പുതുവര്‍ഷത്തില്‍ വില കൂടുന്ന കാറുകളെയും എസ്‍യുവികളെയും പട്ടിക

മാരുതി സുസുക്കി (Maruti Suzuki), ടൊയോട്ട (Toyota), സ്കോഡ (Skoda), കിയ (Kia), ടാറ്റ (Tata) തുടങ്ങിയ നിരവധി കാർ നിർമ്മാതാക്കൾ തങ്ങളുടെ മോഡലുകൾക്ക് 2022 ജനുവരി മുതൽ വില വർദ്ധന (Price Hike) പ്രഖ്യാപിച്ചിട്ടുണ്ട്. കാർ നിർമ്മാതാക്കൾ കലണ്ടർ വർഷത്തിന്റെ തുടക്കത്തിൽ വില വർധിപ്പിക്കുന്നത് വളരെ സാധാരണമാണ്. നിരക്കിലെ ഏറ്റക്കുറച്ചിലുകളും ഇൻപുട്ട്, മെറ്റീരിയൽ ചെലവുകളും വർദ്ധിക്കുന്നതാണ് വില വര്‍ദ്ധനവിന് കമ്പനികള്‍ പറയുന്ന മുഖ്യ കാരണം. മെഴ്‌സിഡസ്, ഔഡി തുടങ്ങിയ ആഡംബര ബ്രാൻഡുകൾ പോലും തങ്ങളുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിലുടനീളം വിലവർദ്ധന പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം മുതൽ വില കൂട്ടാൻ പോകുന്ന എല്ലാ വാഹന നിർമ്മാതാക്കളെയും അറിയാം

കിയ
2022 ജനുവരി മുതൽ കിയ അവരുടെ വാഹനങ്ങളുടെ വില പരിഷ്‌കരണം പ്രഖ്യാപിച്ചു. ഓരോ മോഡലുകൾക്കുമുള്ള വർദ്ധനവിന്റെ അളവ് കിയ വ്യക്തമാക്കിയിട്ടില്ല. 2021 ഡിസംബർ വരെ ബുക്ക് ചെയ്ത എല്ലാ വാഹനങ്ങൾക്കും കാർ നിർമ്മാതാവ് വില പരിരക്ഷ നൽകിയിട്ടുണ്ട്, ഈ വാഹനങ്ങൾക്ക്, ബുക്കിംഗ് സമയത്തെ വിലകൾ ഡെലിവറി സമയത്ത് ബാധകമായിരിക്കും. ചരക്ക്, ഗതാഗത വിലകൾ വർധിച്ചതാണ് വർദ്ധനവിന് കാരണമെന്ന് കമ്പനി പറയുന്നു. 

വോൾവോ
S90 സെഡാൻ, XC40, XC60, XC90 എസ്‌യുവികൾ എന്നിവ ഉല്‍പ്പടെ വോൾവോയുടെ ഇന്ത്യയിലെ എല്ലാ വാഹനങ്ങളുടെയും വില 2022 ജനുവരി 1 മുതൽ ഉയരും. XC90-ന്റെ വില ഒരു ലക്ഷം രൂപ വർധിപ്പിക്കും. അതേസമയം XC40, XC60 എന്നിവയ്ക്ക് വില യഥാക്രമം 2 ലക്ഷം രൂപയും 1.6 ലക്ഷം രൂപയും വില കൂടും. എസ് 90 യുടെ വില 3 ലക്ഷം രൂപ വരെ വർധിപ്പിക്കും.

വില വർദ്ധന പ്രഖ്യാപിച്ച് സ്കോഡയും, കൂടുന്നത് ഇത്രയും വീതം

മാരുതി സുസുക്കി
2022 ജനുവരി മുതൽ വില വർധനവ് പ്രഖ്യാപിച്ച ആദ്യ കമ്പനികളിലൊന്നാണ് മാരുതി സുസുക്കി. എല്ലാ മോഡലുകൾക്കും വില വർധനവ് ബാധകമാണ്. ഓരോ മോഡലിന്റെയും വില വർദ്ധനയുടെ വ്യാപ്തി മാരുതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 2021-ൽ തന്നെ, മാരുതി അതിന്റെ മോഡലുകളുടെ വില മൂന്ന് തവണ വർദ്ധിപ്പിച്ചിരുന്നു. ആദ്യത്തേത് ജനുവരിയിൽ, രണ്ടാമത്തേത് ഏപ്രിലിലും മൂന്നാമത്തേത് സെപ്തംബറിലും.

