Asianet News MalayalamAsianet News Malayalam

വാഹനങ്ങള്‍ക്ക് ബമ്പര്‍ ടു ബമ്പര്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി മദ്രാസ് ഹൈക്കോടതി

സെപ്റ്റംബർ ഒന്നിന് ശേഷം  വില്‍ക്കുന്ന വാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തേക്കാണ് ബമ്പര്‍ ടു ബമ്പര്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയത്. 

Madras high court ordered five year bumper to bumper insurance must for all vehicles
Author
Chennai, First Published Aug 27, 2021, 2:56 PM IST

മിഴ്‍നാട്ടില്‍ പുതിയ വാഹനങ്ങള്‍ക്ക്, സമ്പൂര്‍ണ പരിരക്ഷ നല്‍കുന്ന ബമ്പര്‍ ടു ബമ്പര്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി കോടതി.  മദ്രാസ് ഹൈക്കോടതിയുടെതാണ് സുപ്രധാന ഉത്തരവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്റ്റംബർ ഒന്നിന് ശേഷം  വില്‍ക്കുന്ന വാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തേക്കാണ് ബമ്പര്‍ ടു ബമ്പര്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയത്. ഡ്രൈവർ ഉൾപ്പെടെ വാഹനത്തിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും ഇൻഷുറൻസ്​ പരിരക്ഷ ഉറപ്പുവരുത്തുകയാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ജസ്റ്റിസ് എസ് വൈദ്യനാഥൻ ഉത്തരവിൽ വ്യക്തമാക്കി.

വാഹനങ്ങള്‍ക്കും അതില്‍ യാത്രചെയ്യുന്നവര്‍ക്കും അപകടത്തില്‍പ്പെടാന്‍ സാധ്യതയുള്ള മൂന്നാം കക്ഷിക്കും പരിരക്ഷ നല്‍കുന്നതാണ് ബമ്പര്‍ ടു ബമ്പര്‍ ഇന്‍ഷുറന്‍സ് പോളിസികള്‍. തേർഡ്​ പാർട്ടി ഇൻഷുറൻസ്​ കവറേജ്​ മാത്രമുള്ള വാഹനം അപകടത്തിൽപ്പെട്ട കേസിൽ മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് 14.65 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ ന്യൂ ഇന്ത്യ അഷുറൻസ്​ കമ്പനിയോട് നിർദേശിച്ച ഈറോഡ്​ മോട്ടോർ ആക്സിഡൻറ്​ ട്രിബ്യൂണലി​ന്‍റെ ഉത്തരവ്​ റദ്ദാക്കിയാണ്​ ഹൈക്കോടതി ഉത്തരവ് എന്നാണ് റിപ്പോര്‍ട്ടുകള്‍​. അഞ്ചുവര്‍ഷം മുമ്പുനടന്ന അപകടത്തില്‍ 14.65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള ട്രിബ്യൂണല്‍ വിധിക്കെതിരേ ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എസ് വൈദ്യനാഥന്റെ ഉത്തരവ് 

ഇന്‍ഷുറന്‍സ് പോളിസിയനുസരിച്ച് അപകടത്തില്‍പ്പെട്ട വാഹനത്തിനുമാത്രമാണ് പരിരക്ഷ ഉണ്ടായിരുന്നതെന്നും അതില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇല്ലെന്നുമായിരുന്നു കമ്പനിയുടെ വാദം. ഇത് അംഗീകരിച്ച കോടതി, വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ കമ്പനിയോ ഡീലര്‍മാരോ ഇന്‍ഷുറന്‍സ് സംബന്ധിച്ച് വിശദീകരിക്കാറില്ലെന്നും വാഹനം വാങ്ങുന്നവരും ഇതേക്കുറിച്ചറിയാന്‍ ശ്രമിക്കാറില്ലെന്നും ചൂണ്ടിക്കാട്ടി.  വാഹനങ്ങളുടെ ഗുണമേന്മയില്‍ ശ്രദ്ധിക്കുന്നവര്‍ ഇന്‍ഷുറന്‍സ് കാര്യങ്ങളറിയാന്‍ ശ്രമിക്കുന്നില്ലെന്നു നിരീക്ഷിച്ച കോടതി വലിയ വില നല്‍കി വാഹനം വാങ്ങുമ്പോള്‍ തുച്ഛമായ തുക ചെലവാക്കി മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷ നേടാത്തത് ദുഃഖകരമാണെന്നും അഭിപ്രായപ്പെട്ടു. ഡ്രൈവർ, യാത്രക്കാർ, മൂന്നാം കക്ഷികൾ എന്നിവരുടെ സുരക്ഷയിൽ വാഹന ഉടമ ശ്രദ്ധാലുവായിരിക്കണം. അതിനാൽ തേർഡ്​ പാർട്ടി ഇൻഷുറൻസ്​ മാത്രം പോരെന്നും വാഹന ഉടമക്ക്​ അനാവശ്യ ബാധ്യതയുണ്ടാകുന്നത് ഒഴിവാക്കാൻ സമ്പൂർണ ഇൻഷുറൻസ്​ പരിരക്ഷ ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. 

അതുകൊണ്ടുതന്നെ അടുത്തമാസം ഒന്നുമുതല്‍ വില്‍ക്കുന്ന വാഹനങ്ങള്‍ക്ക് ബമ്പര്‍ ടു ബമ്പര്‍ പോളിസി നിര്‍ബന്ധമാക്കാനും ഇക്കാര്യം എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളെയും അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചു. സംസ്ഥാന ഗതാഗതവകുപ്പ് സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് നിര്‍ദ്ദേശവും നല്‍കി. ഉത്തരവ് നടപ്പാക്കുന്നത് പരിശോധിക്കാന്‍ ഹര്‍ജി അടുത്തമാസം 30-ന് വീണ്ടും പരിഗണിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

Follow Us:
Download App:
  • android
  • ios