എക്‌സ്‌ക്ലൂസീവ് മോട്ടോര്‍സുമായി സഹകരിച്ചുകൊണ്ടാണ് എല്‍ഇവിസി ഇന്ത്യയില്‍ വാഹനങ്ങള്‍ പുറത്തിറക്കുന്നതെന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇംഗ്ലണ്ടിലെ പ്രമുഖ വാണിജ്യ വാഹന നിര്‍മാതാക്കളായ ലണ്ടന്‍ ഇലക്ട്രിക്‌ വെഹിക്കിള്‍ കമ്പനി ലിമിറ്റഡ് (എല്‍ഇവിസി) (London Electric Vehicle Company) ഇന്ത്യയിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ട്. എക്‌സ്‌ക്ലൂസീവ് മോട്ടോര്‍സുമായി സഹകരിച്ചുകൊണ്ടാണ് എല്‍ഇവിസി ഇന്ത്യയില്‍ വാഹനങ്ങള്‍ പുറത്തിറക്കുന്നതെന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എല്‍ഇവിസിയുടെ ടിഎക്‌സ് (TX) എന്ന മോഡലാവും ഇന്ത്യയില്‍ അവതരിപ്പിക്കുക. 

ദില്ലിയിലായിരിക്കും (Delhi) കമ്പനിയുടെആദ്യ ഷോറൂം. ആറു പേര്‍ക്ക് ഇരിക്കാവുന്ന വാഹനത്തില്‍ വീല്‍ചെയര്‍ ഉള്‍ക്കൊള്ളിക്കാനുള്ള സംവിധാനം, ഡ്രൈവറെ വേര്‍തിരിക്കുന്ന സംവിധാനം തുടങ്ങിയവയും ഉണ്ടാകും. ഹൈബ്രിഡ് വാഹനമായ ടിഎക്‌സില്‍ ഒറ്റ ചാര്‍ജില്‍ 101 കി.മീറ്റര്‍ സഞ്ചരിക്കാനാവും. ബാറ്ററി ചാര്‍ജ് തീരുമ്പോള്‍ പെട്രോള്‍ എഞ്ചിനിലായിരിക്കും കാര്‍ ഓടുക. വോള്‍വോയുടെ പെട്രോള്‍ എഞ്ചിനാണ് ടിഎക്‌സിന്. 33 കിലോവാട്ടിന്‍റേതാണ് ബാറ്ററി. എല്‍ഇവിസി ടിഎക്‌സ് മോഡലിന്റെ വിലയെ സംബന്ധിച്ച വിവരങ്ങളൊന്നും ഇരു കമ്പനികളും പുറത്തുവിട്ടിട്ടില്ല.

1908ല്‍ ആണ് ആദ്യമായി എല്‍ഇവിസിയുടെ കാറുകള്‍ ലണ്ടന്‍ നിരത്തുകളില്‍ എത്തിയത്. നിലവില്‍ ചൈനീസ് വാഹന നിര്‍മാതാക്കളായ ഗീലിയുടെ ഉടമസ്ഥതയിലാണ് എല്‍ഇവിസി.

ഇന്ത്യ ഇലക്ട്രിക്‌ വാഹനങ്ങളുടെ വളര്‍ന്നു വരുന്ന വിപണിയാണ്. സാങ്കേതിക വിദ്യയും പ്രായോഗികതയും ഭംഗിയും കൊണ്ട് ഇന്ത്യന്‍ ഉപഭോക്താക്കളെ കീഴടക്കാന്‍ എല്‍ഇവിസിക്ക് ആകുമെന്നും എക്സ്‌ക്ലൂസീവ് മോട്ടോഴ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ സത്യ ബാഗ്ല പറഞ്ഞു.