ഇന്നോവ കാറുകള്‍ വാങ്ങാനുള്ള മഹാരാഷ്‍ട്ര സര്‍ക്കാരിന്‍റെ തീരുമാനം വിവാദത്തില്‍. നാല് മന്ത്രിമാർക്കും മുതിർന്ന ഉദ്യോഗസ്ഥനുമായി 1.37 കോടി രൂപ ചെലവിട്ട് ആറ് പുതിയ ഇന്നോവ കാറുകൾ വാങ്ങാൻ പ്രത്യേക അനുമതി നൽകിയ മഹാരാഷ്ട്ര സർക്കാർ തീരുമാനമാണ് വിവാദത്തിലായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊറോണ വൈറസ് മഹാമാരി മൂലമുണ്ടായ ലോക്ക്ഡൗൺ കാരണം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോൾ വാഹനങ്ങള്‍ വാങ്ങാനുള്ള സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയതോടെയാണ് നീക്കം വിവാദത്തിലായത്. 

വിദ്യാഭ്യാസ മന്ത്രി, അവരുടെ ഡെപ്യൂട്ടി, കായിക മന്ത്രി, ഡെപ്യൂട്ടി, വിദ്യാഭ്യാസ, കായിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ക്കായാണ് ഇന്നോവ ക്രിസ്റ്റകള്‍ വാങ്ങുന്നത്. ഇതില്‍ ആറാമത്തെ വാഹനം വകുപ്പിന്റെ ഔദ്യോഗിക ആവശ്യത്തിനായി ഉപയോഗിക്കാനാണ് നീക്കം. ഇന്നോവ ക്രിസ്റ്റ സെവന്‍ സീറ്ററുകളാണ് ആറ് കാറുകളും , ഓരോന്നിനും 22.83 ലക്ഷം രൂപയോളം ചെലവ് വരും.  

ഇന്നോവ ക്രിസ്റ്റകള്‍ വാങ്ങാനുള്ള നിർദേശത്തിന് മുഖ്യമന്ത്രിയും സംസ്ഥാന ധനകാര്യ വകുപ്പിന്റെ വാഹന അവലോകന സമിതിയും അംഗീകാരം നൽകിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. വാഹനച്ചെലവ്, ജിഎസ്‍ടി, രജിസ്ട്രേഷൻ ചാർജുകൾ, ആക്സസറികൾ എന്നിവ ഉൾപ്പെടുന്ന മൊത്തം 22,83,086 രൂപയാണ് വാഹനത്തിനായി അനുവദിച്ചത്.

എന്നാല്‍ പ്രതിപക്ഷം ഇതിനെതിരെ എതിര്‍പ്പ് ഉയര്‍ത്തുകയാണ്. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തിൽ മന്ത്രിമാർക്ക് വാഹനങ്ങൾ വാങ്ങുന്നത് സർക്കാരിന്റെ മുൻഗണനയാകുന്നത് എങ്ങനെ എന്ന് അദ്ദേഹം ആരാഞ്ഞു.

കൊവിഡ് -19 ലോക്ക്ഡൗൺ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ കാരണം കഴിഞ്ഞ നാല് മാസത്തിനിടെ ഇതുവരെ മഹാരാഷ്ട്രയ്ക്ക് 50,000 കോടി രൂപയുടെ വരുമാനനഷ്ടം ഉണ്ടായിട്ടുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ശമ്പളം മാറ്റിവച്ചതായി ആരോപിക്കപ്പെടുന്ന ഒരു സമയത്ത് വാഹനങ്ങൾ വാങ്ങുന്നത് സർക്കാരിന്റെ മുൻഗണനയായിരിക്കുന്നത് ശരിയല്ലെന്നും ഇത്തരമൊരു സാഹചര്യത്തിൽ വാഹനങ്ങൾ വാങ്ങുന്നത് എന്ത് അടിയന്തര സാഹചര്യത്തിലാണെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യക്തമാക്കണം എന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.