Asianet News MalayalamAsianet News Malayalam

മഹീന്ദ്രയുടെ ഈ വണ്ടി സ്വന്തമായുണ്ടോ? എങ്കില്‍ കമ്പനി വക കൊറോണ ഇന്‍ഷുറന്‍സ് ഫ്രീ!

ബൊലേറോ പിക്ക്-അപ്പ് ശ്രേണി ഉപഭോക്താക്കള്‍ക്ക് കൊറോണ ഇന്‍ഷുറന്‍സ് പ്ലാന്‍ പ്രഖ്യാപിച്ച്  മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

Mahindra Announces Corona Insurance on Bolero Pick ups Range
Author
Mumbai, First Published Oct 10, 2020, 4:36 PM IST

കൊച്ചി: ബൊലേറോ പിക്ക്-അപ്പ് ശ്രേണി ഉപഭോക്താക്കള്‍ക്ക് കൊറോണ ഇന്‍ഷുറന്‍സ് പ്ലാന്‍ പ്രഖ്യാപിച്ച്  മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര.  ഉല്‍സവ കാല ഓഫറിന്റെ ഭാഗമായാണ് ഈ ആനൂകൂല്യമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സൗജന്യ കൊറോണ ഇന്‍ഷുറന്‍സിനു കീഴില്‍ ഉപഭോക്താവിനും പങ്കാളിക്കും രണ്ടു കുട്ടികള്‍ക്കും ഒരു ലക്ഷം രൂപവരെ കവര്‍ ലഭിക്കും. പുതിയ വാഹനം വാങ്ങുന്ന തീയതി മുതല്‍ 9.5 മാസം വരെയാണ് ഇന്‍ഷുറന്‍സ് കാലാവധി.

 ബൊലോറോ പിക്ക്-അപ്പ്, ബൊലേറോ മാക്‌സി ട്രക്ക്, ബൊലേറോ സിറ്റി പിക്ക്-അപ്പ്, ബൊലേറോ കാമ്പര്‍ എന്നിവയ്‌ക്കെല്ലാം നവംബര്‍ 30വരെ ഈ ഇന്‍ഷുറന്‍സ് ലഭിക്കും. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് മഹീന്ദ്ര കൊറോണ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നത്.

 അത്യാവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും യാത്ര ചെയ്യുന്നവരാണ് പിക്ക്-അപ്പ് ഉപഭോക്താക്കളെന്നും പലവിധ ആളുകളുമായി ബന്ധപ്പെടുന്നത് ഇവര്‍ക്ക് ഒഴിവാക്കാന്‍ പറ്റില്ലെന്നും പിക്ക്-അപ്പ് വിഭാഗത്തിലെ മാര്‍ക്കറ്റ് ലീഡര്‍ എന്ന നിലയില്‍ അവരെ ആദരിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും വെല്ലുവിളിയുടെ ഈ കാലത്ത് അവരുടെ വരുമാനം സൂക്ഷിച്ചുകൊണ്ട് സമാധാനമായി കഴിയാന്‍ പിന്തുണയ്ക്കുന്നതിനാണ് ഇങ്ങനെയൊരു ദൗത്യം ഏറ്റെടുക്കുന്നതെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷന്‍ സെയില്‍സ് ആന്‍ഡ് കസ്റ്റമര്‍ കെയര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് സതീന്ദര്‍ സിങ് ബജ്‌വ പറഞ്ഞു.

കൊറോണ ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ കുടുംബാംഗങ്ങളുടേതുള്‍പ്പെടെയുള്ള എല്ലാ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. കോവിഡ്-19 പൊസിറ്റീവായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചാലും വീട്ടില്‍ ക്വാറന്റൈനായാലും ഡ്രൈവര്‍ക്കും വീട്ടുകാര്‍ക്കും ഇന്‍ഷുറന്‍സ് ഉപയോഗിക്കാം.

Follow Us:
Download App:
  • android
  • ios