കൊവിഡ് 19 വ്യാപനത്തെ ചെറുക്കുന്നതിന്‍റെ ഭാഗമായി 21 ദിവസത്തെ ലോക്ക് ഡൗണിലാണ് രാജ്യം. ലോക്ക് ഡൗണ്‍ കാലത്ത് നിര്‍ദ്ദേശങ്ങളെ അവഗണിച്ച് ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ പലരും വാഹങ്ങളുമായി പുറത്തിറങ്ങുന്നുണ്ട്. ഇതേത്തുടര്‍ന്ന് അടച്ചിടല്‍ ലംഘനത്തിന് സംസ്ഥാനത്ത് പൊലീസ് ഇരുപതിനായിരത്തിലധികം വാഹനങ്ങളാണ് പിടിച്ചെടുത്തത്. 

എന്നാല്‍ ഇപ്പോള്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ സൂക്ഷിക്കുന്നത് പൊലീസിന് വലിയ തലവേദനയായി മാറിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ എട്ടുവരെ 19,294 വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. ഭൂരിഭാഗവും ഇരുചക്രവാഹനങ്ങളുമാണ്. 29,896 പേര്‍ അറസ്റ്റിലായി. 29,557 കേസെടുത്തു. സംസ്ഥാനത്തെ പല പൊലീസ് സ്റ്റേഷനുകളും ഇത്തംര വാഹനഹനങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പിടികൂടിയ ഈ വാഹനങ്ങള്‍ സൂക്ഷിക്കുന്നത് തലവേദനയായതോടെ പിടിച്ചെടുക്കല്‍ വേണ്ടെന്ന നിലപാടിലേക്ക് നീങ്ങുകയാണ് സര്‍ക്കാര്‍. നിയന്ത്രണം ലംഘിക്കുന്ന വാഹനങ്ങളെ പിഴ ഈടാക്കി വിട്ടുനല്‍കുമെന്ന് മുഖ്യമന്ത്രി തന്നെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 

എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തയില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസവും ലോക്ക് ഡൗണ്‍ ലംഘിച്ച് നിരത്തിലിറങ്ങിയ വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. വാഹനങ്ങള്‍ പിടികൂടുമ്പോള്‍ പിഴയീടാക്കി, വിട്ടയക്കണമെങ്കില്‍ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. എന്നാല്‍ ഇതുണ്ടായിട്ടില്ല. ഇതിന് വിജ്ഞാപനവും ഇറങ്ങണം. പിഴത്തുകയിലും അവ്യക്തത നിലവില്‍ക്കുന്നു. ഇക്കാര്യങ്ങളിലടകം അഡ്വക്കേറ്റ് ജനറലില്‍നിന്ന് പൊലീസ് മേധാവി നിയമോപദേശവും തേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.