രാജ്യത്തെ വാഹന നിർമാണ രംഗത്തെ പ്രമുഖരാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ജനപ്രിയ വാഹനങ്ങളുടെ ശില്‍പ്പികളായ വണ്ടിക്കമ്പനി. വിലക്കുറവും ഏതൊരു ദുര്‍ഘട സാഹചര്യത്തെയും നേരിടാനുള്ള മികവുമൊക്കെയാണ് മഹീന്ദ്രയുടെ വാഹനങ്ങളെ സാധാരണക്കാരനു പോലും പ്രിയങ്കരമാക്കുന്നത്. ഇപ്പോഴിതാ ഈ കൊറോണക്കാലത്ത് അടിയന്തര ചികിൽസാ യന്ത്രമായ വെന്റിലേറ്റർ ഉണ്ടാക്കാനൊരുങ്ങുകയാണ് മഹീന്ദ്ര.

ഈ വെന്‍റിലേറ്ററിന്‍റെ വിലയാണ് ആരെയും അമ്പരപ്പിക്കുന്നത്. വെറും 7500 രൂപ മാത്രമാണ് ഇതിന്‍റെ ചെലവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിലവില്‍ 10 ലക്ഷം രൂപയെങ്കിലും വെന്‍റിലേറ്റര്‍ ഒന്നിനു വില വരുന്നിടത്താണ് മഹീന്ദ്രയുടെ ഈ നിര്‍ണായക ചുവടുവയ്‍പ് എന്നതാണ് ശ്രദ്ധേയം.

വെന്റിലേറ്റര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് രണ്ടു പദ്ധതികളാണ് മഹീന്ദ്ര പരിഗണിക്കുന്നതെന്ന് കമ്പനി എം ഡി പവന്‍ ഗോയങ്ക വ്യക്തമാക്കി. രണ്ടു പൊതുമേഖലാ കമ്പനികളോടൊപ്പം ബെംഗളൂരു ആസ്ഥാനമായുള്ള വെന്റിലേറ്റര്‍ നിര്‍മാണ കമ്പനിയുമായി ചേര്‍ന്ന് വേഗം നിര്‍മിക്കാന്‍ കഴിയുന്ന ലളിതമായ ഡിസൈന്‍ തയ്യാറാക്കുകയാണ് ഇതിലൊന്ന്.

ഇതിനായി മഹീന്ദ്രയുടെ എന്‍ജിനീയറിങ് വിഭാഗം പ്രവര്‍ത്തിച്ചുവരുന്നതായും അദ്ദേഹം വ്യക്തമാക്കി. പുതിയ ഡിസൈനിലുള്ള വെന്റിലേറ്ററിന് 7,500 രൂപയായിരിക്കും വില വരികയെന്ന് ആനന്ദ് മഹീന്ദ്ര പിന്നീട് ട്വീറ്റ് ചെയ്തു. നിലവിൽ അഞ്ചു മുതല്‍ പത്തുലക്ഷം രൂപയെങ്കിലും വില വരുന്ന ഉപകരണമാണിത്. ആംബു ബാഗ് എന്നറിയപ്പെടുന്ന ബാഗ് വാൽവ് മാസ്ക് വെന്റിലേറ്ററിന്റെ മാതൃക അനുമതിക്ക് സമർപ്പിക്കും. അംഗീകാരം ലഭിച്ചാലുടന്‍ മഹീന്ദ്ര ഇതിന്‍റെ ഉത്പാദനവും തുടങ്ങും.

കമ്പനിയുടെ വാഹന നിർമാണ പ്ലാന്‍റുകകൾ വെന്റിലേറ്റർ ഉണ്ടാക്കാൻ നൽകുമെന്ന് ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര നേരത്തേ പറഞ്ഞിരുന്നു. അടച്ചിട്ട വാഹന നിർമാണ പ്ലാന്‍റുകളില്‍ വെന്റിലേറ്ററുകള്‍ നിര്‍മിക്കാമെന്നും മഹീന്ദ്ര ഗ്രൂപ്പ് റിസോര്‍ട്ടുകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാക്കാമെന്നും പ്രഖ്യാപിച്ച് 48 മണിക്കൂറിനകം വെന്‍റിലേറ്ററിന്‍റെ മാതൃക കമ്പനി ഉണ്ടാക്കിയിരുന്നു. മഹീന്ദ്രയുടെ മഹാരാഷ്ട്രയിലെ കന്‍ഡിവാലി, ഇഗാത്പുരി എന്നീ പ്ലാന്റുകളിലെ ജീവനക്കാര്‍ 48 മണിക്കൂര്‍ നീണ്ട പരീക്ഷണങ്ങള്‍ക്ക് ഒടുവിലാണ്  വെന്റിലേറ്ററിന്റെ മാതൃക തയാറാക്കിയത്.