Asianet News MalayalamAsianet News Malayalam

കക്കൂസ് മാലിന്യം തോട്ടിലിടാനെത്തി, ലോറിക്ക് കിട്ടിയത് മുട്ടന്‍പണി!

കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുക്കാനെത്തിയ ലോറിക്ക് കിട്ടിയത് എട്ടിന്‍റെ പണി

Lorry Accident With Toilet Waste
Author
Trivandrum, First Published Dec 7, 2020, 9:41 AM IST

കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുക്കാനെത്തിയ ലോറിക്ക് കിട്ടിയത് എട്ടിന്‍റെ പണി. തിരുവനന്തപുരം നെടുമങ്ങാട്ട് കഴിഞ്ഞ ദിവസമാണ് സംഭവം. കക്കൂസ് മാലിന്യം തോട്ടിൽ ഒഴുക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം തലകീഴായി മറിയുകയായിരുന്നു. 

കിള്ളിയാറിന്‍റെ കൈവഴിയായ നെട്ടറ തോട്ടിലാണ് സംഭവം. കരകുളം, മുല്ലശ്ശേരി തിരുമാനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിനു സമീപത്തെ തോട്ടിലൂടെ മാലിന്യം ഒഴുക്കാൻ എത്തിയ ലോറിയാണ് റോഡിനു കുറുകെ മറിഞ്ഞത്. കക്കൂസ് മാലിന്യം അടങ്ങിയ കണ്ടെയിനർ ആണ് അപകടത്തിൽപ്പെട്ടത്. 

നാട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ പെട്ടെന്ന് വാഹനം പുറകോട്ട് എടുക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റി തലകീഴായി മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിലുണ്ടായിരുന്ന കക്കൂസ് മാലിന്യം പുറത്തു വന്നതോടുകൂടി പ്രദേശത്ത് ദുര്‍ഗന്ധം രൂക്ഷമായി. വാഹനം വീഴുന്ന ശബ്ദം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും ഡ്രൈവർ ഓടി രക്ഷപ്പെട്ടു. നൂറുകണക്കിനാളുകള്‍ കുളിക്കാനും മറ്റു പ്രാഥമിക ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന പ്രധാന തോടാണിത് . 

തുടർന്നു നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. ഫയർഫോഴ്‍സ് എത്തി പ്രദേശം വൃത്തിയാക്കാൻ ശ്രമിച്ചെങ്കിലും ദുർഗന്ധം മാറിയിട്ടില്ല. ബാലരാമപുരം സ്വദേശിയുടെ വാഹനമാണ് ഇതെന്ന് നെടുമങ്ങാട് പൊലീസിന്‍റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ മാലിന്യം തള്ളുന്നത് പതിവാണെന്നും അധികൃതര്‍ നടപടി എടുക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. 

Follow Us:
Download App:
  • android
  • ios