സമ്പൂര്‍ണ ലോക്ക് ഡൗണിലാണ് രാജ്യം. പല മനുഷ്യരെയും എന്ന പോലെ രാപ്പകല്‍ ഭേദമില്ലാതെ അധ്വാനിച്ചു കൊണ്ടിരുന്ന മിക്ക വാഹനങ്ങളും ഇപ്പോള്‍ വിശ്രമത്തിലാണ്. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ബസുകള്‍ ഉള്‍പ്പെടെ ആഴ്‍ചകളായി അനങ്ങാതെ കിടക്കുന്നു. എന്നാല്‍ പെട്ടെന്ന്, തുടര്‍ച്ചയായുള്ള ഈ വെറുതെ കിടപ്പ് ചില വാഹനങ്ങളുടെയൊക്കെ ആരോഗ്യസ്ഥിതിയെ മോശമാക്കിയിരിക്കുന്നു.

കെഎസ്ആർടിസി ബസുകളുടെ ആരോഗ്യത്തെയാണ് കൊറോണക്കാലത്തെ ഈ വിശ്രമജീവിതം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്ക് ഡൗണിന് മുമ്പ് കെഎസ്ആർടിസിയുടെ ഭൂരിഭാഗം ബസുകളും ദിവസവും 16 മുതൽ 22 മണിക്കൂർ വരെ ഓടിയിരുന്നു. അന്തര്‍സംസ്ഥാന സർവീസ് നടത്തുന്ന ചില ബസുകൾ 24 മണിക്കൂറും ഓടിയിരുന്നവയാണ്.  എന്നാല്‍ തുടര്‍ച്ചയായി വെറുതെ കിടന്നതോടെ ഈ ബസുകളില്‍ പലതിനും ഇപ്പോൾ അനങ്ങാൻതന്നെ വയ്യത്രെ. ആരോഗ്യപ്രവർത്തകരുമായി പോയ ചില ബസുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വഴിയിൽ കിടന്നപ്പോഴാണ് ബസുകളുടെ ആരോഗ്യം മോശമായ വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. 

ഇതോടെ സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ചികിത്സയുമായി എത്തിയിരിക്കുകയാണ് അധികൃതര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ബസുകൾ ആളെ കയറ്റാതെ ചെറിയ ദൂരം ഓടിക്കാനാണ് നിർദേശം. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ എട്ടു ബസുകൾ ഇപ്രകാരം 30 കിലോമീറ്റർ ആളില്ലാതെ പരീക്ഷണ ഓട്ടം നടത്തുന്നുണ്ട്. അത്യാവശ്യ സർവീസുകൾക്ക് ഉപയോഗിക്കാനായി കരുതിയിരിക്കുന്ന ബസുകൾക്കാണ് ഈ ആദ്യഘട്ട ചികിത്സ. 

അസിസ്റ്റൻറ് ഡിപ്പോ എൻജിനീയർമാരുടെ നേതൃത്വത്തിൽ ബസുകൾ സ്റ്റാർട്ടാക്കിയിടാനുള്ള ക്രമീകരണം ലോക്ക് ഡൗണിന്‍റെ ആദ്യ ദിനങ്ങൾ മുതലേ അധികൃതര്‍ ഒരുക്കിയിരുന്നു. ബാറ്ററി ചാർജ്ജും ടയറുകളും മാത്രം പരിശോധിക്കുകയായിരുന്നു രീതി. ഇതു കൂടാതെയാണ് ബസുകള്‍ ഓടിച്ചു നോക്കാനുള്ള പുതിയ നിര്‍ദ്ദേശം.