എല്ലാ മേഖലയിലുമുള്ള ചൈനയുടെ കോപ്പിയടി കുപ്രസിദ്ധമാണ്. വാഹന മോഡലുകളുടെ കോപ്പിയടിയാവും അതില്‍ ഭൂരിഭാഗവും. ലോകത്തിലെ മുന്‍നിര കമ്പനികളുടെ കാറുകളെ അതേ രൂപത്തില്‍ കോപ്പിയടിക്കുന്ന ചൈനയുടെ പരിപാടിക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. തങ്ങളുടെ വാഹന മോഡൽ കോപ്പിയടിച്ചതിന് ചൈനീസ് വാഹന നിർമാതാവിനെതിരെ ജഗ്വാർ ലാൻഡ് റോവർ കോടതിയിൽ നിന്ന് അനുകൂല വിധി നേടിയത് അടുത്തിടെയാണ്. പക്ഷേ കേസുകളും പരിഹാസങ്ങളുമൊന്നും ചൈനീസ് കമ്പനികളുടെ ചങ്കിനെ ഉലയ്ക്കാറില്ല, കോപ്പിയടി നിര്‍ബാധം തുടരുകയാണ് അവരുടെ രീതി. പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളില്‍ ഈ ചൈനീസ് വാഹനങ്ങള്‍ സൂപ്പര്‍ഹിറ്റുമാണ്. കുറഞ്ഞവിലയില്‍ ലഭിക്കുമെന്നതു തന്നെ കാരണം.  ഇത്തരം കോപ്പിയടികള്‍ ചൈനയിൽ സാധാരണവും വ്യാപകവുമാണെങ്കിലും ഇതിനെതിരെ മിക്ക വിദേശ നിർമാതാക്കളും മൗനം പാലിക്കുകയാണ് പതിവ്.  ഇതാ ചൈന കോപ്പിയടിച്ച ചില വാഹന മോഡലുകളെ പരിചയപ്പെടാം.

മേപ്പിള്‍ 30X - ടാറ്റ നെക്സോണ്‍ 
ഇന്ത്യയുടെ ജനപ്രിയ വാഹനം ടാറ്റ നെക്‌സോണ്‍ എസ്‌യുവിയെ അതേപടി കോപ്പിയടിച്ചാണ് ചൈനീസ് വാഹനഭീമന്മാരായ ഗീലിയുടെ അനുബന്ധ കമ്പനി ഫെന്‍ഷെങ് മേപ്പിള്‍ 30X എന്ന ഇലക്ട്രിക് എസ്‌യുവി എത്തിച്ചിരിക്കുന്നത്. ഹെഡ്‌ലൈറ്റിലും റേഡിയേറ്റര്‍ ഗ്രില്ലിലും വരുത്തിയിട്ടുള്ള മാറ്റങ്ങളും നീളത്തിലുള്ള ഫോഗ് ലാമ്പും മാറ്റിനിര്‍ത്തി, വാഹനത്തിന്‍റെ വശങ്ങള്‍ ഉള്‍പ്പെടെ ശ്രദ്ധിച്ചാല്‍ ഈ വാഹനം നെക്‌സോണിന്റെ തനി കോപ്പിയാണെന്ന് പറയാന്‍ കഴിയും. ബോഡിയുടെ ഘടനയും വീലുകളും പിന്നിലെ ഡിസൈനുമെല്ലാം ടാറ്റ നെക്‌സോണുമായി വലിയ സാമ്യം തോന്നിക്കുന്നവയാണ്. ഫെങ്‌യുൻ ബേസിക്, ഫെങ്‌ഫാൻ സ്റ്റൈൽ, ഫെങ്‌ഷാംഗ് പ്ലസ്, ഫെങ്‌വ പ്രീമിയം എന്നിങ്ങനെ നാല് വേരിയന്റുകളിലും അഞ്ച് കളർ ഓപ്ഷനിലുമാണ് മേപ്പിൾ 30X ഇവി വില്പനക്കെത്തിയിരിക്കുന്നത്. ഇലക്ട്രിക് കരുത്തിലെത്തുന്ന ഈ വാഹനത്തിന്റെ ബാറ്ററിയുടെ ശേഷിയും റേഞ്ചും പോലും ടാറ്റ നെക്‌സോണ്‍ ഇവിയുമായി സാമ്യമുള്ളതാണ്. 70 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയാണ് മേപ്പിള്‍ 30X -ല്‍ പ്രവര്‍ത്തിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 360 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

ലാൻഡ് വിൻഡ് എക്സ് സെവന്‍ - റേഞ്ച് റോവർ ഇവോക്ക് 
കോപ്പിയടിയെ തുടര്‍ന്ന് ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ ജഗ്വാർ ലാൻഡ് റോവർ(ജെ എൽ ആർ) ചൈനീസ് കമ്പനിയായ ജിയാങ്‍ലിങ് മോട്ടോഴ്സിനെതിരെ നടത്തിയ നിയമയുദ്ധം പ്രസിദ്ധമാണ്. തങ്ങളുടെ മോഡല്‍ ചൈനീസ് കമ്പനി കോപ്പിയടിച്ചെന്ന് പറഞ്ഞ് ജെഎല്‍ആര്‍ നല്‍കിയ കേസില്‍ ചൈനീസ് കോടതി നേരത്തെ ജെഎല്‍ആറിന് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2018 നവംബറില്‍ വിപണിയിലെത്തിയ ഇവോക്കിലെ അഞ്ചു സവിശേഷതകളെങ്കിലും ജിയാങ്‍ലിങ് മോട്ടോഴ്സ് നിർമിച്ച ലാൻഡ് വിൻഡ് എക്സ് സെവനിൽ അതേപടി പകർത്തിയിട്ടുണ്ടെന്നു കണ്ടെത്തിയ കോടതി ജഗ്വാർ ലാൻഡ് റോവറിന് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും വിധിച്ചു. ഇവോക്കിനും ലാൻഡ് വിൻഡ് എക്സ് സെവനുമായി കാഴ്ചയിൽ പ്രകടമായ സാമ്യമുണ്ടെന്ന് കണ്ടെത്തിയ കോടതി മുന്നിൽ നിന്നു പിന്നിലേക്കു വീതി കുറഞ്ഞു വരുംവിധമാണ് ഇരു വാഹനങ്ങളുടെയും മേൽക്കൂരയുടെയും ജനലുകളുടെയും രൂപകൽപ്പനയെന്നും പറഞ്ഞു. കൂടാതെ സമാനമായ ടെയിൽ ലാംപും പാർശ്വത്തിലെ പാനലിലെ കാരക്ടർ ലൈനുമാണ് ഇരു എസ്‌യുവികളിലുമുള്ളതെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം അനുകരണം ഉപയോക്താക്കളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ട കോടതി ലാൻഡ് വിൻഡിന്റെ നിർമാണവും വിപണനവും വിൽപ്പനയുമൊക്കെ ഉടൻ നിർത്താനും ഉത്തരവിട്ടിരുന്നു.  

ലിഫാൻ 330 - മിനി കൂപ്പർ
ഐക്കണിക്ക് ബ്രിട്ടീഷ് വാഹന ബ്രാന്‍ഡാണ് മിനി കൂപ്പര്‍‌. മിനി കൂപ്പറിന്റെ പകർപ്പും ചൈനയിലെ നിരത്തുകളിലൂടെ പായുന്നുണ്ട്. ലിഫാൻ 330 എന്നാണ് ഈ വാഹനത്തിന്‍റെ പേര്.  മിനി കൂപ്പറിന്‍റെ അതേ രൂപകൽപ്പനയാണ് ഈ മോഡലിനും ഉള്ളത്. മിനി, ഫിയറ്റ് 500 എന്നിവയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നു എന്ന് ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തമാവും.1.3 ലിറ്റർ പെട്രോൾ എഞ്ചിനാണ് ലിഫാൻ 330 ന് ശക്തി പകരുന്നത്. പരമാവധി 90 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് ട്രാന്‍സ്‍മിഷന്‍. ഒറിജിനല്‍ മിനിയെക്കാള്‍ കുറഞ്ഞ വിലയ്ക്ക് ലിഫാൻ 330 ലഭിക്കുന്നതിനാൽ നല്ല വില്‍പ്പനയുണ്ട് ഈ മോഡലിനും. 

ഹെങ്‌ഷ്യൻ യൂലി - ടൊയോട്ട ലാൻഡ് ക്രൂയിസർ 
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ഐതിഹാസിക വാഹന മോഡലാണ് ലാൻഡ് ക്രൂയിസർ. ഈ ലാൻഡ് ക്രൂയിസറിനെ ചൈനീസ് കമ്പനി അതേപടി പകര്‍ത്തിയതാണ് ഹെങ്‌ഷ്യൻ യൂയലി എന്ന വാഹനം. 2016 -ലാണ് ഈ സമാന ആദ്യമായി കണ്ടെത്തിയത്. ഈ കോപ്പിക്യാറ്റ് കാറിന് ലാൻഡ്‌ക്രൂയിസറിൽ നിന്ന് പകർത്തിയ നിരവധി സവിശേഷതകളുണ്ട്. വാഹനത്തിന്‍റെ രണ്ടും വശങ്ങളിലും ഈ കോപ്പിയടി സമാനമായി കാണാം. 280 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന ഒരു ഫോട്ടി പവർ 4.6 ലിറ്റർ V8 എഞ്ചിനാണ് വാഹനത്തിന് ശക്തി പകരുന്നത്. മണിക്കൂറിൽ 196 കിലോമീറ്ററാണ് എസ്‌യുവിയുടെ പരമാവധി വേഗത.

ചങ്ഗാൻ-കൈസീൻ F70 - ഫോർഡ് F150
ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്‍റെ മസ്‍കുലർ പിക്കപ്പ് ട്രക്കാണ് ഫോർഡ് F150. യു‌എസിൽ വളരെ പ്രചാരമുള്ള ഒരു ട്രക്കാണ് F 150. ഈ വാഹനത്തിന്‍റെ അതേ രൂപത്തിലുള്ള കോപ്പിയിടിയാണ് ചാങ്ഗാൻ-കൈസീൻ F70.  അഗ്രസ്സീവും പരക്കനുമായ രൂപത്തിന് പേരുകേട്ടതാണ് വാഹനം. ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ഇത് ചൈനയിൽ അവതരിപ്പിച്ചത്. ഇസുസുവിന്‍റെ 2.8 ലിറ്റർ ഡീസൽ എഞ്ചിനാണ് ചൈനീസ് കൈസിന്‍റെ ഹൃദയം. വാഹനത്തില്‍  4X4 സിസ്റ്റവും ലഭിക്കുന്നു.

എക്സ്പെംഗ് G3 - ടെസ്ല മോഡൽ X
അമേരിക്കന്‍ വാഹനഭീമനാണ് ടെസ്‍ല. പെർഫോമെൻസ്, സാങ്കേതികവിദ്യ, ഭാവി സവിശേഷതകൾ തുടങ്ങിയവയുടെ കാര്യത്തില്‍ ടെസ്‌ല കാറുകൾ ലോകമാകെ പ്രശസ്തി നേടിയവയാണ്. ടെസ്‍ലയുടെ പ്രശസ്‍ത മോഡലാണ് ടെസ്ല മോഡൽ X. ഈ വാഹനവും ചൈന കോപ്പിയടിച്ചു. വാഹനത്തിന്‍റെ പേര് എക്സ്പെംഗ് G3. പരമാവധി 300 Nm ടോര്‍ക്ക് സൃഷ്ടിക്കുന്ന ഒരു പൂർണ്ണ ഇലക്ട്രിക് വാഹനമാണ് മോഡൽ X -ന്റെ ഈ കോപ്പിക്യാറ്റ്. പൂർണ്ണ ചാർജിൽ 230 കിലോമീറ്റർ ഈ വാഹനത്തിന് സഞ്ചരിക്കാനാകും. ഇത് മോഡൽ X -ന്റെ പൂർണ്ണമായ റിപ്-ഓഫ് പോലെ കാണപ്പെടുന്നു, ഒപ്പം ക്ലാംഷെൽ ബോണറ്റ്, പനോരമിക് സൺറൂഫ് എന്നിവ പോലുള്ള സവിശേഷതകളും ലഭിക്കുന്നു.