ഹോണ്ട
ഈ മാസം മുതൽ ഹോണ്ട മോഡലുകളുടെ വില വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വർദ്ധിച്ചുവരുന്ന ഇൻപുട്ട്, കമ്മോഡിറ്റി ചെലവുകൾ കമ്പനിക്ക് എത്രത്തോളം ഉൾക്കൊള്ളാൻ കഴിയുമെന്നും എത്ര തുക ഉപഭോക്താവിന് കൈമാറണമെന്നും പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് കാർ നിർമ്മാതാക്കൾ പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം. വില വർദ്ധനവ് ഇന്ത്യയിലെ എല്ലാ ഹോണ്ട മോഡലുകളെയും ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

റെനോ
ജനുവരി മുതൽ വാഹനങ്ങളുടെ വില വർധിപ്പിക്കാൻ റെനോയും ആലോചിക്കുന്നുണ്ട്. മറ്റെല്ലാ കാർ നിർമ്മാതാക്കളെയും പോലെ, റെനോയും വില വർദ്ധനയ്ക്ക് പിന്നിലെ കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഇൻപുട്ട്, മെറ്റീരിയൽ ചെലവുകൾ വർദ്ധിക്കുന്നതാണ്. ക്വിഡ്, ട്രൈബർ, കിഗർ, ഡസ്റ്റർ എന്നീ നാല് മോഡലുകൾ റെനോയ്ക്ക് നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കുണ്ട്. എല്ലാ മോഡലുകൾക്കും വിലയിൽ ഗണ്യമായ വർദ്ധനവ് പ്രതീക്ഷിക്കുന്നു.

കാവസാക്കി ബൈക്കുകളുടെ വില കൂടും

ടാറ്റ മോട്ടോഴ്‍സ്
ആഭ്യന്തര കാർ നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സും 2022 ജനുവരി മുതൽ വാഹനങ്ങളുടെ മുഴുവൻ പോർട്ട്‌ഫോളിയോയിലും വില വർദ്ധനവ് പ്രഖ്യാപിച്ചു. ഇതിൽ വാണിജ്യ, യാത്രാ വാഹനങ്ങളും ഉൾപ്പെടുന്നു. ടാറ്റ അതിന്റെ വാണിജ്യ വാഹനങ്ങൾക്ക് 2.5 ശതമാനം വില വർദ്ധനവ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പാസഞ്ചർ വാഹന ശ്രേണിയുടെ കൃത്യമായ കണക്ക് വ്യക്തമാക്കിയിട്ടില്ല. പുതുതായി ലോഞ്ച് ചെയ്ത ടാറ്റ പഞ്ച് ഉൾപ്പെടെ, അവരുടെ എല്ലാ മോഡലുകളിലും അതായത് ഇലക്ട്രിക്, ഐസിഇ-പവർ എന്നിവയിൽ ഈ വര്‍ദ്ധനവ് ബാധകമായിരിക്കും.

ടൊയോട്ട
2022 ജനുവരി മുതൽ എല്ലാ ടൊയോട്ട വാഹനങ്ങൾക്കും വില കൂടും. ടൊയോട്ടയും വില വർധനയുടെ അളവ് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ എല്ലാ മോഡലുകൾക്കും ഇത് ബാധകമാകുമെന്ന് അവർ അറിയിച്ചു. വില വർധന ഓരോ മോഡലിനും വ്യത്യസ്തമായിരിക്കും. ഇന്ത്യയിൽ, ടൊയോട്ട നിലവിൽ ഇന്നോവ ക്രിസ്റ്റയും ഫോർച്യൂണറും, ബാഡ്ജ്-എൻജിനീയർ ചെയ്ത അർബൻ ക്രൂയിസറും ഗ്ലാൻസയും വിൽക്കുന്നു. ഇൻപുട്ട്, കമ്മോഡിറ്റി ചെലവുകൾ വർധിച്ചതാണ് ഇതിനും പ്രചോദനമായത്.

