മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ആള്‍ട്ടുറാസ് ജി4യുടെ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.  മഹീന്ദ്രയുടെ ദക്ഷിണ കൊറിയന്‍ പങ്കാളിയായ സാങ്‌യോങ്ങുമായുള്ള സഹകരണം കമ്പനി അവസാനിപ്പിക്കുന്നതോടെ ഈ വാഹനവും വിപണിയില്‍ നിന്നും അപ്രത്യക്ഷമാകുമെന്ന് ഗാഡിവാഡി റിപ്പോര്‍ട്ട് ചെയ്യുന്നു. 

സാങ്‌യോങ്ങിന്റെ പ്രീമിയം എസ്‌യുവി റെക്സ്റ്റണിനെയാണ് അള്‍ട്ടുറാസ് എന്ന പേരില്‍ മഹീന്ദ്ര ഇന്ത്യയിൽ പുറത്തിറക്കിയത്. 2016ലെ പാരിസ് ഓട്ടോഷോയിൽ പ്രദർശിപ്പിച്ച എൽഐവി-2 കൺസെപ്റ്റിൽ നിന്നും വികസിപ്പിച്ചിരിക്കുന്ന വാഹനം 2017ലാണ് യുകെ വിപണിയിലെത്തിയത്.  2018  ഫെബ്രുവരിയിൽ നടന്ന ദില്ലി ഓട്ടോ എക്സ്പോയില്‍ പ്രദർശിപ്പിച്ച വാഹനം 2018 നവംബറിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. 

വിദേശത്ത് നിന്നും ഘടകങ്ങള്‍ ഇറക്കുമതി ചെയ്‍ത് മഹീന്ദ്രയുടെ ചകാന്‍ പ്ലാന്റില്‍ നിര്‍മിച്ചാണ് ആള്‍ട്ടുറാസ് ജി4 ഇന്ത്യയില്‍ എത്തുന്നത്. എന്നാല്‍, ഇനി കുറച്ച് യൂണിറ്റുകള്‍ നിര്‍മിക്കാനുള്ള ഉത്പന്നങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും ഇതിനുശേഷം ഉത്പാദനം നിര്‍ത്തിയേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നഷ്ടം ഉണ്ടാക്കുന്ന ദക്ഷിണ കൊറിയൻ എസ്‌യുവി നിർമ്മാതാക്കളിൽ കൂടുതൽ നിക്ഷേപം നടത്തേണ്ടതില്ലെന്ന് മഹീന്ദ്ര തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇനി 500 യൂണിറ്റുകള്‍ നിര്‍മ്മിക്കാനുള്ള ഘടകങ്ങളും മറ്റു വസ്‍തുക്കളും മാത്രമേ മഹീന്ദ്ര പ്ലാന്റില്‍ സ്റ്റോക്കുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് തീരുന്ന മുറയ്ക്ക് വാഹനത്തിന്‍റെ നിര്‍മ്മാണവും നിലയ്ക്കും എന്നാണ് സൂചനകള്‍. 

2020 ഏപ്രിലിലാണ് ആള്‍ട്ടുറാസിന്‍റെ ബിഎസ്6 പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്. ടുവീല്‍ ഡ്രൈവ് ഫോര്‍വീല്‍ ഡ്രൈവ് എന്നീ രണ്ട് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന് 28.69 ലക്ഷവും 31.69 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. ബിഎസ്-4 മോഡലിനെക്കാള്‍ ഒരു ലക്ഷം രൂപയോളം വില കൂടിയിരുന്നു.  2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന്‍റെ ഹൃദയം. 181 പിഎസ് പവറും 420 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിനും നല്‍കുന്നത്. മെഴ്‌സിഡസില്‍ നിന്നെടുത്ത ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.  വെര്‍ട്ടിക്കിള്‍ സ്ലാറ്റ് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഇലക്ട്രിക് സണ്‍റൂഫ്, സില്‍വര്‍ റൂഫ് റെയില്‍, 18 ഇഞ്ച് വലിപ്പമുള്ള അഞ്ച് സ്‌പോക്ക് അലോയി വീല്‍ എന്നിവയാണ് ആള്‍ട്ടുറാസിന്റെ എക്സ്റ്റീരിയറിനെ വേറിട്ടതാക്കുന്നു. 

ഇന്‍റീരിയര്‍ ഫീച്ചര്‍ സമ്പന്മാണ്. നാപ്പ ലെതര്‍ ഫിനീഷിങ്ങിലുള്ള സീറ്റുകളും ഡോര്‍ പാനലുകളും സോഫ്റ്റ് ടച്ച് ഡാഷ്‌ബോര്‍ഡ്, എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എഴ് ഇഞ്ച് വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക് സണ്‍റൂഫ് എന്നിവയാണ് അകത്തെ പ്രധാന പ്രത്യേകതകള്‍. സാങ്യോങ്ങിന്റെ മുസൊ പിക് അപ് ട്രക്കിന് അടിത്തറയാവുന്ന അഡ്വാന്‍സ്ഡ് ഹൈ സ്ട്രെങ്ത് സ്റ്റീല്‍ ബോഡി ഓണ്‍ ഫ്രെയിം പ്ലാറ്റ്ഫോമാണ് പുതിയ എസ് യു വിക്കും മഹീന്ദ്ര ഉപയോഗിക്കുന്നത്. 4,850 mm നീളവും 1,920 mm വീതിയും 1,800 mm ഉയരവുമാണ് G4 റെക്സ്റ്റണ്‍ എന്ന XUV700 ന്. 2,865 mm ആണ് വീല്‍ബേസ്. ഫോര്‍ച്യൂണറിനെക്കാളും 120 mm അധിക വീല്‍ബേസ് XUV700 നുണ്ട്. 18 ഇഞ്ച് വലിപ്പമുള്ള 5 സ്പോക്ക് അലോയി വീലുകളും വലിയ റൂഫ് റെയിലും, ബാക്ക് സ്പോയിലറും എല്‍ഇഡി ടെയ്ല്‍ലാമ്പും അള്‍ട്ടുറാസിനുണ്ട്.

9.2 ഇഞ്ച് എച്ച്ഡി ടച്ച് സ്ക്രീൻ ഇൻഫർടെൻമെന്റ് സിസ്റ്റം, ആൻഡ്രോയ്‍ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, 360 ഡിഗ്രി ക്യാമറ, 7.0 ഇഞ്ച് എൽസിഡി ഇൻട്രുമെന്റ് ക്ലസ്റ്റർ, ശീതികരിക്കാവുന്ന സീറ്റുകള്‍, ലക്ഷ്വറി അപ്ഹോൾസറി. സ്മാർട് ടെയിൽ ഡേറ്റ് എന്നിവയും പുതിയ എസ്‌ യു വിയിലുണ്ട്.  ഒമ്പത് എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിങ്ങനെ സുരക്ഷയുടെ കാര്യത്തിലും മുമ്പിലാണ് അള്‍ട്ടുറാസ്.  ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡവർ തുടങ്ങിയ എസ്‍യുവികളാണ് വാഹനത്തിന്‍റെ എതിരാളികള്‍. 

ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡേവര്‍ എന്നിവര്‍ക്കൊപ്പം ഇസുസു എംയു-എക്‌സ്, മിസ്തുബുഷി പജേറൊ സ്‌പോര്‍ട്ട് തുടങ്ങിയവരും ഇന്ത്യന്‍ നിരത്തുകളില്‍ അല്‍ട്ടുറാസിന്റെ എതിരാളികളാണ്.