Asianet News MalayalamAsianet News Malayalam

കാശ് വീശിയെറിഞ്ഞ് ഇന്ത്യന്‍ സമ്പന്നര്‍, കീശ നിറച്ച് ഈ ആഡംബര വണ്ടിക്കമ്പനി!

ഇന്ത്യയില്‍ 100 ശതമാനം വളര്‍ച്ചയുമായി ഈ ആഡംബര വണ്ടിക്കമ്പനി

Luxury carmaker Lamborghini India sales doubles in FY2021
Author
Mumbai, First Published Jun 13, 2021, 9:32 AM IST
  • Facebook
  • Twitter
  • Whatsapp

ഇറ്റാലിയന്‍ ആഡംബര സ്പോര്‍ട്‍സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിക്ക് ഇന്ത്യയില്‍ റെക്കോഡ് വില്‍പ്പന. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ലംബോര്‍ഗിനി നേടിയത് ഇരട്ടി വില്‍പ്പനയാണെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 26 കാറുകളാണ് ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കള്‍ ഇന്ത്യയില്‍ വിറ്റത്. 2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ 13 കാറുകളാണ് വിറ്റിരുന്നത്. അതായത് നൂറ് ശതമാനമാണ് വില്‍പ്പന വളര്‍ച്ച എന്നാണ് കണക്കുകള്‍.

ഇന്ത്യയിലെ സൂപ്പര്‍ ലക്ഷ്വറി സെഗ്‌മെന്റില്‍ കൊവിഡ് ഒന്നാം തരംഗവും രണ്ടാം തരംഗവും വലിയ ആഘാതമാണ് സൃഷ്ടിച്ചത്. എന്നാല്‍ ഇറ്റാലിയന്‍ ബ്രാന്‍ഡിനെ ഇതൊന്നും ബാധിച്ചില്ല എന്ന് വില്‍പ്പന കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ സൂപ്പര്‍ ലക്ഷ്വറി സെഗ്‌മെന്റില്‍ വില്‍പ്പനയില്‍ 2019 ല്‍ 18 ശതമാനവും 2020 ല്‍ 30 ശതമാനവും ഇടിവാണ് നേരിട്ടത്. ഈ സെഗ്‌മെന്റിലെ മറ്റ് കമ്പനികളായ പോര്‍ഷ, റോള്‍സ് റോയ്‌സ്, ഫെറാറി, ബെന്‍റ്ലി തുടങ്ങിയ ബ്രാന്‍ഡുകളുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞിരുന്നു. 

ലംബോര്‍ഗിനിയുടെ ഈ വില്‍പ്പന വളര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്‍തത് ഉറൂസ് മോഡലാണ്. ലംബോര്‍ഗിനിയുടെ ഈ സൂപ്പര്‍ സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തിന് ഇന്ത്യയില്‍ ഡിമാന്‍ഡ് ഏറെയാണ്. കാല്‍ നൂറ്റാണ്ടുകള്‍ക്കു ശേഷം ലംബോര്‍ഗിനി നിരയില്‍ പിറന്ന രണ്ടാം എസ്‌യുവിയായ ഉറൂസിനെ  2017 ഡിസംബറിലാണ് ആഗോളതലത്തില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. 2018 ജനുവരിയിലാണ് ഉറുസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

2018 സെപ്റ്റംബറിലാണ് ഇന്ത്യയില്‍ ആദ്യ ബാച്ച് ലംബോര്‍ഗിനി ഉറുസ് ഡെലിവറി ചെയ്യാന്‍ ആരംഭിച്ചത്.  മൂന്ന് കോടി രൂപയാണ് എക്‌സ് ഷോറൂം വില. പൂര്‍ണമായി നിര്‍മിച്ചശേഷം (സിബിയു രീതി) ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് ലംബോര്‍ഗിനി ഉറൂസ്.  സൂപ്പര്‍ ലക്ഷ്വറി കാര്‍ നിര്‍മാതാക്കളുടെ സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തിന് ഇന്ത്യയില്‍ ലഭിച്ച പ്രതികരണം അമ്പരപ്പിക്കുന്നതായിരുന്നു. അവതരണം മുതല്‍ തന്നെ പ്രീമിയം എസ്‌യുവികളിലെ ടോപ്പ് സെല്ലിങ്ങ് പട്ടം ഉറുസിന് സ്വന്തമായിരുന്നു.

അതേസമയം ഇന്ത്യയില്‍ പുതിയ മോഡലുകള്‍ ഒന്നൊന്നായി അവതരിപ്പിച്ചുവരികയാണ് ലംബോര്‍ഗിനി. ഹുറാകാന്‍ ഇവോ ആര്‍ഡബ്ല്യുഡി സ്‌പൈഡറാണ് ഏറ്റവുമൊടുവില്‍ ഇന്ത്യയിലെത്തിയത്. അടുത്തിടെയാണ് ലംബോര്‍ഗിനി ഹുറാകാന്‍ ഇവോ ആര്‍ഡബ്ല്യുഡി സ്പൈഡര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 3.54 കോടി രൂപ മുതലാണ് എക്സ് ഷോറൂം വില. ഈ പതിപ്പിനെ കഴിഞ്ഞ വര്‍ഷമാണ് കമ്പനി അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ചത്. ആഗോള വിപണിയില്‍ കഴിഞ്ഞ വര്‍ഷമെത്തിയ ഈ വാഹനം ഒരു വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയില്‍ എത്തുന്നത്.

ബ്ലൂ സൈഡറീസ് നിറത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ ഹുറാകാന്‍ ഇവോ റിയര്‍ വീല്‍ ഡ്രൈവ് മോഡല്‍ ലംബോര്‍ഗിനി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിട്ടുള്ളത്. ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ആകര്‍ഷകമായ കണ്‍വെര്‍ട്ടബിള്‍ മോഡലുകളില്‍ ഒന്നാണ് ഈ മോഡല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍ജിന്‍ സവിശേഷതകളിലും ഫീച്ചറുകളിലും ഹുറേകാന്‍ ഇവോയുടെ ഓള്‍ വീല്‍ ഡ്രൈവ് മോഡലും ആര്‍ഡബ്ല്യുഡി പതിപ്പും സമാനമാണെന്നാണ് കമ്പനി പറയുന്നത്.

ലുക്കിലും ഓള്‍ വീല്‍ ഡ്രൈവില്‍ നിന്നും വ്യത്യസ്‍തമാണ്. ഫ്രെണ്ട് സ്പ്ലിറ്ററിലും എയര്‍ ഇന്‍ടേക്കിലും വരുത്തിയ മാറ്റങ്ങളിലൂടെയാണ് മുന്നില്‍ പുതുമ നല്‍കിയിട്ടുള്ളത്. പിന്നില്‍ പുതിയ ഡിഫ്യൂസര്‍ പുതുമയാണ്. സെന്‍ട്രല്‍ കണ്‍സോളില്‍ 8.4 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനുണ്ട്. ക്ലൈമെറ്റ് കണ്‍ട്രോള്‍ മുതല്‍ അഡ്വാന്‍സ്ഡ് വോയ്‌സ് കമാന്‍ഡ് സംവിധാനവും ഈ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ലംബോര്‍ഗിനി ഹുറാകാന്‍ ഇവോ സ്പൈഡര്‍ റിയര്‍-വീല്‍-ഡ്രൈവ് ഒരു ജീവിതശൈലി തെരഞ്ഞെടുക്കാനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. മുന്‍വശത്ത്, കാര്‍ RWD കൂപ്പേയ്ക്ക് സമാനമാണ്. സ്പൈഡറിന്റെ സോഫ്റ്റ്-ടോപ്പ് റൂഫ് 17 സെക്കന്‍ഡിനുള്ളില്‍ തുറക്കാനും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കാനും കഴിയും. സോഫ്റ്റ്-ടോപ്പ് മുകളിലേക്കോ താഴേയ്ക്കോ ഉപയോഗിച്ച്, ഡ്രൈവര്‍ക്ക് പിന്‍ വിന്‍ഡോ ഇലക്ട്രോണിക്കായി തുറക്കാനും സാധിക്കും.

ഹുറാകാന്‍ ഇവോയ്ക്ക് കരുത്തേകുന്ന എന്‍ജിന്‍ തന്നെയാണ് റിയര്‍ വീല്‍ ഡ്രൈവ് പതിപ്പിലും. ഇതിലെ 5.2 ലിറ്റര്‍ വി10 നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍  എഞ്ചിന്‍ 602 ബി.എച്ച്. പി. പവറും 560 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിന് കേവലം 3.5 സെക്കന്‍ഡുകള്‍ മാത്രം മതി. 324 കിലോമീറ്ററാണ് വാഹനത്തിന്‍റെ പരമാവധി വേഗത.  

ഈ മോഡലുകളെ കൂടാതെ എഡബ്ല്യുഡി വേര്‍ഷനുകളും ലംബോര്‍ഗിനി ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നുണ്ട്. ലംബോര്‍ഗിനി അവന്‍റഡോര്‍ കാറുകളും രാജ്യത്ത് ലഭ്യമാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios