Asianet News MalayalamAsianet News Malayalam

"വരൂ ഇന്‍വെസ്റ്റ് ചെയ്യൂ.."; അമേരിക്കന്‍ വാഹനഭീമനെ ക്ഷണിച്ച് ഈ സംസ്ഥാനം

ടെസ്‌ലയുടെ പ്ലാന്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ കമ്പനിയുമായി ചര്‍ച്ച നടത്തിയതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

Maharashtra invites electric automaker for investment
Author
Mumbai, First Published Nov 2, 2020, 8:51 AM IST

പ്ലാന്‍റ് സ്ഥാപിക്കാന്‍ അമേരിക്കൻ ഇലക്ട്രിക് വാഹന ഭീമന്മാരായ ടെസ്‌ലയെ ക്ഷണിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. മഹാരാഷ്ട്രയില്‍ ടെസ്‌ലയുടെ പ്ലാന്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ കമ്പനിയുമായി ചര്‍ച്ച നടത്തിയതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടെസ്‌ലയുമായുള്ള ചർച്ചകൾ തുടങ്ങിയ വിവരം മഹാരാഷ്ട്ര വിനോദ സഞ്ചാര മന്ത്രി ആദിത്യ താക്കയൊണു ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ചര്‍ച്ചകള്‍ നടന്നതെന്നും ആദിത്യ താക്കറെ അറിയിച്ചു.

2021-ഓടെ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ടെസ്‌ല തന്നെ മുമ്പ് അറിയിച്ചിട്ടുണ്ട്. മുമ്പ് കര്‍ണാടകയും ടെസ്‌ലയെ ക്ഷണിച്ചിരുന്നു. പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ ടെസ്‌ല പുറത്തുവിട്ടിട്ടില്ല. ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന പരിശോധിച്ചു വിലയിരുത്തിയ ശേഷമായിരിക്കും പ്ലാന്റ് നിര്‍മിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക എന്നും റിപ്പോർട്ടുകള്‍ ഉണ്ട്.

കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഇലോൺ മസ്‍ക് തന്നെയാണ് 2021 ൽ കമ്പനി ഇന്ത്യയിലേക്ക് എത്തുമെന്ന സൂചന നേരത്തെ നൽകിയത്. ഇന്ത്യയ്ക്ക് ടെസ്‍ല വേണം എന്ന ടി-ഷർട്ടിന്റെ ഫോട്ടോയുള്ള ഒരു ട്വിറ്റർ പോസ്റ്റിന് മറുപടിയായാണ് മസ്‍ക് ഇന്ത്യയിലേക്കുളള കമ്പനിയുടെ വരവിന്റെ സൂചന നൽകിയത്.

കേന്ദ്ര സർക്കാർ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗവും നിർമ്മാണവും പ്രോത്സാഹിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്താണ് ടെസ്‍ലയുടെ ഇന്ത്യൻ വിപണിയിലേക്കുളള പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം എത്തുന്നത്.

കഴിഞ്ഞ വർഷം ഡിമാൻഡ് മന്ദഗതിയിലായ ഇന്ത്യയുടെ വാഹനമേഖലയെ കൊറോണ വൈറസ് പകർച്ചവ്യാധി വലിയ തോതിൽ ബാധിച്ചു, വിൽപ്പന വർധിപ്പിക്കാൻ കാർ നിർമ്മാതാക്കൾ സർക്കാരിന്റെ പിന്തുണ തേടിയിരിക്കുകയാണ്.

കാലിഫോര്‍ണിയയിലെ പാലോ ആള്‍ട്ടോ ആസ്ഥാനമായുള്ള ഓട്ടോമോട്ടീവ്, വാഹന നിര്‍മാണ കമ്പനിയാണ് ടെസ്‍ല. ടെസ്‍ല റോഡ്സ്റ്റര്‍ എന്ന, പൂര്‍ണമായും വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യത്തെ സ്പോര്‍ട്സ് കാര്‍ നിര്‍മിച്ചതോടെയാണ് കമ്പനി ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. തുടര്‍ന്ന് മോഡല്‍ എസ് എന്ന പേരില്‍ ഒരു സെഡാനും, പിന്നാലെ ക്രോസോവര്‍ വാഹനമായ മോഡല്‍ എക്സും കമ്പനി വിപണിയിലെത്തിച്ചു.

2015 ല്‍ ലോകത്തിലെ ഏറ്റവും വില്‍പന നേടിയ ഇലക്ട്രിക്ക് കാര്‍ ആയിമാറിയിരുന്നു മോഡല്‍ എസ്. 2015 ഡിസംബറിലെ കണക്ക് പ്രകാരം ഒരു ലക്ഷം മോഡല്‍ എസ് കാറുകളാണ് വിറ്റഴിച്ചത്. 2017ല്‍ ടെസ്‍ല ഓട്ടോപൈലറ്റ് കാറുകളും പുറത്തിറക്കിയിരുന്നു. ഈ വാഹനങ്ങളൊക്കെ ഇന്ത്യന്‍ നിരത്തിലേക്കെത്തിയാല്‍ വമ്പന്‍ വാഹന വിപ്ലവത്തിനാകും രാജ്യം സാക്ഷ്യം വഹിക്കുക.

Follow Us:
Download App:
  • android
  • ios