‍ട്ട് പോലുള്ള ലാന്‍ഡ് റോവര്‍ വാഹനങ്ങളെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ലിമിറ്റഡ് (ജെഎല്‍ആര്‍ഐഎല്‍) പ്രസിഡന്‍റ് & മാനേജിംഗ് ഡയറക്ടര്‍ രോഹിത് സൂരി പറഞ്ഞു. ഇന്ത്യയില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ 10 വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തില്‍, ഇന്ത്യയിലെ പ്രകൃതിദുരന്തങ്ങളില്‍പ്പെടുന്നവരെ സഹായിക്കാന്‍ റാപ്പിഡ് റെസ്പോണ്‍സ് നടത്തുന്ന ശ്രമങ്ങളില്‍ അവരെ സഹായിക്കാനായി ഒരു ലാന്‍ഡ് റോവര്‍ ലഭ്യമാക്കുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ലോകത്തില്‍, ദുരന്തങ്ങളുണ്ടാകാന്‍ ഏറ്റവുമധികം സാധ്യതയുള്ള മേഖലകളിലൊന്നാണ് ഇന്ത്യയെന്ന് റാപ്പിഡ് റെസ്പോണ്‍സ് സിഇഒ മൊഹമ്മദ് ഫറൂഖ് പറഞ്ഞു. പ്രകൃതിദുരന്തങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് അടിയന്തിരവും കാര്യക്ഷമവും സുസ്ഥിരവുമായ പിന്തുണ നല്‍കുക എന്നതാണ് റാപ്പിഡ് റെസ്പോണ്‍സിന്‍റെ ലക്ഷ്യം. ലാന്‍ഡ് റോവറിന്‍റെ കാര്യക്ഷമതയും സാങ്കേതികതികവും സജ്ജമാകുന്നതോടെ, ദുരിതബാധിത സാഹചര്യങ്ങളില്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമവുമായ സഹായമെത്തിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ടെറൈന്‍ റെസ്പോണ്‍സ്, അപ്രോച്ച് ആംഗിള്‍, ഡിപ്പാര്‍ച്ചര്‍ ആംഗിള്‍, 600 പരമാവധി വെയ്ഡിംഗ് ഡെപ്ത് തുടങ്ങിയ ഡിസ്കവറി സ്പോര്‍ട്ടിന്‍റെ സവിശേഷതകള്‍ ഏറ്റവും ദുഷ്കരമായ പാതകള്‍ പോലും താണ്ടാന്‍ രക്ഷാപ്രവര്‍ത്തകരെ സഹായിക്കും. അസാധാരണമായ വൈവിധ്യവും സ്വഭാവികമായ കാര്യശേഷിയും ഒത്തിണങ്ങിയ വാഹനമാണ് ഡിസ്കവറി സ്പോര്‍ട്ട്. ലഗേജ് ക്യാരിയര്‍, ലഗേജ് പാര്‍ട്ടീഷന്‍, ടോ റോപ്പ് തുടങ്ങിയ അധിക ഫീച്ചറുകളാണ് ദുരിതബാധിത മേഖലകളില്‍ അടിയന്തിര സഹായമെത്തിക്കാനായി റാപ്പിഡ് റെസ്പോണ്‍സിന് കൈമാറിയ വാഹനത്തില്‍ ക്രമീകരിച്ചിട്ടുള്ളത്. 

ദുരിതബാധിത മേഖലകളിലും ദുരന്ത രഹിത മേഖലകളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും മുന്നൊരുക്ക സേവനങ്ങളും നല്‍കിവരുന്ന രജിസ്റ്റേഡ് ലാഭരഹിത സംഘടനയാണ് റാപ്പിഡ് റെസ്പോണ്‍സ്. 2013 ല്‍ സ്ഥാപിതമായ സംഘടന ഉത്തരാഖണ്ഡ്, ജമ്മു ആന്‍ഡ് കാഷ്മീര്‍, ആന്ധ്രപ്രദേശ്, തമിഴ്‍നാട്, മഹാരാഷ്ട്ര, ബിഹാര്‍, ആസാം, മേഘാലയ, മിസോറാം എന്നിവിടങ്ങളിലെ നാലു ലക്ഷത്തോളം പേര്‍ക്ക് സഹായമെത്തിച്ചിട്ടുണ്ട്.