സ്കോഡ
ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന തങ്ങളുടെ എല്ലാ മോഡലുകൾക്കും 2022 ജനുവരി മുതൽ വിലയിൽ 3 ശതമാനം വർദ്ധനവ് ഉണ്ടാകുമെന്ന് സ്കോഡ അറിയിച്ചു. കൃത്യമായ മോഡലും വേരിയന്റും അടിസ്ഥാനമാക്കിയുള്ള വില വർദ്ധനവ് ഉടന്‍ വെളിപ്പെടുത്തും. 2021-ൽ സ്‌കോഡ അതിന്റെ മോഡലുകളിൽ വളരെ കുറച്ച് തവണ മാത്രമേ വില വർധനവ് വരുത്തിയിട്ടുള്ളൂ. 

ഫോക്സ്‍വാഗൺ
2022 ജനുവരി 1 മുതൽ പോളോ, വെന്റോ, ടൈഗൺ എന്നിവയിൽ 2 മുതൽ 5 ശതമാനം വരെ വില വർധനവ് ഉണ്ടാകുമെന്ന് ഫോക്‌സ്‌വാഗൺ പ്രഖ്യാപിച്ചു. ഓരോ മോഡലിന്റെയും വില വർദ്ധനവിന്റെ അളവ് കാർ നിർമ്മാതാവ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അടുത്തിടെ പുറത്തിറക്കിയ ഫോക്‌സ്‌വാഗൺ ടിഗ്വാൻ ഫെയ്‌സ്‌ലിഫ്റ്റിനെ വിലവർദ്ധനവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സിട്രോൺ
ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന സിട്രോണിന്റെ ഏക മോഡലായ C5 എയർക്രോസിന്‍റെ എക്‌സ്-ഷോറൂം വിലയിൽ മൂന്ന് ശതമാനം വർദ്ധനവ് വരുത്തും C5 എയർക്രോസിന്‍റെ വില രണ്ട് മാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് വർധിപ്പിക്കുന്നത്, മുമ്പത്തെത് 2021 നവംബറിൽ ആയിരുന്നു. 1.30 ലക്ഷം രൂപ വരെ അന്ന് വർദ്ധിപ്പിച്ചു. C5 എയർക്രോസിന് നിലവിൽ ഇന്ത്യയിൽ 31.30 ലക്ഷം മുതൽ 32.80 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം, ഇന്ത്യ) വില.

മെഴ്‌സിഡസ്-ബെൻസ്
ആഡംബര കാർ നിർമ്മാതാക്കളിൽ, മെഴ്‌സിഡസ്-ബെൻസ് തിരഞ്ഞെടുത്ത മോഡലുകൾക്ക് രണ്ട് ശതമാനം വിലവർദ്ധന പ്രഖ്യാപിച്ചു, എന്നിരുന്നാലും ചില മോഡലുകൾക്ക് കമ്പനി വില പരിരക്ഷ നൽകുന്നു. MY2021 മോഡലുകൾ ബുക്ക് ചെയ്‌ത് ഡെലിവറിക്കായി കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് അത് ബുക്ക് ചെയ്‌ത വിലയിൽ ലഭിക്കുമെന്ന് മെഴ്‌സിഡസ് വ്യക്തമാക്കി. കൂടാതെ, ഡിസംബർ 31 വരെ എ-ക്ലാസ്, ജിഎൽഎ, ഇ-ക്ലാസ് തുടങ്ങിയ തിരഞ്ഞെടുത്ത ശ്രേണിയിലുള്ള കാറുകൾ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് വില പരിരക്ഷയും നൽകും.

ഔഡി
ഔഡി ഇന്ത്യയെ സംബന്ധിച്ചിടത്തോളം, കാർ നിർമ്മാതാവ് 2022 ജനുവരി മുതൽ അതിന്റെ മുഴുവൻ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിലും മൂന്നു ശതമാനം വിലവർദ്ധനവ് വരുത്തും. മറ്റെല്ലാ കാർ നിർമ്മാതാക്കളെയും പോലെ, ഔഡിയും വർദ്ധിച്ചുവരുന്ന ഇൻപുട്ടും പ്രവർത്തനച്ചെലവുമാണ് വിലവർദ്ധനവിന് പിന്നിലെ കാരണമായി ചൂണ്ടിക്കാട്ടുന്നത്.