Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ നിര്‍മ്മിത ബലേനോ ഇനി വേണ്ടെന്ന് ജപ്പാന്‍; കാരണം ഇതാണ്!

ഇന്ത്യൻ നിർമിത മാരുതി ബലേനോയെ ജാപ്പനീസ് വിപണിയിൽ നിന്നും ഒഴിവാക്കാൻ ഒരുങ്ങി സുസുക്കി

Made In India Suzuki Baleno To Discontinue In Japan
Author
Japan, First Published May 26, 2020, 10:51 AM IST

ഇന്ത്യൻ നിർമിത മാരുതി ബലേനോയെ ജാപ്പനീസ് വിപണിയിൽ നിന്നും ഒഴിവാക്കാൻ ഒരുങ്ങി സുസുക്കി. ഇന്ത്യയിൽ നിന്ന് ആഭ്യന്തര വിപണിയിലേക്ക് ഇറക്കുമതി ചെയ്തിരുന്ന ഒരേയൊരു മോഡലിനെ ജൂൺ മാസത്തോടു കൂടി പിൻവലിക്കാനാണ് സുസുക്കിയുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

2015-ലാണ് മാരുതി സുസുക്കി ബലെനോ പ്രീമിയം ഹാച്ച്ബാക്കിനെ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഒരു വർഷത്തിന് ശേഷം സുസുക്കിയുടെ ജന്മനാടായ ജപ്പാനിലും ഈ ബലെനോ ലോഞ്ച് ചെയ്തു. ജപ്പാനിൽ നിർമ്മിക്കുന്നതിന് പകരം ഇന്ത്യയിൽ നിന്ന് കയറ്റി അയച്ച മോഡൽ ആണ് ജപ്പാനിൽ ലോഞ്ച് ചെയ്തത്. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്തു ജപ്പാനിൽ സുസുക്കി വിൽക്കുന്ന ഏക മോഡൽ ആണ് ബലെനോ. 

ആവശ്യക്കാരില്ലാത്തതാണ് ബലേനോയുടെ വില്പന ജപ്പാനിൽ അവസാനിപ്പിക്കുന്നതിനുള്ള കാരണം എന്നാണ് സൂചന. ഗുണനിലവാരത്തിലുള്ള ആശങ്കകളാണ് ജപ്പാനിൽ മാരുതി ബലേനോ പരാജയപ്പെട്ടതിന്റെ കാരണം എന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ രാജ്യത്ത് സുസുക്കി വിൽക്കുന്ന മറ്റ് മോഡലുകളിൽ നിന്ന് വ്യത്യസ്തമായി ഫോർ വീൽ ഡ്രൈവിൽ ബലേനോ ലഭ്യമല്ലെന്നതും ഇതിനു കാരണമായെന്നാണ് സൂചനകള്‍. ബലേനോ പ്രീമിയം ഹാച്ച്ബാക്കിന്റെ ആദ്യ മോഡലാണ് ജപ്പാനിൽ ഇപ്പോഴും വിപണിയിൽ ഉള്ളത്. അതേസമയം ഇന്ത്യയിൽ ഫെയ്‌സ്‌‌ലിഫ്റ്റ് ചെയ്‌ത പതിപ്പാണ് വിൽപ്പനക്ക് എത്തുന്നത് എന്നത് ശ്രദ്ധേയമാണ്.

അതേസമയം ഇന്ത്യന്‍ വാഹനവിപണിയില്‍ റെക്കോഡ് സൃഷ്‍ടിച്ച് കുതിച്ചുപായുന്ന ജനപ്രിയ മോഡലാണ് ബലേനോ. പുറത്തിറങ്ങി 51 മാസത്തിനകം 7.2 ലക്ഷം ബലേനോകള്‍ നിരത്തിലെത്തിച്ച് മാരുതി സുസുക്കി റെക്കോഡ് സ്വന്തമാക്കിയിരുന്നു. അതായത് രാജ്യത്ത് ഓരോ മൂന്നു മിനിറ്റിലും ഒരു ബലേനൊ പുറത്തിറങ്ങുന്നുണ്ടെന്നാണ് കണക്കുകള്‍. കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷങ്ങളില്‍ ഓരോ വര്‍ഷവും മാരുതി സുസുകി ബലേനോ വില്‍പ്പന വളര്‍ച്ച കൈവരിച്ചു. നിലവില്‍ എ2 പ്ലസ് സെഗ്‌മെന്റില്‍ 27 ശതമാനം മാര്‍ക്കറ്റ് വിഹിതമുണ്ട് ബലേനോയ്ക്ക്.

2015 ഒക്ടോബറിലാണ് ബലേനോയെ മാരുതി അവതരിപ്പിച്ചത്. മാരുതിയുടെ പ്രീമിയം കാറുകള്‍ വില്‍ക്കാനുള്ള ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയാണ് ബലേനോ വിറ്റഴിച്ചത്.  2015ല്‍ ജനീവാ മോട്ടോര്‍ ഷോയില്‍ ഐകെ2 കോണ്‍സെപ്റ്റ് കാറായി അവതരിപ്പിച്ച ബലേനോ അതേ വര്‍ഷം തന്നെയാണ് ഇന്ത്യന്‍ വിപണിയിലേക്കും എത്തിയത്.  

വാഹനത്തിന്‍റെ പുതിയ പതിപ്പ് 2019 ജനുവരിയിലാണ് വിപണിയിലെത്തിയത്.  നെക്സ്റ്റ് ജനറേഷന്‍ സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനത്തോടെ പുതിയ ബലേനോ മോഡലും അടുത്തിടെ മാരുതി പുറത്തിറക്കിയിരുന്നു. രാജ്യത്തെ ആദ്യ ബിഎസ് 6 പ്രീമിയം ഹാച്ച്ബാക്ക് മോഡലെന്ന ഖ്യാതിയും ഇതോടെ ബലനോയ്ക്ക് ലഭിച്ചിരുന്നു. 

83 ബിഎച്ച്പി കരുത്തേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 74 ബിഎച്ച്പി കരുത്തേകുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ബലേനോയുടെ ഹൃദയം. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് റെസ്ട്രിയന്റ് സിസ്റ്റം, ഫോഴ്‌സ് ലിമിറ്റര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നീ സുരക്ഷാ സംവിധാനങ്ങളും പുതിയ വാഹനത്തിലുണ്ട്.

ബലേനൊയിൽ മാനുവൽ, കണ്ടിന്വസ്ലി വേരിയബ്ൾ ട്രാൻസ്മിഷൻ(സി വി ടി) ഗീയർബോക്സുകളും മാരുതി സുസുക്കി ലഭ്യമാക്കുന്നുണ്ട്. 5.58 ലക്ഷം മുതൽ 8.90 ലക്ഷം രൂപ വരെയാണ് ബലേനൊയുടെ വിവിധ വകഭേദങ്ങൾക്ക് ദില്ലി ഷോറൂം വില. രാജ്യത്തെ 200 ലധികം നഗരങ്ങളിലെയും പട്ടണങ്ങളിലെയും 360 നെക്‌സ ഷോറൂമുകള്‍ വഴിയാണ് ബലേനോ വില്‍ക്കുന്നത്. ഹ്യുണ്ടായ് ഐ 20, ഫോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട ജാസ് എന്നിവയാണ് ബലേനോയുടെ മുഖ്യ എതിരാളികള്‍. 

Follow Us:
Download App:
  • android
  • ios