കുട്ടികൾക്ക് എപ്പോഴും വാഹനങ്ങളോട് വളരെ താല്പര്യമാണ്. ചില മാതാപിതാക്കൾ മക്കളുടെ വാശിക്ക് വഴങ്ങി ഓടിക്കാൻ സാധിക്കുന്ന ടോയ് കാറുകൾ വാങ്ങി കൊടുക്കും. എന്നാൽ മറ്റു ചിലരാകട്ടെ ഒറിജിനലിനെ വെല്ലുന്ന തരത്തിൽ വാഹനങ്ങൾ ഉണ്ടാക്കി നൽകും. ചിലപ്പോഴെല്ലാം ഇത്തരം ടോയ് കാറിൽ റോഡിലേക്ക് ഇറങ്ങിയ കുട്ടികളുടെ വാർത്തകൾ പുറത്തുവരാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ ചൈനയിൽ നിന്ന് വരുന്നത്. 

കൂട്ടുകാരിയെയും കൊണ്ട് ന​ഗരം ചുറ്റാനിറങ്ങിയ കുട്ടിക്കുറുമ്പനെ പൊലീസ് കയ്യോടെ പിടികൂടുകയും ചെയ്തു. വടക്കൻ ചൈനയിലെ  സുൻഹ്വാ എന്ന പ്രദേശത്തെ തിരക്കുള്ള റോഡിലൂടെയാണ് കുട്ടികൾ ടോയ് കാർ ഓടിച്ചെത്തിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞിട്ടുണ്ട്.

തിരക്കുള്ള റോഡിലൂടെ വളരെ കൂളായി വണ്ടി ഓടിച്ച് പോകുന്ന കുട്ടികളെ വീഡിയോയിൽ കാണാം. സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന ഒരു യാത്രക്കാരി കുട്ടികളെ ശ്രദ്ധിച്ചതിനെ തുടർന്നാണ് അപകടം ഒഴിവായത്. തന്റെ കാർ നിർത്തി കുട്ടികളുടെ സമീപത്തെത്തിയ ഇവർ അവരെ തടഞ്ഞു. 

പിന്നാലെ പൊലീസും സ്ഥലത്തെത്തി. പിന്നീട്  മാതാപിതാക്കളുമായി ബന്ധപ്പെട്ട ശേഷം അവർക്കൊപ്പം ഇരുവരെയും വിട്ടയയ്ക്കുകയായിരുന്നു. വീടിനുസമീപത്തെ തിരക്കില്ലാത്ത വഴിയിൽ കൂടി കാർ ഓടിച്ചു കളിക്കുന്നതിനിടെ വീട്ടുകാരുടെ കണ്ണുവെട്ടിച്ചാണ് ഇരുവരും തിരക്കുള്ള റോഡിലേക്ക് കളി വണ്ടിയുമായി ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു.