2020 മാര്‍ച്ചിലാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സവാഗണ്‍ ബിഎസ് 6 പാലിക്കുന്ന പോളോ, വെന്റോ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ ലിമിറ്റഡ് എഡിഷന്‍ പോളോ ടിഎസ്‌ഐ, വെന്റോ ടിഎസ്‌ഐ പുറത്തിറക്കിയിരിക്കുകയാണ് ഫോക്‌സ് വാഗണ്‍ ഇന്ത്യ. 

അതാത് സ്റ്റാന്‍ഡേഡ് മോഡലുകളുടെ ഹൈലൈന്‍ പ്ലസ് വേരിയന്റ് അടിസ്ഥാനമാക്കിയാണ് ലിമിറ്റഡ് ടിഎസ്‌ഐ എഡിഷന്‍ പുറത്തിറക്കിയത്. പുറംമോടിയില്‍ മാത്രമാണ് മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. മെക്കാനിക്കല്‍ മാറ്റമെന്ന നിലയില്‍ മാന്വല്‍ ട്രാന്‍സ്മിഷന്‍ നല്‍കി.

സ്‌റ്റൈലിഷ് ഹണികോംബ് ഗ്രില്‍, വശങ്ങളില്‍ ബോഡിയില്‍ സ്‌പോര്‍ട്ടി ഗ്രാഫിക്‌സ്, ഡോറുകളില്‍ ടിഎസ്‌ഐ ബാഡ്ജ്, ആകര്‍ഷകമായ കറുപ്പില്‍ പുറത്തെ റിയര്‍ വ്യൂ കണ്ണാടികള്‍, ഗ്ലോസി ബ്ലാക്ക് നിറമുള്ള റൂഫ്, സ്‌പോയ്‌ലര്‍ എന്നിവയാണ് രണ്ട് ലിമിറ്റഡ് എഡിഷന്‍ മോഡലുകളുടെയും ദൃശ്യപരമായ പരിഷ്‌കാരങ്ങള്‍.

ബിഎസ് 6 പാലിക്കുന്ന 1.0 ലിറ്റര്‍ ടിഎസ്‌ഐ (ടര്‍ബോചാര്‍ജ്ഡ് സ്ട്രാറ്റിഫൈഡ് ഇന്‍ജെക്ഷന്‍) പെട്രോള്‍ എന്‍ജിനാണ് രണ്ട് സ്‌പെഷല്‍ എഡിഷന്‍ കാറുകള്‍ക്കും കരുത്തേകുന്നത്. ഈ മോട്ടോര്‍ 5,000 ആര്‍പിഎമ്മില്‍ 109 ബിഎച്ച്പി പരമാവധി കരുത്തും 1,750 ആര്‍പിഎമ്മില്‍ 175 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തുവെച്ചു. പോളോയുടെ ഇന്ധനക്ഷമത 18.24 കിലോമീറ്ററും വെന്റോയുടേത് 17.69 കിലോമീറ്ററുമെന്നാണ് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

പോളോ ലിമിറ്റിഡ് എഡിഷന് 7.89 ലക്ഷം രൂപയും വെന്‍റോ ലിമിറ്റിഡ് എഡിഷന് 10.99 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില. രണ്ട് കാറുകളും ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം. ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ ഡെലിവറി ആരംഭിക്കും.