Asianet News Malayalam

ദുബായ് പൊലീസില്‍ ചേര്‍ന്ന് പുത്തന്‍ ലാന്‍ഡ് ക്രൂയിസറും

ഇപ്പോഴിതാ പുതുതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസറും ദുബായ് പൊലീസിൽ ചേർന്നിരിക്കുകയാണ്

Latest Toyota Land Cruiser joins Dubai Police
Author
Dubai - United Arab Emirates, First Published Jun 23, 2021, 10:55 AM IST
  • Facebook
  • Twitter
  • Whatsapp

ലോകമെമ്പാടുമുള്ള വാഹന പ്രേമികളില്‍ പലപ്പോഴും കൌതുകം ഉണര്‍ത്തുന്ന ഒന്നായിരിക്കും ദുബായ്‌ പൊലീസിന്‍റെ വാഹന നിര. ലോകത്തിലെ ഏറ്റവും വലിയ സൂപ്പർകാർ നിരയുള്ള പോലീസ് സേനയാണ് ദുബായി പൊലീസ്.  ബുഗാട്ടി, ലംബോര്‍ഗിനി, ഫെറാരി, മസേരാറ്റി, ആസ്റ്റൺ മാർട്ടിൻ വൺ-77  തുടങ്ങിയ നിരവധി ആഡംബര വാഹനങ്ങളാണ് ദുബായി പൊലീസിനെ സമ്പന്നമാക്കുന്നത്. ഇപ്പോഴിതാ പുതുതലമുറ ലാൻഡ് ക്രൂയിസറും ദുബായ് പൊലീസിൽ ചേർന്നിരിക്കുകയാണെന്ന് ഖലീജ് ടൈംസിനെ ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടൊയോട്ട ലാൻഡ് ക്രൂയിസർ 300 എസ്‌യുവിയുടെ ബോണറ്റിലും വശങ്ങളിലും ദുബായ് പൊലീസിന്റെ സിഗ്‌നേച്ചർ ഗ്രീൻ ലിവറിയാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതൽ ആധുനിക TNGA-F വാസ്തുവിദ്യയെ അടിസ്ഥാനമാക്കിയാണ് പുതുതലമുറ മോഡൽ എത്തുന്നത്. ഒന്നിലധികം ഡ്രൈവ് മോഡുകൾ, ഇലക്ട്രോണിക് കൈനറ്റിക് ഡൈനാമിക് സസ്പെൻഷൻ സിസ്റ്റം, ടെറൈൻ മോണിറ്റർ എന്നിവയ്ക്കൊപ്പം മെച്ചപ്പെട്ട സസ്‌പെൻഷൻ പോലുള്ള മെക്കാനിക്കൽ ഹൈലൈറ്റുകളും ലഭിച്ചു.

ഈ മാസം 10നാണ് 2021 മോഡല്‍ ലാൻഡ് ക്രൂയിസറിനെ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട വിപണിയില്‍ അവതരിപ്പിക്കുന്നത്. നിലവില്‍ വിപണിയിലുള്ള ലാൻഡ് ക്രൂയിസർ 200 മോഡലിനേക്കാൾ 200 കിലോഗ്രാമോളം ഭാരം കുറച്ചാണ് പുതിയ ലാൻഡ് ക്രൂയിസർ 300 സീരീസ് എത്തിയിരിക്കുന്നത്. 

പുതിയ ടിഎൻജിഎ പ്ലാറ്റ്ഫോമിലാണ് വാഹനം എത്തുന്നത്. പ്ലാറ്റ്ഫോമിൽ മാറ്റമുണ്ടെങ്കിലും ലാൻഡ് ക്രൂയിസർ 200 പതിപ്പിന്റെ അതെ നീളവും വീതിയും ഉയരവുമാണ് ലാൻഡ് ക്രൂയിസർ 300 പതിപ്പിനും. 230 എംഎം ഗ്രൗണ്ട് ക്ലിയറൻസും അപ്പ്രോച്ച്, ഡിപ്പാർച്ചർ ആംഗിളുകളും അതേപടി തുടരുന്നു. ക്രോമിന്റെ അതിപ്രസരമുള്ള ഗ്രിൽ ആണ് മുൻ കാഴ്ചയിൽ ആകർഷണം. ലാൻഡ് ക്രൂയ്സറിന്റെ റോഡ് പ്രസൻസ് വർദ്ധിപ്പിക്കും വിധമാണ് പുത്തൻ ഗ്രിൽ ഡിസൈൻ ചെയ്‍തിരിക്കുന്നത്. ട്രൈ-ബീം എൽഇഡി പ്രൊജക്ടർ ഹെഡ്‍ലാംപുകൾ, റീഡിസൈൻ ചെയ്ത് സ്‌പോർട്ടി ഭാവത്തിലെത്തുന്ന ബമ്പറുകൾ, മസ്‍കുലാർ ആയ ബോണറ്റ്, 18-ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് എക്‌സ്റ്റീരിയറിലെ ആകർഷണങ്ങൾ.

 409 ബിഎച്ച്പി പവറും, 650 എൻഎം ടോർക്കും നിർമ്മിക്കുന്ന 3.5 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് വി6 പെട്രോൾ, 304.5 ബിഎച്ച്പി പവറും, 700 എൻഎം ടോർക്കും നിർമ്മിക്കുന്ന 3.3 ലിറ്റർ ട്വിൻ-ടർബോ വി6 ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിനുകളിലാണ് പുത്തൻ ടൊയോട്ട ലാൻഡ് ക്രൂയ്സർ എത്തുന്നത്. രണ്ട് എഞ്ചിനുകളും 10 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ആണ് ഗിയർബോക്‌സ്.

2021മെയ് അവസാനമാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ സബ് ബ്രാൻഡായ ജെനസിസിന്‍റെ GV80 എസ്‍യുവി ദുബായി പൊലീസിന്‍റെ ഭാഗമായത്.  ഏറ്റവും പുതിയ GV80 എസ്‌യുവിയെ ഈ വർഷം ആദ്യമാണ് ജെനസിസ് അവതരിപ്പിക്കുന്നത്.  300 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലും 375 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 3.5 ലിറ്റര്‍ വി6 പെട്രോള്‍ എന്‍ജിനിലുമാണ് ജെനിസിസ് GV80 എസ്.യു.വിയുടെ ഹൃദയങ്ങള്‍. 

ബുഗാട്ടി വെയ്‌റോണ്‍, ലംബോര്‍ഗിനി അവന്റഡോര്‍, പോര്‍ഷെ 918 സ്‌പൈഡര്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍-77, ബെന്റ്‌ലി കോണ്ടിനെന്റല്‍ ജി.ടി, മക്‌ലാരന്‍ MP4-12C, ഫെരാരി FF, ഔഡി ആര്‍8, ഫോര്‍ഡ് മസ്താങ്ങ്, ബി.എം.ഡബ്ല്യു ഐ8, മെഴ്‌സിഡസ് ബെന്‍സ് SLS AMG തുടങ്ങി അത്യാധുനിക സൂപ്പര്‍ കാറുകളുടെ വന്‍ ശേഖരമാണ് ദുബായ്‌ പോലീസിനുള്ളത്. വിലകൂടിയ ബൈക്കുകളും, ഹെലികോപ്റ്ററുകളും, ബോട്ടുകളും ദുബായ് പോലീസ് ശ്രേണിയിലുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios