നിങ്ങൾക്ക് ഒരു എസ്‌യുവിയോ ക്രോസ്ഓവറോ വാങ്ങാനുള്ള പണം ഇല്ലെങ്കിൽ എന്തുചെയ്യും? നിങ്ങളുടെ നിലവിലെ ഹാച്ച്ബാക്കിന്റെയോ സെഡാന്‍റെയോ ഗ്രൌണ്ട് ക്ലിയറന്‍സ് വര്‍ദ്ധിപ്പിക്കുക എന്നതായിരിക്കും ഈ സാഹചര്യത്തില്‍ ഉചിതം. ഇതാ ഇത്തരം കാറുകളുടെ ഗ്രൗണ്ട് ക്ലിയറൻസ് വർദ്ധിപ്പിക്കുന്നതിനുള്ള ചെലവു കുറഞ്ഞതുമായ ചില വഴികൾ.  

രു വാഹനത്തിന്റെ ഏറ്റവും താഴ്ന്ന സ്ഥലവും അതിനടിയിലുള്ള ഗ്രൗണ്ടും തമ്മിലുള്ള ദൂരത്തെ സൂചിപ്പിക്കുന്ന പ്രയോഗമാണ് ഗ്രൗണ്ട് ക്ലിയറൻസ് എന്നത്. കുഴികൾ നിറഞ്ഞ നഗര തെരുവുകൾ മുതൽ ദുർഘടമായ ഗ്രാമീണ ഭൂപ്രകൃതികളാല്‍ സമ്പന്നമായ റോഡുകൾ ഉള്‍പ്പെടെ ഇന്ത്യയിലെ വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിൽ, മികച്ച കാർ തിരഞ്ഞെടുക്കുന്നതിൽ ഗ്രൗണ്ട് ക്ലിയറൻസ് ഒരു നിർണായക ഘടകമാണ്. കാരണം നമ്മുടെ രാജ്യത്തെ വാഹന ഉടമകളും ഡ്രൈവര്‍മാരുമൊക്കെ നേരിടുന്ന പ്രധാന പ്രശ്‍നങ്ങളില്‍ ഒന്നാണ് മോശം അവസ്ഥയിലായതും നിരവധി കുഴികള്‍ നിറഞ്ഞതുമായ റോഡുകൾ. ഭൂപ്രകൃതിയും മാറിവരുന്ന കാലാവസ്ഥയുമെല്ലാം റോഡുകളുടെ ഈ മോശം അവസ്ഥയ്ക്ക് കാരണമാവുന്ന ഘടകങ്ങളാണ്.

ഇത്തരം റോഡുകൾ കാരണം പല കാർ ഉടമകളും എസ്‌യുവികളും ക്രോസോവറുകളുമൊക്കെ വാങ്ങിത്തുടങ്ങിയിരിക്കുന്നു. രാജ്യത്തെ വാഹന വിപണിയില്‍ വര്‍ദ്ധിച്ചുവരുന്ന എസ്‍യുവി പ്രിയവും ഗ്രൌണ്ട് ക്ലിയറൻസും തമ്മില്‍ വലിയ ബന്ധമുണ്ട്. വാഹത്തിന് മെച്ചപ്പെടുത്തിയ പ്രകടനം, ബഹുമുഖതയും സുരക്ഷയുമൊക്കെ മികച്ച ഗ്രൌണ്ട് ക്ലിയറൻസ് ഉറപ്പുവരുത്തുന്നു. എന്നാല്‍ നിങ്ങൾക്ക് ഒരു എസ്‌യുവിയോ ക്രോസ്ഓവറോ വാങ്ങാനുള്ള പണം ഇല്ലെങ്കിൽ എന്തുചെയ്യും? നിങ്ങളുടെ നിലവിലെ ഹാച്ച്ബാക്കിന്റെയോ സെഡാന്‍റെയോ ഗ്രൌണ്ട് ക്ലിയറന്‍സ് വര്‍ദ്ധിപ്പിക്കുക എന്നതായിരിക്കും ഈ സാഹചര്യത്തില്‍ ഉചിതം. ഇതാ ഇത്തരം കാറുകളുടെ ഗ്രൗണ്ട് ക്ലിയറൻസ് വർദ്ധിപ്പിക്കുന്നതിനുള്ള ലളിതവും ഫലപ്രദവും ചെലവു കുറഞ്ഞതുമായ ചില വഴികൾ. 

കാര്‍ വാങ്ങുമ്പോള്‍ ഗ്രൗണ്ട് ക്ലിയറൻസ് പരിശോധിക്കുക, ഇല്ലെങ്കില്‍ പണിവരുന്നത് ഇങ്ങനൊക്കെ!

ഉയരമുള്ള റിമ്മുകളും ടയറുകളും
ഇത് വളരെ സാധാരണമായ ഒരു രീതിയാണ് ഇപ്പോള്‍. പല എസ്‌യുവി, കാർ ഉടമകളും മികച്ച രൂപത്തിനായി അവരുടെ വാഹനത്തിൽ ഉയരമുള്ള വലിയ ചക്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഉയരം കൂടിയ ടയറുകളും റിമ്മുകളും സ്ഥാപിക്കുന്നതും ഗ്രൗണ്ട് ക്ലിയറൻസ് വർദ്ധിപ്പിക്കാൻ സഹായിക്കും. ഒറിജിനൽ റിമ്മുകൾ നിലനിർത്തിക്കൊണ്ട് ഒരാൾക്ക് ഉയരമുള്ള ടയർ വലുപ്പത്തിലേക്ക് മാറാം. മറ്റൊരു മാർഗം വീലുകളോ റിമ്മുകളോ നവീകരിക്കുക എന്നതാണ്. വീൽ സൈസ് നവീകരിക്കുമ്പോൾ, ടയറിന്റെ വലുപ്പവും വർദ്ധിക്കും. അതിനാൽ ഗ്രൗണ്ട് ക്ലിയറൻസും വർദ്ധിക്കും.

പുതിയ ടയറുകള്‍ ഉള്‍പ്പെടെ വാങ്ങേണ്ടി വരും എന്നതിനാല്‍ ഇത് ചെലവേറിയ മാര്‍ഗ്ഗമാണ്. മാത്രമല്ല ഈ വഴി തെരെഞ്ഞെടുക്കുമ്പോള്‍ ടയർ ഫെൻഡർ ലൈനിംഗ് ഉരയില്ലെന്ന് ഉറപ്പാക്കേണ്ടതും അത്യാവിശ്യമാണ്. ആഫ്റ്റർ മാർക്കറ്റ് വീലുകളും ടയറുകളും വിൽക്കുന്ന നിരവധി ആക്‌സസറി ഷോപ്പുകൾ ഇപ്പോൾ വിപണിയിലുണ്ട്. കുഴിയിൽ ഇടിക്കുമ്പോൾ നിലവാരമില്ലാത്ത റിം പൊട്ടിപ്പോകാൻ സാധ്യതയുള്ളതിനാൽ നല്ല നിലവാരമുള്ള അലോയി ഉറപ്പാക്കുക. റിമ്മുകളും അലോയ് വീലുകളും ഒരു ഔദ്യോഗിക കമ്പനികളിൽ നിന്നുള്ളതായിരിക്കണം എന്നതും ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്തപക്ഷം ഉയർന്ന വേഗതയിൽ ഒരു കുഴിയിൽ വീണാൽ ഇവ തകര്‍ന്നുപോകാൻ സാധ്യതയുണ്ട്.

കോയിൽ സ്പ്രിംഗ് അസിസ്റ്റേഴ്‌സ്
നിങ്ങളുടെ ചെറിയ കാറിന്‍റെ ഗ്രൗണ്ട് ക്ലിയറൻസ് വർദ്ധിപ്പിക്കാൻ കഴിയുന്ന ഏറ്റവും ചെലവ് കുറഞ്ഞ മാർഗമാണിത്. കോയില്‍ അസിസ്റ്ററുകൾ വളരെ കട്ടിയുള്ള റബ്ബർ (പോളിയുറീൻ) കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അവ കാറിന്റെ കോയിൽ സ്പ്രിംഗുകൾക്കിടയിൽ സ്ഥാപിക്കാം. ഇത് ഇൻസ്റ്റാൾ ചെയ്യുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. പരിചയസമ്പന്നരായ ഏതൊരു മെക്കാനിക്കിനും ഇത് എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. ഇത് വാഹനത്തിന്‍റെ ഗ്രൗണ്ട് ക്ലിയറൻസ് വർദ്ധിപ്പിക്കുന്നു. ഗ്രൗണ്ട് ക്ലിയറൻസ് ഏകദേശം 10 എംഎം മുതല്‍ 15 എംഎം വരെ വർദ്ധിപ്പിക്കാൻ ഇതിന് കഴിയും.

