അടച്ചിട്ട വാഹന നിർമാണ പ്ലാന്‍റുകളില്‍ വെന്റിലേറ്ററുകള്‍ നിര്‍മിക്കാമെന്നും മഹീന്ദ്ര ഗ്രൂപ്പ് റിസോര്‍ട്ടുകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാക്കാമെന്നും കഴിഞ്ഞ ദിവസമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചത്. പറഞ്ഞ് 48 മണിക്കൂറിനകം അദ്ദേഹം വാക്കു പാലിച്ചു. വാഹനങ്ങള്‍ പിറന്നു വീണിരുന്ന മഹീന്ദ്രയുടെ നിര്‍മ്മാണശാലയില്‍ അതാ വെന്റിലേറ്ററിന്‍റെ മാതൃക റെഡി!

മഹീന്ദ്രയുടെ മഹാരാഷ്ട്രയിലെ കന്‍ഡിവാലി, ഇഗാത്പുരി എന്നീ പ്ലാന്റുകളിലെ ജീവനക്കാര്‍ 48 മണിക്കൂര്‍ നീണ്ട പരീക്ഷണങ്ങള്‍ക്ക് ഒടുവിലാണ്  വെന്റിലേറ്ററിന്റെ മാതൃക തയാറാക്കിയിരിക്കുകയാണ്. ആനന്ദ് മഹീന്ദ്ര തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ അടക്കം അദ്ദേഹം ഈ വിവരം ട്വീറ്റ് ചെയ്യുകയായിരുന്നു.

വെന്റിലേറ്ററിന്റെ നിര്‍മ്മാണ രീതിയെക്കുറിച്ചും വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. ഇന്റര്‍നെറ്റില്‍ നിന്നും മറ്റും വെന്റിലേറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കിയും മറ്റ് വെന്റിലേറ്റര്‍ മാതൃകകള്‍ പരിശോധിച്ചുമാണ് ഈ വെന്റിലേറ്റര്‍ മാതൃക ഒരുക്കിയിരിക്കുന്നതെന്ന് മഹീന്ദ്ര ജീവനക്കാര്‍ പറയുന്നു. 

ഉറക്കം പോലും വേണ്ടെന്നുവെച്ച് 48 മണിക്കൂറുകള്‍ ഫാക്ടറിയില്‍ തന്നെ വെന്റിലേറ്റര്‍ നിര്‍മാണത്തില്‍ മുഴുകിയത് നിങ്ങളുടെ മനുഷ്യത്വത്തിന്റെ തെളിവാണെന്നും നിങ്ങളെ കുറിച്ച് ഓര്‍ത്ത് വളരെ അധികം അഭിമാനിക്കുന്നുവെന്നും വെന്റിലേറ്ററിന്റെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിദഗ്ധ ഉപദേശം തേടുമെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.

നിലവില്‍ മഹാരാഷ്ട്രയിലെ പ്ലാന്റുകള്‍ താത്കാലികമായി ഉത്പാദനം നിര്‍ത്തി വെച്ചിരിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. കൂടാതെ പൂനെ, മുംബൈ, നാഗ്പുര്‍ എന്നിവിടങ്ങളിലെ പ്ലാന്റുകളും അടച്ചിട്ടിരിക്കുകയാണ്.  ജീവനക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതെന്നും രാജ്യത്തുള്ള മറ്റ് ഓഫീസുകളിലുള്ളവര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ടെന്ന് മഹീന്ദ്ര നേരത്തെ വ്യക്തമാക്കിയരുന്നു.