പ്രശസ്‍ത ഡാനിഷ് കളിപ്പാട്ട നിര്‍മാതാക്കളായ ലെഗോ സൂപ്പര്‍ ബൈക്കായ ഡുകാറ്റി പാനിഗാലെ വി4 ആര്‍ മോട്ടോര്‍സൈക്കിളിന്‍റെ കളിപ്പാട്ട രൂപം ഒരുക്കുന്നു. കളിപ്പാട്ട വലുപ്പത്തോടെ ഡുകാറ്റി പാനിഗാലെ വി4 ആര്‍ ജൂണ്‍ മാസത്തില്‍ സ്റ്റോറുകളിലെത്തും. 59.99 യൂറോയാണ് വില. ഇത്  ഏകദേശം 5,000 ഇന്ത്യന്‍ രൂപയോളം വരും. 

ഇതുസംബന്ധിച്ച് ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ഡ്യുക്കാറ്റിയും ലെഗോ ഗ്രൂപ്പും കരാറിലെത്തി. കളിപ്പാട്ട വലുപ്പത്തിലെത്തുന്ന ഡുകാറ്റി പാനിഗാലെ വി4 ആര്‍ മോട്ടോര്‍സൈക്കിളിന്റെ നീളം, ഉയരം, വീതി എന്നിവ യഥാക്രമം 32 സിഎം, 16 സിഎം, 8 സിഎം എന്നിങ്ങനെ ആയിരിക്കും.

646 ഭാഗങ്ങള്‍ അഥവാ കഷ്ണങ്ങള്‍ ഉപയോഗിച്ച് കളിപ്പാട്ട മോട്ടോര്‍സൈക്കിള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. പ്രവര്‍ത്തിക്കുന്ന 2 സ്പീഡ് ഗിയര്‍ബോക്‌സ്, സ്റ്റിയറിംഗ്, മുന്‍ പിന്‍ സസ്‌പെന്‍ഷന്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന കിറ്റാണ് ലഭിക്കുന്നത്. കിക്ക്സ്റ്റാന്‍ഡ്, എക്‌സോസ്റ്റ് സിസ്റ്റം, വിന്‍ഡ്‌സ്‌ക്രീന്‍, ഡാഷ്‌ബോര്‍ഡ് എന്നിവയെല്ലാം യഥാര്‍ത്ഥ ബൈക്കില്‍ കാണുന്നതു തന്നെയാണ്.

ലെഗോ ടെക്‌നിക്കില്‍നിന്ന് പുറത്തുവരുന്ന പാനിഗാലെ വി4 ആര്‍ കുട്ടികളിലും രക്ഷിതാക്കളിലും ആവേശമുണര്‍ത്തുമെന്ന് ഡുകാറ്റി ലൈസന്‍സിംഗ് ഡയറക്റ്റര്‍ അലസ്സാന്‍ഡ്രോ സിക്കോഗ്‌നാനി പറഞ്ഞു. മോട്ടോര്‍സൈക്കിളില്‍ പരമാവധി ഫീച്ചറുകള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചതായി ലെഗോ ടെക്‌നിക് സീനിയര്‍ ഡിസൈനര്‍ ഓറിലിയന്‍ റൂഫിയാംഗേ പ്രസ്താവിച്ചു. ഇതാദ്യമായി പ്രവര്‍ത്തിക്കുന്ന ഗിയര്‍ബോക്‌സ്, പ്രവര്‍ത്തിക്കുന്ന സ്റ്റിയറിംഗ് എന്നിവ നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. വി4 സിലിണ്ടര്‍ എന്‍ജിനും പ്രവര്‍ത്തനക്ഷമമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ജൂണ്‍ ഒന്ന് മുതല്‍ ഡുകാറ്റി ഡീലര്‍ഷിപ്പുകളിലും ഡുകാറ്റി ഓണ്‍ലൈന്‍ ഷോപ്പിലും ലെഗോ സ്റ്റോറുകളിലും ലെഗോ ഓണ്‍ലൈന്‍ സ്റ്റോറിലും ലെഗോ ഡുകാറ്റി പാനിഗാലെ വി4 ആര്‍ ലഭിക്കും.