ഇത്തരം സ്‍പ്രിംഗ് അസിസ്റ്റുകള്‍ സസ്പെൻഷന്റെ ട്രാവലിന്റെ അളവ് പരിമിതപ്പെടുത്തുന്നു. അതിനാൽ കുഴികളിലും സ്പീഡ് ബ്രേക്കറുകളിലും കാറിന്റെ അടിതെറ്റാനുള്ള സാധ്യതകൾ കുറയ്ക്കുന്നു. കോയിൽ സസ്പെൻഷൻ സജ്ജീകരണമുള്ള കാറുകളിൽ കോയിൽ അസിസ്റ്റഡ് സജ്ജീകരിക്കാം. കോയിൽ സ്പ്രിംഗ് അസിസ്റ്റഡ് സ്ഥാപിക്കാൻ കഴിയുന്ന മൂന്ന് വ്യത്യസ്‍ത സ്ഥാനങ്ങളുണ്ടെന്നതും ശ്രദ്ധിക്കേണ്ടതാണ്. നല്ല നിലവാരമുള്ള അസിസ്റ്ററാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കിൽ, അത് വളരെക്കാലം നിലനിൽക്കും. 

സസ്പെൻഷൻ അപ്‍ഗ്രേഡിംഗ്
സ്റ്റിഫർ സസ്‌പെൻഷനിലേക്ക് അപ്‌ഗ്രേഡുചെയ്യുന്നത് വാഹനത്തിന്റെ മുകളിലേക്കും താഴേക്കുമുള്ള ചലനം കുറയും. എന്നാല്‍ ഈ രീതി യഥാർത്ഥത്തിൽ കുറച്ചുകൂടി ചെലവേറിയതാണ്. ഇതിൽ കാറിന് പൂർണ്ണമായ സസ്പെൻഷൻ അപ്ഗ്രേഡ് ലഭിക്കുന്നു. കാറിലെ സ്റ്റോക്ക് സസ്പെൻഷൻ നീക്കം ചെയ്യുകയും അസംബ്ലി സഹിതം ഒരു പുതിയ സജ്ജീകരണം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയും ചെയ്യുന്നു. അത്തരം ജോലിയിൽ സ്പെഷ്യലൈസ് ചെയ്യുന്ന ഒരു വർക്ക്ഷോപ്പിൽ ചെയ്യുന്നതാകും എല്ലായ്പ്പോഴും ഉചിതം. നിങ്ങൾ തിരഞ്ഞെടുക്കുന്ന ബ്രാൻഡിനെ ആശ്രയിച്ച് ഒരു പുതിയ സസ്പെൻഷൻ സജ്ജീകരണം ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ചെലവ് വ്യത്യാസപ്പെടും. 

ജാഗ്രത, വാറന്‍റി നഷ്‍ടപ്പെട്ടേക്കാം
എന്നാല്‍ ഗ്രൌണ്ട് ക്ലിയറൻസ് കൂട്ടുന്നവര്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങള്‍ ഉണ്ട്. ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം വാഹനത്തിൽ ഇത്തരം മാറ്റങ്ങൾ വരുത്തുന്നത് നിർമ്മാതാവ് വാഗ്ദാനം ചെയ്യുന്ന വാറന്‍റി അസാധുവാക്കിയേക്കാം എന്നതാണ്. നിങ്ങൾ ഒരു പുതിയ കാറിൽ സസ്പെൻഷൻ മാറ്റാൻ ആഗ്രഹിക്കുന്നുവെങ്കിൽ, കാറിന്റെ വാറന്റി അസാധുവാകും, ഉറപ്പ്.

youtubevideo