ഹ്യോസോ C60 - ലംബോർഗിനി ഉറൂസ്
റ്റാലിയന്‍ ആഡംബര വാഹനനിര്‍മ്മാതാക്കളായ ലംബോർഗിനിയുടെ സൂപ്പര്‍ എസ്‌യുവിയാണ് ഉറൂസ്. കാല്‍ നൂറ്റാണ്ടിന് ശേഷം ലംബോര്‍ഗിനി നിരയില്‍ പിറവിയെടുത്തിരിക്കുന്ന രണ്ടാം എസ്‌യുവിയായ ഉറൂസിനെ 2018 ജനുവരിയിലാണ് കമ്പനി അവതരിപ്പിച്ചത്. ഉറൂസ് വിപണിയിലെത്തിയതിന് പിന്നാലെ ചൈന കോപ്പിയുമടിച്ചു. ചൈനീസ് കമ്പനിയായ BAIC -യുടെ ഉടമസ്ഥതയിലുള്ള ഹ്യോസോ ഉറൂസിന്റെ നോക്ക്-ഓഫ് പതിപ്പ് പുറത്തിറക്കി. ഈ എസ്‌യുവി ഉറൂസിനു സമാനമാണ്. 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് ലഭിക്കുന്നത്. ഇത് പരമാവധി 190 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു.

എവറസ്റ്റ് കയൂ 400X-ബിഎംഡബ്ല്യു മോട്ടോറാഡ് ജി310ജിഎസ്
കാറുകള്‍ മാത്രമല്ല ബൈക്കുകളുമുണ്ട് ചൈനയുടെ കോപ്പിയടി പട്ടികയില്‍. മെക്കാനിക്ക് ഫീച്ചേഴ്‍സ് മാറ്റി നിര്‍ത്തിയാല്‍ ബിഎംഡബ്ല്യുവിന്റെ എന്‍ട്രി ലെവല്‍ ജി 310 ജിഎസ് അഡ്വഞ്ചര്‍ മോഡലിന്റെ തനിപ്പകര്‍പ്പാണ് ചൈനയുടെ എവറസ്റ്റ് കയൂ 400X.ഫ്യുവല്‍ ടാങ്ക്,  മുന്നിലെ വലിയ വിന്‍ഡ്‌സ്‌ക്രീന്‍, ഹെഡ്‌ലാമ്പ്, നോക്കിള്‍ ഗാര്‍ഡ്, ഓള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ലഗേജ് പാനിയേഴ്‌സ്, ഓള്‍ ടെറൈന്‍ ടയര്‍ തുടങ്ങിയ ഭാഗങ്ങളെല്ലാം ബിഎംഡബ്ല്യുവിനെ ഓര്‍മ്മിപ്പിക്കുന്നു. എന്തിനേറെപ്പറയുന്നു ഗ്രൗണ്ട് ക്ലിയറന്‍സും സീറ്റ് ഹൈറ്റും റൈഡിങ് പൊസിഷനും വരെ അതേപടി പകര്‍ത്തി ചൈന. യഥാക്രമം 200 എംഎം, 790 എംഎം എന്നിങ്ങനെയാണ് ഇവ രണ്ടും.